Quantcast

''ഏഷ്യാ കപ്പ് ഫൈനലിന് അശ്വിനെ ടീമിലേക്ക് ക്ഷണിച്ചിരുന്നു''; വെളിപ്പെടുത്തലുമായി ദിനേശ് കാര്‍ത്തിക്ക്

അശ്വിന്‍ ക്ഷണം നിരസിക്കുകയായിരുന്നു എന്ന് ദിനേശ് കാര്‍ത്തിക്ക്

MediaOne Logo

Web Desk

  • Published:

    22 Sep 2023 12:57 PM GMT

ashwin dinesh karthik
X

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. നീണ്ട ഇടവേളക്ക് ശേഷമാണ് അശ്വിൻ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്നത്. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഇടംപിടിച്ച താരം 20 മാസത്തിന് ശേഷമാണ് ഇന്ത്യക്കായി ഒരു ഏകദിന മത്സരത്തിനിറങ്ങിയത്. ടീമിലേക്ക് തിരിച്ചെത്തിയ അശ്വിൻ ആസ്‌ത്രേലിയക്കെതിരെ ഒരു വിക്കറ്റ് നേടുകയും ചെയ്തു.

ഇപ്പോഴിതാ ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിക്കേറ്റ അക്‌സർ പട്ടേലിന് പകരം അശ്വിന് ക്ഷണമുണ്ടായിരുന്നു എന്നും അദ്ദേഹമത് നിരസിച്ചെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക്.

''എനിക്കറിയാവുന്ന ചില വിവരങ്ങൾ പറയാം. ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിലേക്ക് അശ്വിന് ക്ഷണമുണ്ടായിരുന്നു. എന്നാൽ അശ്വിൻ ഒരു മാച്ചിന് അപ്പോൾ തയ്യാറായിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് അദ്ദേഹം ആ ക്ഷണം നിരസിച്ചു. വാഷിങ്ടൺ സുന്ദറാവട്ടെ ആ സമയത്ത് ചെന്നൈയിൽ പ്രാദേശിക ടൂർണമെന്റുകളിൽ കളിച്ച് കൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം മത്സരത്തിന് ഒരുക്കമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തിന് അവസരം ലഭിച്ചു"'- കാര്‍ത്തിക്ക് പറഞ്ഞു.

അത സമയം ആസ്‌ത്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമില്‍ അശ്വിനെ എടുത്തത് തെറ്റായ തീരുമാനമായിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം ഹർഭജൻ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രവീന്ദ്ര ജഡേജക്കും കുൽദീപ് യാദവിനും പുറമേ വാഷിങ്ടണ്‍ സുന്ദറും ടീമില്‍ ഉള്ളപ്പോൾ മറ്റൊരു സ്പിന്നറുടെ ആവശ്യമില്ലെന്നാണ് ഹര്‍ഭജന്‍റെ വാദം.

''ആദ്യം വാഷ്ങ്ടൺ സുന്ദറിനെ ടീമിലെടുത്തു. പിന്നീട് അശ്വിനെ കൊണ്ടുവന്നു. ഇന്ത്യ ഇപ്പോഴും ഓഫ് സ്പിന്നർമാരെ അന്വേഷിക്കുകയാണ്. ഒരു ഓഫ് സ്പിന്നറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന തെറ്റ് ഇന്ത്യ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഇടംകയ്യൻ സ്പിന്നർമാരെ പോലെ വലം കയ്യന്മാരും ടീമിലുണ്ടാവണമെന്നത് സ്വാഭാവിക ബുദ്ധിയിൽ തോന്നേണ്ടതാണ്. എന്നാൽ മൂന്ന് സ്പിന്നർമാരെ ഒരേ സമയം എന്തിനാണ് പരിഗണിക്കുന്നത്. ജഡേജ എന്തായാലും ടീമിലുണ്ടാവും. അടുത്തതായി പരിഗണിക്കുക കുൽദീപിനെ ആയിരിക്കും. പിന്നെയെന്തിനാണ് ഒരു സ്പിന്നർ കൂടി. മുമ്പ് ചെയ്ത തെറ്റ് തിരുത്താൻ നിങ്ങള്‍ മറ്റൊരു തെറ്റ് ചെയ്യാൻ പോവുകയാണോ?''- ഹര്‍ഭജന്‍ ചോദിച്ചു.

സഞ്ജു സാംസണെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ഹര്‍ഭജന്‍ ന്യായീകരിച്ചു. രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ടീമില്‍ ഉള്ളതിനാലാണ് സഞ്ജുവിന് ടീമില്‍ ഇടംലഭിക്കാതെ പോയത് എന്ന് ഹര്‍ഭജന്‍ പറഞ്ഞു.

''സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വലിയ സംവാദങ്ങൾ നടക്കുന്നുണ്ട്. ഏകദിനത്തിൽ 55 ബാറ്റിങ് ശരാശരി ഉണ്ടായിട്ടും ടീമിൽ നിന്ന് തഴയപ്പെടുന്നത് വിചിത്രമാണ്. എന്നാൽ നേരത്തേ തന്നെ ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജുവിന് ടീമിൽ ഇടംലഭിക്കാത്തത് എന്ന് എനിക്ക് തോന്നുന്നു. കെ.എൽ രാഹുലും ഇഷാൻ കിഷനും ലോകകപ്പ് ടീമിലുണ്ടല്ലോ"- ഹര്‍ഭജന്‍ പറഞ്ഞു.

TAGS :

Next Story