''പത്ത് ദിവസമായി എന്‍റെ പിതാവ് ഐ സി യുവിലാണ്, ഈ പ്രകടനം അദ്ദേഹത്തിനുള്ളതാണ്'' - മൊഹ്‌സിൻ ഖാൻ
''മാനസികമായി ഞാന്‍ ആകെ തളർന്നിരിക്കുകയായിരുന്നു, എന്‍റെ പിതാവിന് വേണ്ടിയാണ് ഞാന്‍ ഇന്നലെ കളിച്ചത്''
mohsin khan
ലക്‌നൗ: ഐപിഎല്ലിൽ ഏറെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സ് തകർത്തത് അഞ്ച് റൺസിനായിരുന്നു. പ്ലേ ഓഫ് സാധ്യതയ്ക്ക് ഇരുടീമുകൾക്കും ജയം അനിവാര്യമായ മത്സരത്തില്‍ അവിശ്വസനീയമായാണ് അവസാന ഓവറുകളില്‍ ലക്‌നൗ തിരിച്ചെത്തിയത് . 178 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയെ എറിഞ്ഞൊതൊക്കുന്നതിൽ ലക്‌നൗ ബൗളർമാർ മത്സരിച്ചു.
മൊഹ്‌സിൻ ഖാന്‍റെ അവിശ്വസനീയ അവസാന ഓവറായിരുന്നു കാണികളെ കൂടുതൽ ത്രസിപ്പിച്ചത്. കാമറൂൺ ഗ്രീനിനെയും ടിം ഡേവിഡിനെയും പോലെ ലോക ക്രിക്കറ്റിലെ രണ്ട് ബിഗ് ഹിറ്റർമാർ ക്രീസിലുണ്ടായിട്ടും മൊഹ്‌സിൻ എറിഞ്ഞ അവസാന ഓവറിൽ 11 റൺസടിച്ചെടുക്കാൻ മുംബൈക്ക് കഴിഞ്ഞില്ല. ലഖ്‌നൗവിലെ സ്ലോ പിച്ചിൽ അവസാന രണ്ടോവറിൽ മുംബൈക്ക് 30 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. നവീൻ ഉൾ ഹഖ് എറിഞ്ഞ പത്തമ്പൊതാം ഓവറിൽ 19 റൺസടിച്ച് കളിയിലേക്ക് തിരിച്ചുവന്ന മുംബൈയെ മൊഹ്‌സിൻ വരിഞ്ഞു കെട്ടി. പവർ ഹിറ്റർമാരായ രണ്ടുപേരേയും യോർക്കറുകളും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകളും കൊണ്ട് അനങ്ങാൻ പോലും വിടാതെ വരച്ച വരയിൽ നിർത്തിയാണ് മൊഹ്‌സിൻ ലഖ്‌നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
മുംബൈയെ വരിഞ്ഞുമുറുക്കിയ തന്റെ മിന്നും പ്രകടനം പിതാവിന് സമർപ്പിച്ചിരിക്കുകയാണിപ്പോള്‍ മുഹ്‌സിൻ ഖാ. ''കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നു. പത്ത് ദിവസമായി പിതാവ് ഐസിയുവിലാണ്. മാനസികമായി ഞാന്‍ ആകെ തളർന്നു. ഞാൻ എന്‍റെ പിതാവിന് വേണ്ടിയാണ് ഇന്നലെ കളിച്ചത്. ഈ പ്രകടനം അദ്ദേഹത്തിന് സമർപ്പിക്കുന്നു,, അദ്ദേഹം കളി കണ്ടിട്ടുണ്ടാവും''- മത്സര ശേഷം മുഹ്‌സിൻ പറഞ്ഞു.
തന്നിൽ വിശ്വസിച്ച ടീമിനോടും സ്റ്റാഫിനോടും ഗൗതം ഗംഭീറിനോടും മൊഹ്‌സിൻ നന്ദി പറഞ്ഞു. കഴിഞ്ഞ ഒരു വർഷം പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു മുഹ്‌സിൻ. 2022 ലെ തന്റെ അരങ്ങേറ്റ സീസണിൽ 14 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ തന്നെ മൊഹ്സിൻ ദേശീയ ടീമിലെത്തുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, പരിക്കുമൂലം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം ആവർത്തിക്കാനായില്ല. ഇത്തവണ ഐപിഎല്ലിൽ പാതിവഴിക്കാണ് തിരിച്ചെത്തിയതെങ്കിലും മാച്ച് വിന്നറാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരെ നടത്തിയത്.
Adjust Story Font
16