Quantcast

വനവാസ കാലം കഴിഞ്ഞു, ഇനി കോഹ്ലിക്ക് കിരീടധാരണം; ലോകകപ്പിന് റണ്‍മെഷീന്‍ തയ്യാര്‍

ഏഷ്യാ കപ്പെന്ന അഗ്‌നിപരീക്ഷയിൽ വിരാട് കോഹ്ലി വിജയിച്ചിരിക്കുന്നു, നീണ്ട റൺവറുതിയുടെ നാളുകൾ നമുക്കിനി മറവിക്ക് വിടാം...

MediaOne Logo

Web Desk

  • Updated:

    2022-09-09 05:14:22.0

Published:

9 Sep 2022 5:09 AM GMT

വനവാസ കാലം കഴിഞ്ഞു, ഇനി കോഹ്ലിക്ക് കിരീടധാരണം; ലോകകപ്പിന് റണ്‍മെഷീന്‍ തയ്യാര്‍
X

കോഹ്‍ലി... കോഹ്‍ലി... തൊണ്ടപൊട്ടി വിരാടിന് വേണ്ടി അലറിയ ആരാധകരെ നിങ്ങള്‍ കണ്‍നിറയെ കണ്ടോളൂ, ഇന്ത്യയുടെ റണ്മെഷീന്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്നു ഇന്നലെ ആ മനുഷ്യനെന്ന് വ്യക്തം. വീണ്ടുമൊരു കോഹ്‍ലിയുടെ സെഞ്ച്വറിക്കാലത്തിനായി കാത്തിരുന്നവരുടെ മനസിലേക്ക് 94 ല്‍ നിന്നൊരു സിക്സര്‍. ഇത്രയും കോണ്‍ഫിഡന്‍സില്‍ കോഹ്‍ലി കരിയറില്‍ ഇതിനുമുമ്പ് സെഞ്ച്വറിയിലേക്ക് സിക്സര്‍ പായിച്ചിട്ടുണ്ടോയെന്ന് ആരാധകര്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല.

ഏഷ്യാ കപ്പ് വിരാട് കോഹ്‍ലിക്കൊരു അഗ്നിപരീക്ഷ തന്നെയായിരുന്നു. 1021 ദിവസങ്ങളും 84 ഇന്നിങ്സകളും നീണ്ട കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ടാണ് കോഹ്‍ലി മൂന്നക്കമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടത്. അഫ്ഗാന്‍ ബൌളർമാരെ തലങ്ങും വിലങ്ങും തല്ലിയ കോഹ്ലി 12 ബൌണ്ടറിയും ആറ് സിക്സറുകളുമടക്കം 61 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നു.


അന്താരാഷ്ട്ര ടി20 യിലെ കോഹ്‍ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ കോഹ്‌ലി രാജ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. 71 സെഞ്ച്വറികളുമായി ഇരുവരും രണ്ടാം സ്ഥാനത്താണ്. സെഞ്ച്വറികളുടെ എണ്ണത്തിൽ സെഞ്ച്വറി നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ മാത്രമാണ് ഇനി കോഹ്‍ലിക്ക് മുന്നിലുള്ളത്. 29 സെഞ്ച്വറികള്‍ കൂടി നേടിയാല്‍ കോഹ്ലി സച്ചിനൊപ്പമെത്തും.

664 മത്സരങ്ങളിൽനിന്നാണ് സച്ചിന്‍ 100 സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയത്. പോണ്ടിങ്ങ് ആകട്ടെ 560 മത്സരങ്ങളില്‍ നിന്നാണ് 71 സെഞ്ച്വറികളിലേക്കെത്തിയത്. എന്നാൽ കോഹ്‍ലിക്ക് വെറും 468 മത്സരങ്ങള്‍ മാത്രമേ എടുത്തുള്ളൂ 71 സെഞ്ച്വറിയിലേക്കെത്താന്‍.


കോഹ്‌ലിയുടെ ഫോമില്ലായ്മയെ വിമര്‍ശിച്ച് നിരവധി മുന്‍ താരങ്ങളാണ് നേരത്തെ എത്തിയിരുന്നത്. ട്വന്‍റി20 ലോകകപ്പ് പടിവതില്‍ക്കലെത്തിനില്‍ക്കെ കോഹ്‍ലി ലോകകപ്പിനുണ്ടാകുമോയെന്ന് പോലും ആശങ്കകളുയര്‍ന്നു. എന്നാല്‍ എല്ലാ വിധിയെഴുത്തുകളെയെല്ലാം അടിച്ച് ബൌണ്ടറി കടത്തി കോഹ്‍ലി രാജകീയമായി തിരിച്ചെത്തിയിരിക്കുകയാണ്.

കോഹ്‍ലിയുടെ തിരിച്ചുവരവിനെ സോഷ്യല്‍ മീഡിയ ആഘോഷാക്കിയിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സറ്റഗ്രാമിലും എല്ലാം കോഹ്ലി തന്നെയാണ് താരം. 'ഹീ ഈസ് ബാക്ക്' എന്ന ഹാഷ്ടാഗിലാണ് കോഹ്ലി ട്രെന്ഡിങായത്.

ഈ ഏഷ്യാ കപ്പിലെ ലീഡിങ് റണ്‍സ്കോററും കോഹ്ലി തന്നെയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നായി 92 റണ്‍സ് ആവറേജില്‍ 276 റണ്‍സാണ് കോഹ്‍ലി സ്വന്തം പേരില്‍ കുറിച്ചത്. രണ്ട് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.

പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ നിർണായകമായ 35, ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിൽ വിലപ്പെട്ട 59, പാകിസ്താനെതിരായ ത്രില്ലർ പോരാട്ടത്തിൽ 60 എന്ന ടോപ്‌സ്‌കോർ. ഒടുവിൽ എല്ലാം തികഞ്ഞൊരു 122ന്റെ മനോഹരമായ ക്ലാസിക്ക് ഇന്നിങ്‌സും.

ടി20യിൽ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന സ്‌കോറെന്ന നേട്ടവും കോഹ്ലി കഴിഞ്ഞ ഇന്നിങ്സോടെ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 24,000 റണ്‍സെന്ന നാഴികക്കല്ലും കോഹ്ല‍ി താണ്ടി.

ഈ സെഞ്ച്വറി അനുഷ്കക്കും കുഞ്ഞുവാമികയ്കും

മൂന്നു വർഷം നീണ്ട കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച ആ സ്വപ്‌നസമാനമായ ഇന്നിങ്‌സ് പ്രിയ പങ്കാളി അനുഷ്‌കയ്ക്കും കുഞ്ഞുസുന്ദരി വാമികയ്ക്കും സമർപ്പിക്കുകയാണെന്ന് വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞു. അനുഷ്‌ക കാരണമാണ് താനിപ്പോൾ ഇവിടെ നിൽക്കുന്നതെന്നു പറഞ്ഞ കോഹ്‍ലി കഴിഞ്ഞ രണ്ടര വർഷം കൊണ്ട് താന്‍ ഒരുപാട് പഠിച്ചെന്നും തുറന്നുപറഞ്ഞു. ടീം വളരെ തുറന്നായിരുന്നു എന്നോട് പെറുമാറിയത്, ഏറെ സഹായവും നൽകിയിട്ടുണ്ട്. പുറത്ത് പലതും നടക്കുന്നുണ്ടെന്ന് എനിക്ക് അറിയാം - കോഹ്ലി കൂട്ടിച്ചേര്‍ത്തു.

സെഞ്ച്വറിക്കുശേഷം മോതിരത്തിൽ മുത്തമിട്ടതിന്‍റെ കോഹ്ലി കാരണവും വെളിപ്പെടുത്തി. 'ഒരേയൊരാൾ കാരണമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. അത് അനുഷ്‌കയാണ്. ഈ സെഞ്ച്വറി അവൾക്കും ഞങ്ങളുടെ പ്രിയപ്പെട്ട മകൾ വാമികയ്ക്കുമാണ്. പരസ്പരം സംസാരിച്ച് കൂടെനിൽക്കാൻ അനുഷ്‌കയെപ്പോലെ ഒരാൾ ഉള്ളപ്പോൾ എനിക്ക് ഒരു നിരാശയുമുണ്ടായിരുന്നില്ല. ആ ആറുമാസത്തെ അവധി എനിക്ക് ശരിക്കുമൊരു നവോന്മേഷമായിരുന്നു. എത്രമാത്രം ക്ഷീണിതനാണ് ഞാനെന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. ആ ഇടവേളയാണ് ഒരിക്കൽകൂടി ആസ്വദിച്ചുകളിക്കാൻ എനിക്ക് പ്രാപ്തി തന്നത്'. കോഹ്ലി കൂട്ടിച്ചേർത്തു.

TAGS :

Next Story