Quantcast

പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യ; ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്കരിക്കാന്‍ പാകിസ്താന്‍

ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ അരങ്ങേറിയില്ലെങ്കിൽ ഐ.സി.സിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവാൻ പോവുന്നത് എന്ന് മുൻ പാക് താരം ജാവേദ് മിയാൻദാദ്

MediaOne Logo

Web Desk

  • Updated:

    2024-11-12 10:42:44.0

Published:

12 Nov 2024 10:33 AM GMT

പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യ; ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്കരിക്കാന്‍ പാകിസ്താന്‍
X

അടുത്ത വർഷം അരങ്ങേറാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയതോടെ കടുത്ത നിലപാടുമായി പാക് ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കാൻ വിസമ്മതിക്കുന്നതിനെ തുടർന്ന് മത്സരങ്ങൾ മറ്റെവിടേക്കെങ്കിലും മാറ്റിയാൽ പാക് ടീം ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെന്‍റ് ബഹിഷ്കരിക്കാന്‍ പാക് സർക്കാർ പി.സി.ബിക്ക് നിർദേശം നൽകുമെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്കില്ലെന്ന് ബി.സി.സി.ഐ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാറിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്ന് ബി.സി.സി.ഐ ഐ.സി.സിയെ അറിയിച്ചിരുന്നു. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് എട്ട് രാജ്യങ്ങൾ പ​ങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി അരങ്ങേറുന്നത്. വലിയ ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ അരങ്ങേറിയില്ലെങ്കിൽ ഐ.സി.സിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവാൻ പോവുന്നത് എന്ന് മുൻ പാക് താരം ജാവേദ് മിയാൻ ദാദ് മുന്നറിയിപ്പ് നൽകി.

പോയമാസം ഇസ്‍ലാമാബാദിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ ഇന്ത്യൻ ​വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ പ​ങ്കെടുക്കുകയും പാക് അധികൃതരുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടാകുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.

ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന് വ്യക്തമായതോടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യു.എ.ഇയിലോ ​ശ്രീലങ്കയിലോ വെച്ച് നടത്താനാണ് ഐ.സി.സിയുടെ ശ്രമം. എന്നാൽ ഇതിനോട് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് യോജിപ്പില്ല. ഇന്ത്യക്ക് പ​ങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ രേഖാമൂലം എഴുതി നൽകണമെന്നാണ് പാക് നിലപാട്.

ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ വരുന്നില്ലെങ്കിൽ തുടർന്നുള്ള ഒരു ഐ.സി.സി ടൂർണമെന്റിലും പ​ങ്കെടുക്കില്ലെന്ന കടുത്ത നിലപാടിലേക്ക് പാകിസ്താൻ നീങ്ങാനും സാധ്യതയുണ്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‍വി ഇന്ത്യയുടെ തീരുമാനത്തിൽ നിരാശ അറിയിച്ചു. ‘‘ അടുത്തുവർഷങ്ങളിലായി പാകിസ്താൻ ഒരുപാട് നല്ല ചുവടുകൾ വെച്ചിട്ടുണ്ട്. പക്ഷേ എപ്പോഴും പാകിസ്താൻ ഇങ്ങനെ ചെയ്യുമെന്ന് കരുതരുത്’’ -നഖ്‍വി പ്രതികരിച്ചു. പാകിസ്താൻ മുൻതായകൻ റഷീദ് ലത്തീഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനമുയർത്തി. ഇന്ത്യൻ സർക്കാറിനെപ്പോലെ പാകിസ്താനും തീരുമാനമെടുക്കുകയാണങ്കിൽ ഐ.സി.സിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന മുന്നറിയിപ്പാണ് റഷീദ് ലത്തീഫ് നൽകിയത്.

പോയവർഷം നടന്ന ഏഷ്യകപ്പിന് പാകിസ്താൻ ആതിഥ്യം വഹിച്ചിരുന്നെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു നടന്നത്.1996ൽ സംയുക്തമായി ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് ലോകകപ്പിന് ശേഷം പാകിസ്താൻ ഇതാദ്യമായാണ് ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്. 2008ന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദർശിച്ചിട്ടില്ല. ഐ.സി.സി ടൂർണമെന്റുകൾക്കായി പാകിസ്താൻ ഇന്ത്യയിലെത്തിയിട്ടുണ്ടെങ്കിലും 2013ന് ശേഷം ഇരുടീമുകളും തമ്മിലുള്ള പരമ്പരകളും അരങ്ങേറിയിട്ടില്ല.

TAGS :

Next Story