Quantcast

രണ്ട് ജയമകലെ ചരിത്ര നേട്ടം; ശ്രീജേഷിന്‍റെ ചിറകില്‍ പ്രതീക്ഷ വച്ച് ഇന്ത്യ

ഒളിമ്പിക്സ് ഹോക്കി സെമിയില്‍ ഇന്ത്യ ഇന്ന് ജര്‍മനിക്കെതിരെ

MediaOne Logo

Web Desk

  • Published:

    6 Aug 2024 9:08 AM GMT

രണ്ട് ജയമകലെ ചരിത്ര നേട്ടം; ശ്രീജേഷിന്‍റെ ചിറകില്‍ പ്രതീക്ഷ വച്ച് ഇന്ത്യ
X

''സച്ചിൻ എന്ന ഒറ്റ നാമം മാത്രം മുഴങ്ങുന്ന ഗാലറികളിലെ ആരവം കേട്ടാണ് ഞാൻ വളർന്നത്. ഇപ്പോൾ ഞാനൊരു വലിയ സ്റ്റേഡിയത്തിന്റെ ഒത്ത നടുക്കാണ് നിൽക്കുന്നത്. ഗാലറിയിലേക്ക് കാത് കൂർപ്പിച്ചു. അതെ എന്റെ പേര് ഒരേ താളത്തിൽ ഇപ്പോൾ സ്റ്റാൻുകളിൽ നിന്ന് മുഴങ്ങിക്കേൾക്കുന്നുണ്ട്. ഇതിനേക്കാൾ വലുതായൊന്നും കരിയറിൽ ഞാനിനി നേടാനില്ല.''- ഗ്രേറ്റ് ബ്രിട്ടനെതിരായ ഐതിഹാസിക വിജയത്തിന് ശേഷം പി.ആർ ശ്രീജേഷ് വൈകാരികമായാണ് അത് പറഞ്ഞ് വച്ചത്.

കളിയിൽ ഭൂരിഭാഗം സമയത്തും പത്ത് പേരായി ചുരുങ്ങിയിട്ടും ചോരാത്ത പോരാട്ട വീര്യവുമായി ഇന്ത്യ കളംപിടിക്കുമ്പോൾ പോസ്റ്റിന് മുന്നിൽ എതിരാളികളുടെ മുന്നേറ്റങ്ങൾ പലതിനേയും നിഷ്പ്രഭമാക്കിയത് പി.ആർ ശ്രീജേഷെന്ന വൻമതിലാണ്. അതെ. ദ ഗ്രേറ്റ് ഇന്ത്യന്‍ വാള്‍

''ഞങ്ങൾക്കും ഒരു എമിലിയാനോ മാർട്ടിനസുണ്ട്. പി.ആർ ശ്രീജേഷെന്നാണ് അയാളുടെ പേര്.''- ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിമ്പിക്‌സ് സെമി പ്രവേശത്തിന് ശേഷം നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചത്. കളിയിലുടനീളം 11 സേവുകൾ. എതിരാളികൾക്ക് നിഷേധിച്ചത് നാല് പെനാൽട്ടി കോർണറുകൾ. ഷൂട്ടൗട്ടിൽ ഒരു നിർണായക സേവ്. ഒരുവേള പാതിവഴിയിൽ വീണുപോവുമായിരുന്ന ഇന്ത്യൻ സ്വപ്നങ്ങളെ ഒറ്റക്കയാൾ തന്റെ ചിറകിലേറ്റുകയായിരുന്നു.

രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ എതിർ താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചെന്ന കാരണം പറഞ്ഞ് അമിത് രോഹിദാസിനെ അമ്പയർ റെഡ് കാർഡ് നൽകി മടക്കുമ്പോൾ ഇന്ത്യൻ ആരാധകർ മൂക്കത്ത് വിരൽവച്ചു. പന്തുമായി മുന്നേറുമ്പോൾ അമിതിനെ തടയാൻ ബ്രിട്ടീഷ് താരങ്ങളായ വില്യം കൽനാനും സാക് വാലൻസും ഓടിയെത്തി. ഇതിനിടെ അമിതിന്റെ സ്റ്റിക് വില്യമിന്റെ മുഖത്ത് തട്ടുന്നു. ഓട്ടത്തിനിടെ സംഭവിച്ചതാണതെന്ന് വ്യക്തമായിരുന്നു. എന്നാൽ ബ്രിട്ടൻ റിവ്യൂ ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ടി.വി അമ്പയറുടെ തീരുമാനമെത്തി. അമിതിന് റെഡ് കാർഡ്. ഇന്ത്യൻ കോച്ചും സഹതാരങ്ങളും റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ആരാധകർ കൂവലോടെയാണ് ഈ തീരുമാനത്തെ വരവേറ്റത്.

പത്ത് പേരായി ചുരുങ്ങിയിട്ടും കളിയിൽ ഒരിക്കൽ പോലും ചെങ്കുപ്പായക്കാർക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾ പതറിയില്ല. അമിത് റെഡ് കാർഡ് കണ്ട് പുറത്തായ ശേഷമാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത് എന്നോർക്കണം. പെനാൽട്ടി കോർണറിൽ നിന്ന് ലഭിച്ച അവസരം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് പോസ്റ്റിലേക്ക് തിരിച്ചു. ആ വെടിയുണ്ട ബ്രിട്ടീഷ് ഗോളിയെ മറികടന്ന് വലതുളച്ചു. ഇന്ത്യൻ താരങ്ങൾക്ക് ആ ഗോൾ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഇന്ത്യ സ്‌കോർ ചെയ്ത് ആറ് മിനിറ്റ് പിന്നിടും മുമ്പേ ബ്രിട്ടന്റെ മറുപടിയെത്തി. ലീ മോർട്ടനാണ് ബ്രിട്ടനായി വലകുലുക്കിയത്.

ഇനി അവശേഷിക്കുന്നത് രണ്ട് ക്വാർട്ടറുകൾ. ഇന്ത്യൻ ജേഴ്‌സിയിൽ ഗ്രൗണ്ടിൽ പത്ത് പേർ മാത്രം. ബ്രിട്ടൻ അത് മുതലാക്കാൻ തന്നെ തീരുമാനിച്ചു. ചെങ്കുപ്പായക്കാർ തുടരെ മുന്നേറ്റങ്ങളുമായി ഇന്ത്യൻ ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ പി.ആർ ശ്രീജേഷെന്ന അതികായന് മുന്നിൽ ബ്രിട്ടന്റെ മുന്നേറ്റങ്ങളൊക്കെ നിഷ്പ്രഭമായി. ഗാലറിയിൽ നിറഞ്ഞ ശ്രീജേഷ് വിളികൾ അയാളുടെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായിരുന്നു.

പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രിട്ടന്റെ ആദ്യ രണ്ട് ഷോട്ടുകളും ശ്രീജേഷിനെ മറികടന്ന് വലതുളച്ചു. എന്നാൽ കോണർ വില്യംസിനും ഫിലിപ്പ് റോപ്പിനും പിഴച്ചു. വില്യംസിന്റെ ഷോട്ട് പുറത്തേക്ക് പാഞ്ഞത് ശ്രീജേഷ് പോസ്റ്റിന് മുന്നിൽ നടത്തിയ നീക്കങ്ങളുടെ സമ്മർദ ഫലമായാണ്. ഫിലിപ് റോപ്പിന്റെ ഷോട്ട് അവിശ്വസനീയമായാണ് മലയാളി താരം തട്ടിയകറ്റിയത്. പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തുമായി മുന്നേറിയ ഗോൾവലയെ ലക്ഷ്യമാക്കി ഷോട്ടുതിർക്കുന്നു. പന്ത് വലതൊടും മുമ്പേ ശ്രീജേഷ് അതിനെ പുറത്തേക്ക് തട്ടിയകറ്റി. നാല് ഷോട്ടുകളും വലയിലെത്തിച്ച ഇന്ത്യയുടെ വിജയത്തെ ഐതിഹാസികം എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക. ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത ഗ്രേറ്റ് ഇന്ത്യന്‍ വിക്ടറിക്ക് ശേഷം ഇന്ത്യന്‍ ഹെഡ് കോച്ച് ക്രെയിഗ് ഫുള്‍ട്ടണ്‍ ഇങ്ങനെ പറഞ്ഞു. 'ഇറ്റ് വാസ് നോട്ട് ജസ്റ്റ് എ വിന്‍,, ഇറ്റ് വാസ് എ സ്റ്റേറ്റ്മെന്‍റ്'

ക്വാര്‍ട്ടറിന് ശേഷം ഇന്ത്യയുടെ വിജയശില്‍പി പി.ആര്‍ ശ്രീജേഷിന് തന്‍റെ സന്തോഷം അടക്കി വക്കാനാവുന്നുണ്ടായിരുന്നില്ല. '' ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരത്തിന് മുമ്പ് ഞാൻ മൈതാനത്തെ ഒന്ന് വലംവച്ചു. എന്റെ മുമ്പിൽ രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നുകിൽ ഇതെന്റെ അവസാന മത്സരമാകാം. അല്ലെങ്കിൽ രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കും. രണ്ട് മത്സരങ്ങൾ കൂടി കളിക്കാൻ അതിയായി ആഗ്രഹിക്കുന്നുണ്ട് ഞാനിപ്പോള്‍'. ശ്രീജേഷ് പറഞ്ഞു.

ഷൂട്ടൗട്ടിൽ ഇന്ത്യൻ താരങ്ങൾ പിഴവുകളില്ലാതെ വലതുളക്കുന്നത് കണ്ടപ്പോൾ തന്റെ ആത്മവിശ്വാസം ഇരട്ടിച്ചു എന്ന് ശ്രീജേഷ് മനസ്സ് തുറന്നു. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും അവർ സമ്മർദത്തിന് കീഴടങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇന്നലെ മൈതാനത്തുടനീളം അവരിൽ കണ്ട ഊർജം ഷൂട്ടൗട്ടിലും ഞാൻ കണ്ടു. ഇതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. നമ്മൾ കളിപിടിച്ചു. ശ്രീജേഷ് പറഞ്ഞു.

പോസ്റ്റിന് മുന്നിൽ ശ്രീജേഷിന്റെ ആത്മവീര്യത്തെ കുറിച്ച് പറയാൻ സഹതാരങ്ങൾക്ക് നൂറ് നാവായിരുന്നു. അമിത് രോഹിത് ദാസ് പുറത്തായ ശേഷം ഡിഫൻസിൽ ശ്രീജേഷിനെ സഹായിക്കാനെത്തിയത് മൻപ്രീത് സിങ്ങാണ്. മൻപ്രീത് കളിക്ക് ശേഷം മനസ്സ് തുറന്നത് ഇങ്ങനെ. ''ശ്രീജേഷ് പോസ്റ്റിന് മുന്നിൽ നിന്ന് ഉച്ചത്തിൽ താരങ്ങളോട് അലറിവിളിക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അയാൾ ഞങ്ങളോട് ദേഷ്യപ്പെടുകയാണെന്ന് തോന്നി. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ അയാളെന്നെ തെറിവിളിച്ചാൽ പോലും ഞാനത് ചിരിച്ച് കൊണ്ട് സ്വീകരിക്കും. അയാളൊരു പോരാളിയാണ്. ഷൂട്ടൗട്ടിൽ പലവുരു രാജ്യത്തിനായി അയാൾ രക്ഷക വേഷം കെട്ടിയാടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പോസ്റ്റിന് മുന്നിൽ ശ്രീജേഷ് നിശബ്ദനായി നിന്നാൽ എന്താണ് അദ്ദേഹത്തിന് പറ്റിയതെന്ന് ഞാൻ ആലോചിക്കും''- മൻപ്രീത് പറഞ്ഞു.

മത്സരം ചൂട് പിടിക്കുമ്പോൾ താരങ്ങളോട് കോപിക്കുന്നതിനെ കുറിച്ച് ശ്രീജേഷിനോട് മാധ്യപ്രവർത്തകർ ചോദിച്ചു. മലയാളി താരത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു '' ഡിഫന്റർമാർ കളിയിൽ എത്രത്തോളം ഉണർന്നിരിക്കണം എന്ന് എനിക്ക് നന്നായി അറിയാം. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഞാൻ അവരോട് കോപിക്കുകയാണ് എന്നൊക്കെ തോന്നിയേക്കാം. പക്ഷെ എന്റെ വാക്കുകളെ എങ്ങനെ ഉൾക്കൊള്ളണമെന്ന് കളിക്കാർക്ക് നന്നായറിയാം. അതവർക്ക് എപ്പോഴും പ്രചോദനമായിട്ടേയുള്ളൂ എന്നാണ് എന്റെ വിശ്വാസം'' ..

സെമിയില്‍ ഇന്ന് ജർമനിയെ നേരിടാനൊരുങ്ങുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമാണ്. ഒരു ജയമകലെ 13ാം ഒളിമ്പിക്‌സ് മെഡൽ. സച്ചിന് 2011 ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്തത് പോലെ ഒളിമ്പിക് സ്വർണമെഡൽ നേടിക്കൊടുത്ത് പി.ആർ ശ്രീജേഷിനെ ഇന്ത്യൻ ടീം യാത്രയാക്കണമെന്നാണ് മുൻ ഇന്ത്യൻ ഹോക്കി താരം വിക്രം കാന്ത് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം പറഞ്ഞത്. അതെ അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ഹോക്കിയുടെ ചരിത്രം കണ്ട എക്കാലത്തേയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ പി.ആർ ശ്രീജേഷിന് അതൊരു സ്വപ്‌ന തുല്യമായ യാത്രയയപ്പ് കൂടിയാവും.


TAGS :

Next Story