പകരം വീട്ടാന്‍ ഓസീസ്, ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; ഏകദിന പരമ്പര ഇന്നുമുതല്‍
രോഹിത് ശർമയുടെ അസാന്നിധ്യത്തില്‍ ഹർദിക് പാണ്ഡ്യ ആകും ഇന്ത്യന്‍ ടീമിനെ നയിക്കുക.
സ്റ്റീവ് സ്മിത്തും ഹര്‍ദിക് പാണ്ഡ്യയും
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രോഹിത് ശർമയുടെ അസാന്നിധ്യത്തില്‍ ഹർദിക് പാണ്ഡ്യ ആകും ഇന്ത്യന്‍ ടീമിനെ നയിക്കുക. പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്താകും ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍. ഉച്ചക്ക് ഒന്നരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഈ വര്‍ഷമവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ഇരു ടീമും ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന പരമ്പരയാണിത്. ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര 2-1ന് നേടിയ ആവേശത്തിലാണ് ഇന്ത്യയെങ്കില്‍ ഓസീസിനെ സംബന്ധിച്ച് ടെസ്റ്റിലെ തോല്‍വിക്ക് ഏകദിനത്തില്‍ മറുപടി നൽകിയേ തീരൂ എന്ന അവസ്ഥയിലാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയ്ക്കാണ് ഇന്ന് ടോസ് വീഴുക.
കുടുംബപരമായ ആവശ്യങ്ങള്‍ കാരണമാണ് നായകന് രോഹിത് ശര്‍മ ആദ്യ ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 22ന് ചെന്നൈയിലെത്തുന്ന രോഹിത് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാനുണ്ടാവും.
രോഹിത്തിന്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഇന്ത്യന്‍ ഓപ്പണറായെത്തും. വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന കെ.എൽ രാഹുലിന് തന്നെയാണ്. പരിക്കേറ്റ് പുറത്തായ അയ്യര്‍ക്ക് പകരം സൂര്യകുമാർ യാദവിനോ രജത് പാട്ടീദാറിനോ അവസരം കിട്ടും. പാണ്ഡ്യക്കും ജഡേജക്കും പുറമെ ഒരു ഓൾറൗണ്ടറെ ഇന്ത്യ കളിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ടെസ്റ്റ് സീരീസില്‍ ഉജ്ജ്വല ഫോം പുറത്തെടുത്ത അക്സർ പട്ടേലിനാകും സാധ്യത.
പേസ് ബൗളിങ് ഡിപ്പാർട്മെന്റിൽ മുഹമ്മദ് സിറാജിനൊപ്പം മുഹമ്മദ് ഷമിയും ശാർദുൽ ഥാക്കൂറും ഉമ്രാൻ മാലിക്കും സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരാൾ പുറത്താവും.
അതേസമയം പാറ്റ് കമ്മിൻസ് നാട്ടിൽ തുടരുന്ന സാഹചര്യത്തിൽ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഓസ്ട്രേലിയൻ ടീമില്‍ പരിക്ക് ഭേദമായി ഓപണർ ഡേവിഡ് വാർണറും മധ്യനിരയിൽ ഗ്ലെൻ മാക്സ്വെല്ലും തിരിച്ചെത്തിയിട്ടുണ്ട്. ഓൾറൗണ്ടർമാരായ മിച്ചൽ മാർഷ്, ആഷ്ടൺ ആഗാർ, സ്പിന്നർ ആദം സാംപ എന്നിവരുടെ സാന്നിധ്യവും ഓസീസിന് കരുത്തുപകരും.
Adjust Story Font
16