ലൗട്ടാരോ മാർട്ടിനസ് ഗോളിൽ അർജന്റീന; സമനില കുരുക്ക് അഴിയാതെ ബ്രസീൽ
മെസ്സിയുടെ അസിസ്റ്റിൽ ലൗട്ടാരോ മാർട്ടിനസാണ് വിജയ ഗോൾ നേടിയത്.
മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലയണൽ മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. മെസിയുടെ അസിസ്റ്റിൽ യുവതാരം ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. രാജ്യാന്തര തലത്തിൽ കൂടുതൽ അസിസ്റ്റ് എന്ന നേട്ടവും താരം സ്വന്തമാക്കി.
അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിലെ 55-ാം മിനിറ്റിൽ മികച്ചൊരു വോളിയിലൂടെയാണ് ലൗട്ടാരോ മാർട്ടിനസ് വല കുലുക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അർജന്റീനയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തുന്നത്. ജയത്തോടെ പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാംസ്ഥാനം നിലനിർത്തി.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് വീണ്ടും സമനില. യുറുഗ്വെക്കെതിരായ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ഉറുഗ്വെക്കായി ഫെഡറിക്കോ വാൽവെർഡെ(55)ലീഡെടുത്തു. എന്നാൽ ഗെർസന്റെ തകർപ്പൻ ഷോട്ടിൽ(62) കാനറികൾ സമനിലപിടിച്ചു. ബ്രസീലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ വഴങ്ങുന്ന തുടർച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തിൽ വെനസ്വേലയും ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു. 12 മത്സരങ്ങളിൽ 18 പോയിന്റുള്ള ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
Adjust Story Font
16