ബാറ്റുകൊണ്ട് അടിച്ചൊതുക്കി, പന്തുകൊണ്ട് കറക്കിവീഴ്ത്തി; ഓസീസിനെ ചുരുട്ടിക്കെട്ടി, ഇന്ത്യക്ക് പരമ്പര
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ (2-0)ന് സ്വന്തമാക്കി.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അശ്വിനും ഇഷാന്‍ കിഷനും
ബാറ്റിങ്ങില്‍ ഗില്ലും അയ്യരും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഓസീസിനെ കശാപ്പ് ചെയ്തപ്പോള്‍ ബൌളിങ്ങില്‍ ആ ജോലി അശ്വിനും ജഡേജയും ഏറ്റെടുത്തു. പ്രസീദ് കൃഷ്ണയും ഒപ്പം കൂടിയപ്പോള്‍ കംഗാരുക്കള്‍ 217 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്ക് 99 റണ്‍സിന്‍റെ ജയം.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ (2-0)ന് സ്വന്തമാക്കി. ലോകകപ്പിന് മുൻപ് ഇന്ത്യന്‍ ടീമിന് വലിയ ഊര്‍ജം നൽകുന്ന വിജയങ്ങളാണ് പരമ്പരയിൽ ഉണ്ടായത്. ഒപ്പം താരങ്ങള്‍ ഫോമിലേക്കുയര്‍ന്നതിന്‍റെ ആത്മവിശ്വാസവും.
ഇന്ത്യ ഉയര്‍ത്തിയ 400 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ത്തന്നെ തിരിച്ചടി കിട്ടി. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ മാറ്റ് ഷോട്ടിനെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും പ്രസീദ് കൃഷ്ണ പവലിനിയിലേക്ക് മടക്കി. സ്കോര്‍ ഒന്‍പതിന് രണ്ട്, അവിടെ തുടങ്ങി ഓസ്ട്രേലിയയുടെ കഷ്ടകാലം.
പിന്നാലെയെത്തിയ ലബുഷൈൻ ഡേവിഡ് വാർണറെ കൂട്ടുപിടിച്ച് സ്കോറിങ് ഉയർത്താന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ കളിക്ക് തടസ്സമായി മഴയെത്തി. തുടര്‍ന്ന് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറുകളിൽ 317 റൺസാക്കി ചുരുക്കി. പക്ഷേ മഴ അവസാനിച്ച ശേഷം കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം തുടർന്നു.
ലബുഷൈനെ(27) ബൌള്‍ഡാക്കി അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ത്രൂ സമ്മാനിച്ചു. പിന്നാലെ അര്‍ധസെഞ്ച്വറി നേടിയ വാര്‍ണറെയും(53) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അതേ ഓവറില്‍ത്തന്നെ ജോഷ് ഇംഗ്‍ലിസിനെയും(6) അശ്വിന്‍ എല്‍.ബിയില്‍ കുരുക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍വിക്കറ്റ് വീണുകൊണ്ടിരുന്നു.
140ന് എട്ടാം വിക്കറ്റും നഷ്ടമായി വമ്പന്‍ തോല്‍വി മുന്നില്‍ക്കണ്ട ഓസീസിനെ ഒന്‍പതാം വിക്കറ്റില്‍ ആബോട്ടും ഹേസല്‍വുഡും ചേര്‍ന്നാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ 77 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഹേസല്‍വുഡിന്‍റെ(23) വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. അവസാന നിമിഷം വരെ അബോട്ട്(54) ഓസ്ട്രേലിയക്കായി പൊരുതിയെങ്കിലും അത് മതിയായില്ല അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍.
അശ്വിനും ജഡേജയും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റുകളും ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ പരമ്പരയിലൂടെയാണ് അശ്വിന്‍ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്.
നേരത്തേ പഞ്ചാബില്‍ സ്വാഭാവിക ഏകദിന ശൈലിയിലാണ് ഇന്ത്യ ബാറ്റു വീശിയതെങ്കില്‍ ഇന്‍ഡോറിലെത്തിയപ്പോള്‍ കാറ്റുമാറി. ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്ററര്‍മാരെല്ലാം ഒരുപോലെ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഓസീസ് ബൌളര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ നക്ഷത്രം എണ്ണി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ കെ.എല്‍ രാഹുലിന്‍റെ തീരുമാനം ശരി വെക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കാഴ്ചവെച്ചത്. ഗില്ലും അയ്യരും തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് നായകന്‍ രാഹുലും ഒടുവില്‍ സൂര്യകുമാര്‍ യാദവും ഏറ്റെടുത്തപ്പോള്‍ ഇന്‍ഡോറില്‍ പിറന്നത് കൂറ്റന്‍ ടോട്ടല്‍. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 399 റണ്‍സെടുത്തു
ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡിന് കൂടിയാണ് ഇന്‍ഡോറിലെ കാണികള്‍ സാക്ഷിയായത്. മുന്‍പ് സിഡ്‌നിയില്‍ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ കുറിച്ച നാലിന് 389 എന്ന റെക്കോഡാണ് പഴങ്കഥയായത്.
സെഞ്ച്വറി ഇന്നിങ്സുമായി കളംനിറഞ്ഞ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിനെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് 200 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നാലാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനം ഗെയ്ക്വാദിന് ഇന്‍ഡോറില്‍ പുറത്തെടുക്കാനായില്ല. ഹേസല്‍വുഡിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കി ഗെയ്ക്വാദ്(8) പുറത്താകുകയായിരുന്നു. ടീം സ്കോര്‍ വെറും 16 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍.
എന്നാല്‍ പിന്നീട് കണ്ടത് ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും ചേർന്ന് ഓസ്ട്രേലിയയെ അടിച്ചുപരത്തുന്നതാണ്. പരിചയസമ്പന്നരായ ഓസ്ട്രേലിയൻ ബോളിങ് നിരയെ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കടത്തി ഇരുവരും ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. തിരിച്ചുവരവിന് ശേഷമുള്ള ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടതിന്‍റെ എല്ലാ ക്ഷീണവും അയ്യര്‍ രണ്ടാം മത്സരത്തിൽ തീര്‍ത്തു.
ആക്രമിച്ച് കളിക്കുക എന്ന ശൈലി തന്നെയായിരുന്നു ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്. മറുപുറത്ത് അയ്യരും കളിയുടെ താളം നഷ്ടപ്പെടുത്താതെ റണ്‍സടിച്ചുകൂട്ടി. 37 പന്തുകളിൽ ഗിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോള്‍ അയ്യർ 41 പന്തുകളിൽ അര്‍ധ സെഞ്ച്വറി കണ്ടെത്തി. ഫിഫ്റ്റി പിന്നിട്ട ശേഷം ഗില്‍ സ്കോറിങ് വേഗം അല്‍പം കുറച്ചെങ്കിലും അയ്യര്‍ ടോപ് ഗിയറിലാണ് പിന്നീട് ബാറ്റുവീശിയത്.
86 പന്തുകളിൽ നിന്ന് ശ്രേയസ് അയ്യർ സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 10 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെയാണ് അയ്യര്‍ മൂന്നക്കത്തില്‍ എത്തിയത്. മറുവശത്ത് ശുഭ്മാൻ ഗിൽ 92 പന്തുകളിൽ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആറ് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ഗില്‍ തന്‍റെ ഏകദിന കരിയറിലെ ആറാം സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ ശ്രേയസ് അയ്യരുടേത് കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയായിരുന്നു.
90 പന്തില്‍ 105 റണ്‍സെടുത്ത അയ്യരാണ് ആദ്യം മടങ്ങിയത്. 97 പന്തില്‍ 104 റണ്‍സെടുത്ത ഗില്ലും അധികം വൈകാതെ വിക്കറ്റായി. പിന്നീടെത്തിയ നായകന്‍ കെ.എല്‍ രാഹുലും ഇഷാന്‍ കിഷനും അതിവേഗം റണ്‍സ് കണ്ടെത്തി. എന്നാല്‍ 31 റണ്‍സെടുത്ത കിഷന്‍ സാംപയുടെ പന്തില്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കി പുറത്തായി.
ശേഷം സൂര്യകുമാര്‍ യാദവിന്‍റെ സമയമായിരുന്നു. ടി20 സ്പെഷ്യലിസ്റ്റ് ആയ സൂര്യകുമാര്‍ കുട്ടിക്രിക്കറ്റിന്‍റെ അതേ ശൈലിയില്‍ ബാറ്റുവീശിയപ്പോള്‍ രാഹുലും ഒട്ടും മോശമാക്കിയില്ല. ഇരുവരുടേയും വെടിക്കെട്ടില്‍ ഇന്ത്യന്‍ സ്കോര്‍ 40 ഓവറില്‍ 300 കടന്നു.
രണ്ടാം ഏകദിനത്തിലും തുടര്‍ച്ചയായി അര്‍ധസെഞ്ച്വറി കണ്ടെത്തിയ രാഹുല്‍ 38 പന്തില്‍ 52 റണ്‍സെടുത്താണ് മടങ്ങിയത്. കഴിഞ്ഞ ഏകദിനത്തിന് തൊട്ടുമുമ്പ് വരെ ഏകദിനത്തിന് പറ്റിയ താരമല്ലെന്ന വിമര്‍ശനം തുടര്‍ച്ചയായി ഏറ്റുവാങ്ങേണ്ടി വന്ന സൂര്യകുമാര്‍ യാദവും അതിവേഗമാണ് ബാറ്റ് വീശിയത്. സൂര്യയും തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറി കണ്ടെത്തി. എന്നാല്‍ കഴിഞ്ഞ ഏകദിനത്തിലേതിന് വിപരീതമായി ബാറ്റിങ് വെടിക്കെട്ട് തന്നെയായിരുന്നു താരം പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ 49 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ സൂര്യ ഇത്തവണ 24 പന്തിലാണ് ഫിഫ്റ്റിയടിച്ചത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ അടി കാഴ്ചവെച്ച സൂര്യകുമാര്‍ ഇന്ത്യന്‍ സ്കോര്‍ 400 കടത്തുമെന്ന് കരുതിയെങ്കിലും ഒരു റണ്‍സ് പിന്നിലായിപ്പോയി. 37 പന്തില്‍ ആറ് സിക്സറും ആറ് ബൌണ്ടറിയുമുള്‍പ്പെടെ 72 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ഒന്‍പത് പന്തില്‍ 13 റണ്‍സുമായി ജഡേജയും പുറത്താകാതെ നിന്നു.
പന്തെറിഞ്ഞ് വശംകെട്ട ഓസീസ് ബൌളര്‍മാരില്‍ കാമറൂണ്‍ ഗ്രീനിനാണ് ഏറ്റവുമധികം തല്ല് കിട്ടിയത്. 10 ഓവറില്‍ 103 റണ്‍സ് വഴങ്ങിയ ഗ്രീനിന് രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
Adjust Story Font
16