ജോർദാൻ- ബട്‍ലര്‍ ഷോ ; ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ
ക്രിസ് ജോര്‍ദാന് ഹാട്രിക്ക്
ബാര്‍ബഡോസ്: ഹാട്രിക്കുമായി കളംനിറഞ്ഞ ക്രിസ് ജോർദാന്റെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ജോസ് ബട്‌ലറുടേയും മികവിൽ അമേരിക്കയെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ . പത്ത് വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് നിലവിലെ ചാമ്പ്യന്മാർ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. യു.എസ് ഉയർത്തിയ 116 റൺസ് വിജയ ലക്ഷ്യം വെറും പത്തോവറിൽ ഇംഗ്ലണ്ട് മറികടന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ക്രിസ് ജോർദാന്റേയും രണ്ട് വിക്കറ്റ് വീതം നേടിയ സാം കറന്റേയും ആദിൽ റാഷിദിന്റേയും മിന്നും പ്രകടനങ്ങളുടെ മികവിലാണ് ഇംഗ്ലണ്ട് അമേരിക്കയെ ചുരുട്ടിക്കെട്ടിയത്. മത്സരത്തിലെ 19ാം ഓവറിലാണ് ജോർദാൻ ഹാട്രിക്ക് കുറിച്ചത്. മൂന്നാം പന്തിൽ അലി ഖാന്റെ കുറ്റി തെറിപ്പിച്ച ജോർദാൻ നാലാം പന്തിൽ നൗതുഷ് കെഞ്ചിഗെയെ വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത പന്തിൽ നെത്രാവൽക്കറെ ബൗൾഡാക്കി. ഇതേ ഓവറിലെ ആദ്യ പന്തില്‍ കോറി ആന്‍ഡേഴ്സണേയും ജോര്‍ദാന്‍ കൂടാരം കയറ്റിയിരുന്നു. 30 റൺസെടുത്ത നിതീഷ് കുമാറാണ് അമേരിക്കൻ നിരയിലെ ടോപ് സ്‌കോറർ.
മറുപടി ബാറ്റിങ്ങിൽ ഒരിക്കൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്താൻ അമേരിക്കക്കായില്ല. 38 പന്ത് നേരിട്ട ബട്‌ലർ ഏഴ് സിക്‌സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയിൽ 83 റൺസ് അടിച്ചെടുത്തപ്പോൾ ഫിൽ സാൾട്ട് 25 റൺസുമായി ഇംഗ്ലീഷ് നായകന് മികച്ച പിന്തുണ നൽകി.
Adjust Story Font
16