Quantcast

പ്രതീക്ഷകള്‍ വീണുടഞ്ഞോ? ഇനി സ്വപ്നങ്ങള്‍ തുലാസില്‍... ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യത ഇങ്ങനെ

കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഈ സീസണില്‍ ബാക്കിയുള്ളത് മൂന്ന് കളികള്‍ മാത്രമാണ്...

MediaOne Logo

Web Desk

  • Updated:

    2022-02-23 16:45:56.0

Published:

23 Feb 2022 4:38 PM GMT

പ്രതീക്ഷകള്‍ വീണുടഞ്ഞോ? ഇനി സ്വപ്നങ്ങള്‍ തുലാസില്‍... ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യത ഇങ്ങനെ
X

ഹൈദരാബാദിനെതിരായ തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളം തോല്‍വി വഴങ്ങിയത്. ഹൈദരബാദിന്‍റെ സൂപ്പർ സ്ട്രൈക്കര്‍ ഒഗ്ബചെയും ഹാവിയർ സിവെരിയോയുമാണ് കേരളത്തിന്‍റെ പ്രതീക്ഷകളെ തച്ചുടച്ചത്. പകരക്കാനായി ഇറങ്ങിയ വിൻസി ബരേറ്റോയാണ് ഇന്‍ജുറി ടൈമിന്‍റെ അവസാന മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തിയ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു.

കേരളത്തിന്‍റെ സാധ്യത

കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഈ സീസണില്‍ ബാക്കിയുള്ളത് മൂന്ന് കളികളാണ്. ശേഷിക്കുന്ന മൂന്ന് കളികളില്‍ ജയത്തില്‍ കുറഞ്ഞ ഒരു പ്രകടനവും ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിക്കില്ല. അല്ലെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലത്തിനായി കേരളത്തിന് കാത്തിരിക്കേണ്ടി വരും. നിലവില്‍ പോയിന്‍റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.

കേരളത്തിനെ സംബന്ധിച്ച മറ്റൊരു പ്രധാന തിരിച്ചടി ഗോള്‍ വ്യത്യാസത്തില്‍ ടീം പിന്നിലാണെന്നതാണ്. വഴങ്ങിയതിനേക്കാള്‍ അഞ്ച് ഗോള്‍ മാത്രമാണ് കേരളം തിരിച്ചടിച്ചിരിക്കുന്നത്. കേരളത്തിന് തൊട്ടുപിറകിലുള്ള ബെംഗലൂരുവിനും തൊട്ടുമുന്‍പുള്ള മുംബൈക്കും കേരളത്തേക്കാള്‍ പോസിറ്റീവ് ഗോള്‍ വ്യത്യാസം ഉണ്ട്. 18 കളികളില്‍ 26 പോയിന്‍റോടെ ആറാം സ്ഥാനത്തു നില്‍ക്കുന്ന ബെംഗലൂരുവും 17 കളികളില്‍ 28 പോയിന്‍റോടെ നാലാം സ്ഥാനത്ത് നില്‍‌ക്കുന്ന മുംബൈ സിറ്റിയുമാണ് കേരളത്തിന്‍റെ ഭീഷണി.

ബ്ലാസ്റ്റേഴ്സിന് ഇനി കളി ബാക്കിയുള്ളത് ചെന്നൈ, ഗോവ, മുംബൈ എന്നീ ടീമുകളുമായാണ്. മുബൈയുമായുള്ള മത്സരത്തില്‍ ജയിക്കുകയും ഗോവ, ചെന്നൈ ടീമുകളുമായി മികച്ച ഗോള്‍ വ്യത്യാസത്തില്‍ ജയിക്കുകയും വേണം കേരളത്തിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍.

31 പോയിന്‍റുമായി ജംഷഡ്പൂരും 30 പോയിന്‍റുമായി മോഹന്‍ ബഗാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇവര്‍ക്ക് പുറമേ നാലാം സ്ഥാനത്തുള്ള മുബൈ സിറ്റിയും അഞ്ചാമതുള്ള കേരള ബ്ലാസ്റ്റേഴ്സും ആറാമതുള്ള ബെഗളൂരുവുമാണ് പ്ലേ ഓഫിലേക്ക് കണ്ണുവെക്കുന്നത്..


TAGS :

Next Story