ന്യൂസിലൻഡിനെ 73 റൺസിന് തകർത്തു; പരമ്പര തൂത്തുവാരി ഇന്ത്യ
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 185 റൺസ് വിജയലക്ഷ്യം. രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും കൂടെയുള്ളവർക്ക് അവസരം മുതലെടുക്കാൻ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്.
ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ 73 ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2 ഓവറിൽ 111 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ടീം ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനും മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയ്ക്കും കന്നി ട്വന്റി20 പരമ്പരയിൽത്തന്നെ സമ്പൂർണ വിജയം നേടാനായി. ജയ്പുരിലും റാഞ്ചിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേതന്നെ ഉറപ്പാക്കിയിരുന്നു.
അർധസെഞ്ച്വറി നേടിയ ഓപ്പണർ മാർട്ടിൻ ഗപ്ടിൽ ഒരിക്കൽക്കൂടി കിവീസിന്റെ ടോപ് സ്‌കോററായി. 36 പന്തിൽ നാലു വീതം സിക്‌സും ഫോറും സഹിതം ഗപ്ടിൽ നേടിയത് 51 റൺസ്. ഗപ്ടിലിനു പുറമേ കിവീസ് നിരയിൽ രണ്ടക്കം കണ്ട രണ്ടേ രണ്ടു പേർ വിക്കറ്റ് കീപ്പർ ടിം സീഫർട്ടും ലോക്കി ഫെർഗൂസനും മാത്രം. 18 പന്തിൽ ഒരു ഫോർ സഹിതം നേടിയ 17 റൺസാണ് സീഫർട്ടിന്റെ സമ്പാദ്യം. തോൽവി ഉറപ്പായ ഘട്ടത്തിൽ കണ്ണുംപൂട്ടി അടിച്ച ഫെർഗൂസൻ എട്ടു പന്തിൽ 14 റൺസെടുത്ത് പുറത്തായി.
ഡാരിൽ മിച്ചൽ (5), മാർക് ചാപ്മാൻ (0), ഗ്ലെൻ ഫിലിപ്‌സ് (0), ജിമ്മി നീഷം (3), മിച്ചൽ സാന്റ്‌നർ (2), ആദം മിൽനെ (7), ഇഷ് സോധി (9) എന്നിവരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തി. ഇന്ത്യൻ നിരയിൽ മൂന്ന് ഓവറിൽ 9 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത അക്ഷർ പട്ടേലിന്റെ പ്രകടനം ശ്രദ്ധേയമായി. ആറാം ബോളറായി ആദ്യമായി പരീക്ഷിച്ച വെങ്കടേഷ് അയ്യർ 3 ഓവറിൽ 12 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത് റോൾ ഗംഭീരമാക്കി. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം മത്സരം കളിക്കുന്ന ഹർഷൽ പട്ടേൽ മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. യുസ്വേന്ദ്ര ചെഹൽ, ദീപക് ചാഹർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 185 റൺസ് വിജയലക്ഷ്യം. രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും കൂടെയുള്ളവർക്ക് അവസരം മുതലെടുക്കാൻ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 200 കടക്കാതെ പോയത്. രോഹിത് 31 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 56 റൺസെടുത്തു. അവസാന ഓവറിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റൺസടിച്ചുകൂട്ടിയ ദീപക് ചാഹറാണ് ഇന്ത്യൻ സ്‌കോർ 184 ൽ എത്തിച്ചത്.
Adjust Story Font
16