Quantcast

''ഇന്ത്യക്കായി കളിച്ചിരുന്നെങ്കിൽ ഞാൻ 1000 വിക്കറ്റ് നേടിയേനെ''- സഈദ് അജ്മല്‍

2015 ലാണ് സഈദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്

MediaOne Logo

Web Desk

  • Published:

    2 July 2023 1:34 PM GMT

saeed ajmal
X

saeed ajmal

ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു പാക് താരം സഈദ് അജ്മൽ. വെടിക്കെട്ട് ബാറ്റർമാരെ പോലും വെള്ളം കുടിപ്പിച്ചിരുന്ന അജ്മൽ പെട്ടെന്നാണ് ക്രിക്കറ്റിനോട് വിട പറഞ്ഞത്. അരങ്ങേറി ഒരു വര്‍ഷം കൊണ്ട് സഈദ് അജ്മൽ എന്ന ബോളർ ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു.ഐസിസിയുടെ ഏകദിന ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു അജ്മലിന്റെ അന്നത്തെ സ്ഥാനം.

എന്നാൽ 2014ൽ അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിംഗ് ബോഡി അജ്മലിന്റെ ബോളിംഗ് ആക്ഷൻ നിയമപരമല്ലെന്ന് ആരോപിച്ച് ക്രിക്കറ്റില്‍ നിന്ന് വിലക്കി. ശേഷം 2015ൽ അജ്മൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യക്കായാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിരുന്നതെങ്കിൽ 1000 വിക്കറ്റുകളെങ്കിലും നേടാൻ സാധിച്ചേനെ എന്നാണ് അജ്മൽ ഇപ്പോൾ പറയുന്നത്. ഓരോ വർഷവും 100 വിക്കറ്റുകൾ വീതം നേടിയിട്ടുള്ള ചുരുക്കം ചില ബോളർമാരിൽ ഒരാളാണ് താൻ എന്നും താരം പറയുന്നു.

“ഒരുപക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോൾ എനിക്ക് 1000 വിക്കറ്റുകളെങ്കിലും നേടാൻ സാധിച്ചേനെ. സത്യസന്ധമായി പറഞ്ഞാൽ ഇന്ത്യക്കായി കളിക്കുകയാണെങ്കിൽ ഞാൻ 1000 വിക്കറ്റുകൾ നേടുമായിരുന്നു. എല്ലാ ഫോര്‍മാറ്റുകളിലുമായി ഓരോ വര്‍ഷവും 100 വിക്കറ്റുകൾ നേടുന്ന ബോളറായിരുന്നു ഞാൻ. കണക്കുകൾ പരിശോധിച്ചാൽ അത് മനസ്സിലാകും.2012 മുതൽ 2014 വരെയുള്ള സമയത്ത് ഞാൻ നേടിയത് 326 വിക്കറ്റുകളാണ്. ആ സമയത്ത് ജെയിംസ് ആൻഡേഴ്സൺ ആയിരുന്നു എനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. ആൻഡേഴ്സണ് നേടാൻ സാധിച്ചത് 186 വിക്കറ്റുകൾ മാത്രം. 326ഉം 186ഉം തമ്മിലെ വ്യത്യാസം നിങ്ങൾ മനസിലാക്കണം.”- അജ്മൽ കൂട്ടിച്ചേർത്തു.

2008ൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതു മുതൽ ഒരേ ബോളിംഗ് ആക്ഷനിൽ തന്നെയായിരുന്നു അജ്മൽ ബോൾ ചെയ്തിരുന്നത്. അതിനുശേഷം 5-6 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഐ.സി.സി അജ്മലിനെതിരെ നടപടിയെടുത്തത്. “ബോളിങ് ആക്ഷന്‍ ആണ് പ്രശ്നമെങ്കില്‍ എന്നെ 2009 സമയത്ത് തന്നെ വിലക്കണമായിരുന്നു. പക്ഷേ അവർ എന്നെ കളിക്കാൻ അനുവദിച്ചു. ഞാൻ 448 വിക്കറ്റുകൾ സ്വന്തമാക്കിയതിനുശേഷം അവർക്ക് എന്നെ തടയണമായിരുന്നു. അതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത്. എന്നെ ക്രിക്കറ്റിൽ നിന്ന് വിലക്കുന്ന സമയത്ത് ഞാനായിരുന്നു ഐസിസിയുടെ ഒന്നാം നമ്പർ ബോളർ”- അജ്മൽ കൂട്ടിച്ചേർത്തു.

TAGS :

Next Story