''കരുതിയിരുന്നോളൂ''; റയലിനെ വെല്ലുവിളിച്ച് ഗാര്‍ഡിയോള
''ഞങ്ങൾ വരുന്നുണ്ട്, റയലിനെ മറികടന്നിരിക്കും"
ഇസ്താംബൂള്‍: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിന് പിറകേ റയൽ മാഡ്രിഡിന് താക്കീതുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. ചാമ്പ്യൻസ് ലീഗിൽ റയലിന്റെ റെക്കോർഡുകൾ അതിവിദൂര ഭാവിയിൽ തന്നെ സിറ്റി തകർക്കുമെന്ന് ഗാർഡിയോള പറഞ്ഞു.
''റയൽ മാഡ്രിഡ് കരുതിയിരുന്നോളൂ.. ഞങ്ങൾ ചിലപ്പോൾ 13 കിരീടങ്ങൾ അകലെയായിരിക്കാം, പക്ഷെ നിങ്ങളുടെ റെക്കോർഡുകൾ ഒരിക്കൽ പഴങ്കഥയാവും. ഞങ്ങൾ വരുന്നുണ്ട്.. ഒരൽപ്പം നിങ്ങൾ മയങ്ങിപ്പോയാൽ ഞങ്ങൾ നിങ്ങളെ മറികടന്നിരിക്കും- ഗാർഡിയോള പറഞ്ഞു. ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് ഗാർഡിയോളയുടെ പ്രതികരണം.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം ചൂടിയ ടീമാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. 14 കിരീടങ്ങളാണ് റയലിന്റെ ഷോക്കേസിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള എ.സി മിലാൻ ബഹുദൂരം പിറകിലാണ്. ഏഴ് തവണയാണ് മിലാന്‍ കിരീടത്തിൽ മുത്തമിട്ടത്. ആറ് കിരീടം വീതമുള്ള ബയേൺ മ്യൂണിക്കും ലിവർപൂളുമാണ് മൂന്നാം സ്ഥാനത്ത്.
ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍ മിലാനെ തകര്‍ത്തെറിഞ്ഞാണ് യുവേഫ ചാമ്പ്യൻസ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കന്നിക്കിരീടം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ഇംഗ്ലണ്ടില്‍ ട്രബിള്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ സിറ്റി സ്വന്തമാക്കി. സീസണില്‍ പ്രീമീയര്‍ ലീഗ് കിരീടവും എഫ്.എ കപ്പും സിറ്റി നേരത്തേ നേടിയിരുന്നു.
യൂറോപ്യന്‍ ലീഗുകകളില്‍ കിരീടം നേടുന്ന ആറാമത് ഇംഗ്ലീഷ് ടീം എന്ന നേട്ടവും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ആസ്റ്റണ്‍ വില്ല, ചെല്‍സി എഫ് സി, ലിവര്‍പൂള്‍ എഫ് സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നോട്ടിംഗ്ഹാം ഫോറസ്റ്റ് എന്നീ ടീമുകളാണ് മുമ്പ് ഇംഗ്ലണ്ടില്‍ നിന്ന് യൂറോപ്യന്‍ ചാമ്പ്യന്മാരായത്. .
മാനേജര്‍ എന്ന നിലയില്‍ പെപ് ഗ്വാര്‍ഡിയോള യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നത് ഇത് മൂന്നാം തവണയാണ്. എഫ് സി ബാഴ്‌സലോണയ്ക്ക് ഒപ്പം രണ്ട് തവണ ( 2008 - 2009, 2010 - 2011 ) ഗ്വാര്‍ഡിയോള ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തം ആക്കിയിരുന്നു.
ഫൈനലിൽ ഇന്‍റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ആദ്യ പകുതിയിൽ മികച്ച തുടക്കമായിരുന്നില്ല സിറ്റിക്ക് ലഭിച്ചത്. ഇന്റർ മിലാൻ കൃത്യമായി സിറ്റിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു.26-ാം മിനുറ്റിൽ ഏർലിങ് ഹാളണ്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും ഇന്റർ ഗോൾ കീപ്പർ ഒനാന തട്ടിയകറ്റി. സൂപ്പർ താരം ഡിബ്രൂയിൻ പരിക്ക് പറ്റി 35-ാം മിനുറ്റിൽ കളംവിട്ടതും ആദ്യ പകുതിയിൽ ടീമിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ ഇന്ററിനെ മുന്നിലെത്തിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ലൗട്ടാരോ മാർട്ടിനെസിനു പിഴച്ചു. ഇതിന്റെ വില ഇന്റർ മിലാൻ അറിഞ്ഞത് കളിയുടെ 68-ാം മിനിറ്റിലാണ്. സ്പാനിഷ് താരം റോഡ്രിയാണ് ഇന്റർ വല കുലുക്കിയത്. പിന്നീട് ഒപ്പമെത്താൻ അവർ കിണഞ്ഞു ശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധ വലയം ഭേദിക്കാനായില്ല.
Adjust Story Font
16