ധവാന്‍ നയിച്ചു, ഗില്ലും അയ്യരും ഒപ്പം കൂടി; ഇന്ത്യക്ക് മികച്ച ടോട്ടല്‍
കരിയറിലെ രണ്ടാം ഏകദിനത്തിനിറങ്ങിയ സഞ്ജു സാംസണ്‍ പക്ഷേ നിരാശപ്പെടുത്തി
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. സെഞ്ച്വറിക്കരികെ വീണ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ ബാറ്റിങ് മികവാണ് ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്.
ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ പിഴച്ചുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇന്ത്യയുടെ ഓപ്പണിങ് ജോഡിയുടെ പ്രകടനം. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 119 ണ്‍സാണ് ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. വെറും 14 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ധവാനേക്കാളും എതിര്‍നിരയില്‍ അപകടം വിതച്ചത് ഗില്ലായിരുന്നു. 36 പന്തുകളില്‍ നിന്ന് ഗില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തി. തൊട്ടുപിന്നാലെ ധവാന്‍ 53 പന്തുകളില്‍ നിന്ന് അര്‍ധശതകം കുറിച്ചു. 18-ാം ഓവറില്‍ ഗില്‍ റണ്ണൌട്ടായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്. 64 റണ്‍സെടുത്ത ഗില്ലിനെ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ റണ്ണൌട്ടാക്കുകയായിരുന്നു.
പിന്നീടെത്തിയ ശ്രേയസിനെ കൂട്ടുപിടിച്ച ധവാന്‍ സ്കോര്‍ ചലിപ്പിച്ചു. ഇരുവരും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 31.3 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. പക്ഷേ സെഞ്ച്വറിക്കരികെ ധവാനെ നിര്‍ഭാഗ്യം പിടികൂടി. ടീം സ്‌കോര്‍ 213ല്‍ നില്‍ക്കെയാണ് ധവാന്‍റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. 99 പന്തുകളില്‍ നിന്ന് 10 ഫോറുകളും മൂന്ന് സിക്‌സറുകളുമായി 97 റണ്‍സെടുത്ത ധവാന് മൂന്ന് റണ്‍സകലെ തന്‍റെ കരിയറിലെ 18ആം സെഞ്ച്വറിയാണ് നഷ്ടമായത്. ഗുഡകേഷ് മോട്ടിയാണ് ധവാനെ പുറത്താക്കിയത്
സൂര്യകുമാറിനൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച അയ്യര്‍ പക്ഷേ അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്തായി. 57 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 54 റണ്‍സെടുത്ത ശ്രേയസ്സിനെ ഗുഡകേഷ് മോട്ടിയുടെ പന്തില്‍ നിക്കോളാസ് പൂരന്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. പിന്നീടൊത്തുചേര്‍ന്ന മലയാളിതാരം സഞ്ജു സാംസണും സൂര്യകുമാര്‍ യാദവിനും അധികം പിടിച്ചുനില്‍ക്കാനായില്ല . 13 റണ്‍സെടുത്ത സൂര്യകുമാറിനെ അകിയല്‍ ഹൊസെയ്ന്‍ ബൗള്‍ഡാക്കിയപ്പോള്‍ 12 റണ്‍സെടുത്ത സഞ്ജുവിനെ റൊമാരിയോ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. പിന്നീട് ദീപക് ഹൂഡയും അക്സര്‍ പട്ടേലും ചേര്‍ന്ന് അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്തി. ടീം സ്കോര്‍ മൂന്നൂറിനരികെ ഇരുവരും വീണു. ഹൂഡ 32 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍ 21 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. വിന്‍ഡീസിനായി അല്‍സാരി ജോസഫും ഗുഡകേഷ് മോട്ടിയും രണ്ട് വീതം വിക്കറ്റുവീഴ്ത്തി.
Adjust Story Font
16