Quantcast

37 റണ്‍സിന് എറിഞ്ഞിട്ടു, ആറോവറില്‍ ലക്ഷ്യം കണ്ടു; ഇന്ത്യൻ വനിതകൾക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യക്കായി സ്നേഹ റാണ മൂന്ന് വിക്കറ്റും ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

MediaOne Logo

Web Desk

  • Updated:

    2022-10-10 12:40:09.0

Published:

10 Oct 2022 12:35 PM GMT

37 റണ്‍സിന് എറിഞ്ഞിട്ടു, ആറോവറില്‍ ലക്ഷ്യം കണ്ടു; ഇന്ത്യൻ വനിതകൾക്ക് തകര്‍പ്പന്‍ ജയം
X

ഏഷ്യാ കപ്പ് വനിതാ ടി 20യില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ കുതിപ്പ് തുടരുന്നു. തായ്‍ലാന്‍ഡിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സെമിഫൈനല്‍ ബെര്‍ത്ത് നേരത്തെ ഉറപ്പിച്ച ഇന്ത്യ ടോസ് നേടി ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൌളിങ് അറ്റാക്കിന് മുന്‍പില്‍ തായ്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല, 15.1 ഓവറില്‍ വെറും 37 റണ്‍സിന് തായ്‍ലാന്‍ഡ് ഓള്‍ഔട്ടായി. തായ്‍ലന്‍ഡ് നിരയില്‍ 12 റണ്‍സെടുത്ത നന്നപ്പാട്ട് കൊഞ്ചരോയെങ്കൈ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി സ്നേഹ റാണ മൂന്ന് വിക്കറ്റും ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്വാദും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

നിസാര സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ വനിതകള്‍ വെറും ആറോവറില്‍ ലക്ഷ്യം കണ്ടു. എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് ആകെ നഷ്ടമായത്. 20 റണ്‍സുമായി സബ്ബിനേനി മേഘനയും 12 റണ്‍സുമായി പൂജ വസ്ത്രകറും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റോടെ ഇന്ത്യന്‍ ബൌളിങ്ങിനെ മുന്നില്‍ നിന്ന് നയിച്ച സ്നേഹ റാണയാണ് കളിയിലെ താരം.

ഒന്‍പത് വിക്കറ്റിന്‍റെ മിന്നും വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു തോല്‍വിയുമുള്‍പ്പെടെ പത്ത് പോയിന്‍റുമായാണ് ഇന്ത്യ തലപ്പത്തെത്തിയത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം പാകിസ്താനും ശ്രീലങ്കയുമാണുള്ളത്. ഇരു ടീമുകള്‍ക്കും എട്ട് പോയിന്‍റ് വീതമുണ്ട്. നാളെ നടക്കുന്ന ശ്രീലങ്ക-പാക് മത്സരത്തില്‍ ജയിക്കുന്ന ടീം രണ്ടാം സ്ഥാനത്തെത്തും.

പോയിന്‍റ് ടേബിളിലെ ആദ്യ നാല് ടീമുകള്‍ സെമിഫൈനല്‍ കളിക്കും. ഒക്ടോബര്‍ 13 വ്യാഴാഴ്ച രണ്ട് സെമിഫൈനലുകളും നടക്കും. ഒക്ടോബര്‍ 15 ശനിയാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനല്‍.

TAGS :

Next Story