'അഭിമാനമാണ് എന്‍റെ ടീം...'; തോല്‍വിയിലും ടീമംഗങ്ങളെ ചേര്‍ത്തുപിടിച്ച് സഞ്ജു സാംസണ്‍
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ ഏഴ് വിക്കറ്റിന്‍റെ പരാജയമാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്.
ഐ.പി.എല്‍ കലാശപ്പോരില്‍ വീണുപോയെങ്കിലും ടീമിനെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമാണുള്ളതെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഫൈനലില്‍ കാലിടറിയെങ്കിലും തങ്ങള്‍ക്ക് ഈ സീസൺ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് സഞ്ജു പറഞ്ഞു.'കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലായി ആരാധകര്‍ക്ക് നിരാശ മാത്രമാണ് നൽകിയതെങ്കിലും ഇത്തവണ അവരുടെ പ്രതീക്ഷകള്‍ അവസാനം വരെ സജീവമാക്കാന്‍ സാധിച്ചു. പ്ലേ ഓഫിലും ഫൈനലിലും എത്തിയതില്‍ സന്തോഷമുണ്ട്, കിരീടം നേടാനായില്ലെങ്കിലും ടീമിന്‍റെ പ്രകടനം ആരാധകര്‍ക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു. അതിന് സാധിച്ചതിൽ സന്തോഷം ഉണ്ട്. ടീമിനെ ഓര്‍ത്ത് അഭിമാനം മാത്രം''. സഞ്ജു കൂട്ടിചേര്‍ത്തു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ ഏഴ് വിക്കറ്റിന്‍റെ പരാജയമാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ വിജയശില്‍പി.രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റൺസെന്ന വിജയ ലക്ഷ്യം 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടക്കുകയായിരുന്നു. ബാറ്റിംഗ് നിര കവാത്ത് മറന്നെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അവസാനം വരെ പൊരുതി നോക്കി പ്രതീക്ഷ കാത്തു. എങ്കിലും അവസാന വിജയം ഗുജറാത്തിനൊപ്പമയിരുന്നു.
ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ നൽകിയ അവസരം യൂസ്വേന്ദ്ര ചഹാൽ കൈവിട്ടപ്പോള്‍ സാഹയെയും മാത്യൂ വെയിഡിനെയും യഥാക്രമം പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ട്രെന്‍റ് ബോള്‍ട്ടും സമ്മര്‍ദ്ദം സൃഷ്ടിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ഗുജറാത്തിനെ വരുതിയിൽ നിര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നിലയുറപ്പിച്ച് ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
53 പന്തിൽ 63 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ 14ാം ഓവറിലെ രണ്ടാം പന്തിൽ ചഹല്‍ തകര്‍ക്കുമ്പോള്‍ 45 റൺസ് കൂടി മാത്രമേ ഗുജറാത്തിന് വിജയത്തിലേക്ക് വേണ്ടിയിരുന്നുള്ളു. 34 റൺസ് നേടിയാണ് ഹര്‍ദ്ദിക് പാണ്ഡ്യ പുറത്തായത്. പിന്നീടെത്തിയ ഡേവിഡ് മില്ലര്‍ വേഗത്തില്‍ താളം കണ്ടെത്തിയതോടെ ഗുജറാത്ത് അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ഗിൽ 45 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ 19 പന്തിൽ 32 റൺസ് നേടി ഗുജറാത്തിനായി തിളങ്ങി. ഗില്ലും മില്ലറും ചേര്‍ന്ന് നടത്തിയ 47 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ആദ്യം ബാറ്റുചെയ്ത ചെയ്ത രാജസ്ഥാൻ റോയൽസിന് 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജുവിന്റെ തീരുമാനത്തിന് വിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്.
സ്‌കോർ 31 ൽ എത്തിനിൽക്കെ യശ്വസി ജയ്‌സ്വാൾ കൂടാരം കയറി. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തി.സ്‌കോർ ബോർഡിൽ 14 റൺസ് മാത്രം സംഭാവന ചെയ്ത് സഞ്ജുവും മടങ്ങിയതോടെ ടീം പരുങ്ങലിലായി. പിന്നീടെത്തിയ ദേവദത്ത് പടിക്കൽ 2 റൺസ് മാത്രമാണ് ടീമിനായി സംഭാവന ചെയ്തത്. ഇടവേളകളിൽ വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ഉറച്ച് നിന്ന സൂപ്പർതാരം ബട്‌ലറും പുറത്തായതോടെ ടീം തകർച്ചയിലേക്ക് വീണു. പിന്നീടെത്തിയ ബാറ്റർമാരെല്ലാം ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും സ്‌കോർ 130 എത്തിക്കാനേ സാധിച്ചുള്ളൂ.
ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മികച്ച ബൗളിങ് പ്രകടനമാണ് രാജസ്ഥാനെ തകർത്തത്. നാല് ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റാണ് ഹർദിക് നേടിയത്. സായ് കിഷോർ രണ്ടും യാഷ് ദയാൽ,റാഷിദ് ഖാൻ, ഷമി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Adjust Story Font
16