Quantcast

ജോലി ഭാരം കൂടുന്നു; സമരം നടത്തുമെന്ന ഭീഷണി മുഴക്കി ഫുട്ബോൾ താരങ്ങൾ

MediaOne Logo

Sports Desk

  • Updated:

    2024-09-20 11:29:09.0

Published:

20 Sep 2024 11:24 AM GMT

ജോലി ഭാരം കൂടുന്നു; സമരം നടത്തുമെന്ന ഭീഷണി മുഴക്കി ഫുട്ബോൾ താരങ്ങൾ
X

നിയന്ത്രിതമായ ചൂഷണങ്ങൾ നടത്തുമ്പോൾ അതിനെതിരെ ഉയരേണ്ട പ്രതികരണങ്ങളെക്കുറിച്ച് കാൾ മാർക്സ്പറഞ്ഞിട്ടുണ്ട്. വർത്തമാന ഫുട്ബോളിലും സംഭവിക്കുന്നത് അതാണ്. ‘‘ഞങ്ങൾ ഒരു സമരത്തിന്റെ വക്കിലാണ്. ഞങ്ങൾക്കിതല്ലാതെ മറ്റൊരു മാർഗവുമില്ല. എല്ലാ കളിക്കാരുടെയും അഭിപ്രായം ഇതുതന്നെയാണ്’’ - ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനുമായുള്ള മത്സരത്തിന് മുമ്പായി മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം റോഡ്രി പറഞ്ഞ് ഇങ്ങനെയാണ്. എന്തുകൊണ്ടാണ് റോഡ്രി ഇങ്ങനെ പറയുന്നത്. പരിശോധിക്കാം.

ഒരു സീസണിൽ 55 മത്സരങ്ങളിലധികം കളിക്കുന്നത് താരങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കളിക്കാരുടെ സംഘടനയായ ഫിഫ് പ്രോ നിർദേശിച്ചിരുന്നു. താരങ്ങളുടെ ജോലിഭാരം പരിശോധിക്കുന്നതിനായി കൃത്യമായ ഡാറ്റകൾ ഉപയോഗിച്ചുള്ള പഠനം ഫിഫ് പ്രോ നടത്തിയിട്ടുണ്ട്.


ഇത് പ്രകാരം 2023-24 സീസണിൽ ഏറ്റവുമധികം മത്സരം കളിച്ചത് അർജന്റീനയുടെ മാഞ്ചസ്റ്റർ സിറ്റി താരം ഹൂലിയൻ അൽവാരസാണ്. സിറ്റിയുടെഫിൽഫോഡനും ലിവർപൂളിന്റെ ലൂയിസ് ഡയസും തൊട്ടുപിന്നിലുണ്ട്. ഈ ലിസ്റ്റിലുള്ള താരങ്ങളിൽ ഏറെപ്പേരും പ്രീമിയർ ലീഗിൽ നിന്നുള്ളവരാണെന്ന് കാണാനാകും. എന്നാൽ കൂടുതൽ മത്സരങ്ങൾ കളിച്ചവരേക്കാൾ ഗ്രൗണ്ടിൽ കൂടുതൽ സമയം ചെലവിട്ടത് മറ്റുതാരങ്ങളാകാം. ഉദാഹരണമായി അൽവാരസ് 5364 മിനുറ്റാണ് കളിച്ചതെങ്കിൽ വാൻഡൈക് 6293 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സബ്സ്റ്റിറ്റ്യൂഷൻ കാരണമുള്ള വ്യതിയാനങ്ങളാകാം ഈ വൈരുധ്യത്തിന് കാരണം.


നിങ്ങൾ ഈ ഗ്രാഫിലേക്ക് നോക്കൂ.. ഈ ഗ്രാഫിൽ നീല നിറത്തിൽ കാണിക്കുന്നത് ക്ലബിനായി കളിച്ച മിനുറ്റുകളും പച്ച നിറത്തിൽ കാണിക്കുന്നത് ദേശീയ ടീമിനായി കളിച്ച മിനുറ്റുകളുമാണ്. 24 വയസ്സിൽ റൊണാൾഡീന്യോ ക്ലബിനും രാജ്യത്തിനുമായി 11,856 മിനുറ്റുകളാണ് കളിച്ചത്. എന്നാൽ നെയ്മർ അതേ പ്രായത്തിൽ 32,543 മിനുറ്റുകൾ കളിച്ചിരിക്കുന്നു. ഇത് ബ്രസീലിന്റെ മാത്രം കാര്യമല്ല.


ഡേവിഡ് ബെക്കാം 21 വയസ്സിൽ 54കളികളിൽ മാത്രമാണിറങ്ങിയത്. അതേ സമയം ഇതേ പ്രായത്തിൽ ജൂഡ് ബെല്ലിങ്ഹാം 251 മത്സരങ്ങളിൽ കളത്തിലിറങ്ങി. കാലം കൂടുന്നതിനനുസരിച്ച് ചെറുപ്രായത്തിൽ തന്നെ വർക്ക് ലോഡ് കൂടി വരുന്നതായി കാണാം. ചെറുപ്രായത്തിലേ ജോലി ഭാരം കൂടുന്നത് താരങ്ങളുടെ പെർഫോമൻസിനെയും കരിയറിനെയും സാരമായി ബാധിക്കുന്നു. ഇതിലൂടെ മുൻകാലതാരങ്ങളെപ്പോലെ പുതുതലമുറ താരങ്ങൾക്ക് ദീർഘകാല കരിയറിന് സാധിക്കില്ലെന്ന് കൂടി നമ്മൾ മനസ്സിലാക്കണം.

കളിക്കാരുടെ ജോലിഭാരം കൂടുന്നതിൽ വിമർശനങ്ങൾ നിലനിൽക്കെയാണ് പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് പ്രകാരം മത്സരങ്ങൾ വർധിപ്പിച്ചത്. ഇതിനെക്കൂടാതെ പുതിയ ഫോർമാറ്റിൽ ക്ലബ് ലോകകപ്പ് കൂടി ഫിഫ ആരംഭിക്കാനിരിക്കുകയാണ്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് റോഡ്രി പറയുന്നത് തികച്ചും ന്യായമാണ്. ഈ വിഷയത്തിൽ താരം ഒറ്റക്കല്ല. ലിവർപൂളിന്റെ ബ്രസീലിയർ ഗോൾകീപ്പർ അലിസൺ ബെക്കറും വർക്ക് ലോഡിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിലെ മാറ്റങ്ങളിൽ കളിക്കാരുടെ അഭിപ്രായം തേടിയില്ലെന്നാണ് അലിസൺ പറഞ്ഞത്. മത്സര കലണ്ടർ തയാറാക്കുമ്പോൾ കളിക്കാർ ഉൾപ്പെടെ എല്ലാവരുടെ ഭാഗങ്ങളും കേൾക്കണമായിരുന്നുവെന്നും ഞങ്ങൾ മണ്ടൻമാരാണെന്ന് കരുതേണ്ടതില്ലെന്നും അലിസൺ കൂട്ടിച്ചേർത്തു. റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോയും റോഡ്രിയെ പിന്തുണച്ച് രംഗത്തെത്തി.

മുൻ ലിവർപൂൾ കോച്ചായ യുർഗാൻ ക്ലോപ്പ് കളിക്കാരുടെ ജോലിഭാരത്തെക്കുറിച്ച് മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. ‘‘പ്രീമിയർലീഗിലെ കളിക്കാർക്ക് വിശ്രമമില്ലാതെ മത്സരിക്കേണ്ടി വരുന്നത് കൊണ്ട് കൂടിയാണ് അവർ യൂറോപ്യൻ മത്സരങ്ങളിൽ പരാജയപ്പെടുന്നത്. ആരെങ്കിലും അവരെയും കേൾക്കണം. ഫുട്ബോളിനെ സ്നേഹിക്കേണ്ടത് കളിക്കാരെ ഊറ്റിയെടുത്തല്ല. പടിയിറങ്ങുന്ന ഒരു വയോധികന്റെ ഒരു ചെറിയ ഉപദേശം മാത്രമാണിത്’’ -ക്ലോപ്പ് പറഞ്ഞതിങ്ങനെയായിരുന്നു.

ഫുൾബോൾ താരങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മകളായ ഇംഗ്ലീഷ് പ്രൊഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷനും ഫിഫ് പ്രോയും ഫിഫക്കെതിരെ ജൂണിൽ നിയമനടപടികൾ തുടങ്ങിയിരുന്നു. ഫുട്ബോളിലെ അന്താരാഷ്ട്ര മത്സര കലണ്ടർ ഫിഫ ഏകപക്ഷീമായി ഒരുക്കുന്നതിനെയായിരുന്നു ഇത്.

സമരം എന്നത് അത്ര വേഗത്തിൽ സംഭവിക്കുമെന്നോ അത് എളുപ്പമാണെന്നോ അല്ല പറഞ്ഞുവരുന്നത്. പക്ഷേ അത്തരം ചർച്ചകൾ അന്തരീക്ഷത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചെന്ന് മാത്രം. ഫുട്ബോൾ താരങ്ങൾ സമരത്തിന് ഒരുങ്ങുന്നത് അസംഭവ്യമാണെന്ന് കരുതേണ്ട. 2001ൽ ഇംഗ്ഗീഷ് ഫുട്ബോൾ താരങ്ങൾ സമരത്തിന്റെ വക്കോളമെത്തിയിരുന്നു. അന്ന് സംഭവിച്ചതിങ്ങനെ: ടിവി ബ്രോഡ്കാസ്റ്റിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും അഞ്ച് ശതമാനം തുക വേണമെന്ന് പ്രൊഫഷണൽ ഫുട്ബോഴേ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. പക്ഷേ ഇംഗ്ലീഷ് ഫുട്ബോൾ അധികൃതകർ അതിന് സമ്മതം മൂളിയില്ല. ഒടുവിൽ ഇംഗ്ലീഷ് ലീഗുകളിലെ 99 ശതമാനം കളിക്കാരും മത്സരങ്ങൾ ബഹിഷ്കരിക്കാമെന്ന തീരുമാനത്തെ പിന്തുണച്ചു. അലക്സ് ഫെർഗൂസൺ അടക്കമുള്ള മാനേജർമാരുടെ പിന്തുണയും അതിനുണ്ടായിരുന്നു. ഡിസംബർ 1 എന്ന തീയ്യതിയും അതിനായി പ്രഖ്യാപിച്ചു. ഒടുവിൽ മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷം പണം അധികരിപ്പിച്ചു നൽകാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.

പ്രീസീസൺ മത്സരങ്ങൾക്കും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായും അതിദീർഘമായ യാത്രകൾ താരങ്ങൾ ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം കടുത്ത സമ്മർദ്ധമുള്ള ലീഗ് മത്സരങ്ങളും കളിക്കണം. ഇതിനെല്ലാം പുറമേ അന്താരാഷ്ട്ര മത്സരങ്ങളിലും ബൂട്ട് കെട്ടണം. താരങ്ങൾക്ക് മേലുള്ള സമ്മർദ്ദം ഊഹിക്കാവുന്നതേയുള്ളൂ. കൂടാതെ ഓരോ ദിവസവും കടുത്ത ട്രെയ്നിങ് സെഷനുകളും അറ്റൻഡ് ചെയ്യണം. ഇഎഫ്.കപ്പ്, കാർബാവോ കപ്പ് എന്നിവ കൂടി കളിക്കുന്ന ഇംഗ്ലീഷ് ടീമുകൾക്ക് ജോലി ഭാരം പിന്നെയും കൂടും. ഇത് ശാരീരിക അവശതകൾക്കും മാനസികാരോഗ്യത്തിനും കാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ കുടുംബവുമായി സമയം ചെലവിടുന്നതിലും സ്വകാര്യ സമയങ്ങൾ കണ്ടെത്തുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്നു. താരങ്ങളുടെ ശബ്ദം കേട്ടില്ലെങ്കിൽ വരാനിരിക്കുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കുന്നതാകും. ഉറപ്പ്.


TAGS :

Next Story