ലോകകപ്പ് യോഗ്യതാ റൗണ്ട്: ഖത്തറിനോട് തോറ്റ് ഇന്ത്യ
ആദ്യ പകുതിയില്‍ തുടക്കത്തില്‍ വഴങ്ങിയ ഗോളൊഴിച്ചാല്‍ ഖത്തര്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് നില്‍ക്കാനായത് ഇന്ത്യക്ക് നേട്ടമായി
ഭുവനേശ്വർ: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ ഖത്തര്‍ തോൽപിച്ചത്. മൂന്നിൽ ഒതുങ്ങിയത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോൾകീപ്പറും അവസരത്തിനൊത്ത് ഉയർന്നതോടെയാണ്.
ആദ്യ പകുതിയില്‍ തുടക്കത്തില്‍ വഴങ്ങിയ ഗോളൊഴിച്ചാല്‍ ഖത്തര്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് നില്‍ക്കാനായത് ഇന്ത്യക്ക് നേട്ടമായി. എന്നാല്‍ അല്‍പായുസെ ഉണ്ടായിരന്നുള്ളൂ.
കൗണ്ടർ അറ്റാക്കിലൂടെയും മറ്റുമായി ഖത്തർ ഗോൾ മുഖത്ത് ഇന്ത്യ എത്തിയെങ്കിലും ഒന്നും വലക്കുള്ളിലേക്ക് എത്തിയില്ല. മുസ്തഫ താരീഖ് മസ്ഹൽ, അല്‍മോയെസ് അലി, യൂസുഫ് അബ്ദുറിസാഖ് എന്നിവരാണ് ഖത്തറിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശം വെച്ചത് ഖത്തറായിരുന്നു. 12 കോർണറുകൾ ഖത്തറിന് ലഭിച്ചപ്പോൾ ഇന്ത്യക്ക് നേടാനായത് വെറും മൂന്നെണ്ണം.
ഖത്തറിനെ ഗോളടിപ്പിക്കാതെ നോക്കുക എന്നതായിരുന്നു ഇഗോർ സ്റ്റിമാച്ചിന്റെ തന്ത്രം. പ്രതിരോധത്തിന് മുൻതൂക്കം കൊടുത്തായിരുന്നു സ്റ്റിമാച്ച് ആദ്യ ഇലവനെ ഇറക്കിയത്. എന്നാൽ നാലാം മിനുറ്റിൽ തന്നെ ഖത്തർ ഇന്ത്യൻ വലകുലുക്കി. കോർണർകിക്കിൽ നിന്ന് വന്ന പന്താണ് കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോളായത്.
തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി സ്‌കോര്‍ ചെയ്തത്. അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 86-ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ അവസാന ഗോള്‍ പിറന്നത്.
കുവൈത്തിനെ അവരുടെ നാട്ടിൽതോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഖത്തറിനെ നേരിട്ടത്. എന്നാൽ ഫിഫ റാങ്കിങിൽ തങ്ങളെക്കാൾ മുന്നിലുളള ഖത്തറിനെ പൂട്ടാൻ ഛേത്രിക്കും സംഘത്തിനും കഴിഞ്ഞില്ല. തോറ്റെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ത്യക്ക് ഇനിയും അവസരങ്ങളുണ്ട്.
Adjust Story Font
16