സഞ്ജു ഉണ്ടാകുമോ? ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിനെ നാളെ പ്രഖ്യാപിക്കും
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കാനിറങ്ങാത്തതിന്‍റെ അതൃപ്തി ബി.സി.സി.ഐ നേരത്തേ പരസ്യമാക്കിയിരുന്നു

അടുത്ത മാസം അരങ്ങേറുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ഉച്ചക്ക് 12.30 ന് ബി.സി.സി.ഐ ഹെഡ് ക്വാർട്ടേഴ്‌സിൽ വച്ച് രോഹിത് ശർമയും അജിത് അഗാർക്കറും മാധ്യമങ്ങളെ കാണും. ഇതേ വാർത്താ സമ്മേളനത്തിൽ വച്ച് തന്നെ ടീം പ്രഖ്യാപനം നടക്കുമെന്നാണ് റിപ്പോർട്ട്.
ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാം കിരീടം തേടിയാണ് ഇന്ത്യയിറങ്ങുന്നത്. സഞ്ജു സാംസൺ ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കാനിറങ്ങാത്തതിന്‍റെ അതൃപ്തി ബി.സി.സി.ഐ നേരത്തേ പരസ്യമാക്കിയിരുന്നു. ഇത് താരത്തിന് തിരിച്ചടിയാകുമെന്നും സൂചനയുണ്ട്.
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടി20 ഏകദിന പരമ്പരകളിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഫെബ്രുവരി 20 ന് ബംഗ്ലാദേശുമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു മത്സരങ്ങളിൽ ഫെബ്രുവരി 23 ന് പാകിസ്താനെയും മാർച്ച് മൂന്നിന് കിവീസിനെയും ഇന്ത്യ നേരിടും. ടീമിലേക്ക് പേസ് ബോളർ മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഷമി ഇടംപിടിച്ചിരുന്നു.
Adjust Story Font
16