'ഇന്ത്യൻ നിരയിൽ അയാളില്ലല്ലോ, സമാധാനം'- ജോഷ് ഹേസൽവുഡ്
'അയാളുടെ വിക്കറ്റെടുക്കാന്‍ ഞങ്ങള്‍ ഏറെ പണിപ്പെടാറുണ്ട്'
ക്രിക്കറ്റ് ലോകം ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ ചൂടിലേക്ക് കടക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശത്തിന് ഏറെ നിർണായകമായ പരമ്പര ഇന്ത്യൻ ആരാധകർ ഏറെ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത്. പരമ്പരയിലെ നാല് മത്സരങ്ങൾ ജയിച്ചാൽ മറ്റ് ടീമുകളുടെ ഫലം നോക്കാതെ തന്നെ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ മറ്റു ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.
സ്വന്തം മണ്ണിൽ കിവീസിനോട് പരമ്പര തോറ്റതിന്റെ ആഘാതത്തിലാണ് ഇന്ത്യൻ നിര ഓസീസ് മണ്ണിൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ നിരയിൽ ചേതേശ്വർ പുജാരയുടെ അസാന്നിധ്യം തങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ടെന്ന് ഓസീസ് പേസ് ബോളർ ജോഷ് ഹേസൽവുഡ് പ്രതികരിച്ചു.
''ക്രീസിൽ ഏറെ സമയം ചിലവഴിക്കുന്ന ചേതേശ്വർ പുജാര ഇന്ത്യൻ നിരയിൽ ഇല്ല എന്നത് ഞങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ ടൂറിൽ ഓസീസ് മണ്ണിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാൻ ഞങ്ങൾ ഏറെ പണിപ്പെടാറുണ്ട്. പുജാര മാത്രമല്ല. ഇന്ത്യൻ നിരയിൽ നിരവധി പ്രതിഭകളുണ്ട്. അതിനാൽ തന്നെ ഈ ടീമിനെതിരെ കളിക്കുമ്പോൾ നല്ല സമ്മർദമുണ്ടാവാറുണ്ട്''- ഹേസൽവുഡ് പ്രതികരിച്ചു.
ഓസീസ് മണ്ണിൽ വലിയ റെക്കോർഡുകൾ ഉള്ള കളിക്കാരനാണ് പുജാര. 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 47 ശരാശരിയിൽ 993 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 2018-19 ൽ അരങ്ങേറിയ പരമ്പരയിൽ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് പുജാരയായിരുന്നു. അന്ന് മൂന്ന് സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറികളും താരം തന്റെ പേരിൽ കുറിച്ചിരുന്നു.
Adjust Story Font
16