Quantcast

സഞ്ജുവും ധോണിയും നേര്‍ക്കുനേര്‍; ജയിച്ചാല്‍ രാജസ്ഥാന്‍ ഒന്നാമത്, പകരം വീട്ടാന്‍ ചെന്നൈയും

ഓപ്പണര്‍ ഡെവോൺ കോൺവെയും അജിങ്ക്യ രഹാനെയും സ്ഥിരത പുലര്‍ത്തുന്നത് ചെന്നൈയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    27 April 2023 12:59 PM GMT

ipl 2023, rr vs csk, match preview,rr ,csk,ms dhoni, sanju samson
X

എം.എസ് ധോണിയും സഞ്ജു സാംസണും

ഐ.പി.എല്ലില്‍ ഇന്ന് വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്മാരുടെ പോരാട്ടം. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്സും മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മത്സരം. ജയ്പൂർ സവായ്മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണു മത്സരം

ധോണിയുടെ സംഘവും സഞ്ജുവിന്‍റെ ടീമും തമ്മിലുള്ള ആദ്യ മത്സരത്തില്‍ ജയം രാജസ്ഥാനൊപ്പമായിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ജയം.

ചെപ്പോക്കിലെ തോല്‍വിക്ക് ജയ്പൂരില്‍ പകരം വീട്ടാനാകും ചെന്നൈയുടെ ശ്രമം. ചെന്നൈ കണക്കുതീര്‍ക്കാനെത്തുമ്പോള്‍ തുടര്‍ തോൽവികളിൽ നിന്ന് കരകയറുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. അവസാന രണ്ട് മത്സരത്തിലും കൈയ്യകലത്തിലാണ് രാജസ്ഥാന് ജയം നഷ്ടമായത്.

ലഖ്നൗവിനെതിരെ നിസാര വിജയലക്ഷ്യമായിരുന്നിട്ട് കൂടി അവസാന നിമിഷം രാജസ്ഥാന്‍ 10 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ബാംഗ്ലൂരിനെതിരെയും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ തോല്‍വി.

അതേസമയം തുടര്‍ച്ചയായ മൂന്നു മത്സരങ്ങളും ജയിച്ചാണ് ചെന്നൈയുടെ വരവ്. പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനം നിലനിര്‍ത്തുക തന്നെയാകും ധോണിയുടെ ലക്ഷ്യം. ചെന്നൈയെ സംബന്ധിച്ച് ബാറ്റർമാരെല്ലാം തന്നെ മികച്ച ഫോമിലാണ് ഓപ്പണര്‍ ഡെവോൺ കോൺവെയും അജിങ്ക്യ രഹാനെയും സ്ഥിരത പുലര്‍ത്തുന്നത് ചെന്നൈയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.

റോയല്‍സിനെ സംബന്ധിച്ച് ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്‍ലര്‍ പിന്നീട് നിറംമങ്ങിയത് തിരിച്ചടിയാണ്. ജയ്സ്വാളുമൊത്തുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ ബട്‍ലര്‍ തിളങ്ങിയാല്‍ രാജസ്ഥാന് പകുതി ആശ്വാസമാകും. സ്ഥിരതയില്ലാത്ത മധ്യനിരയും രാജസ്ഥാന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ദേവ്ദത്ത് പടിക്കല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് പ്രതീക്ഷാവഹമാണെങ്കിലും സഞ്ജുവുള്‍പ്പെടെയുള്ളവര്‍ ബാറ്റുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഫിനിഷര്‍ റോളില്‍ ധ്രുവ് ജുറേല്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച ബാറ്റിങ് പുറത്തെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജുറേലിന് ഇന്ന് സ്ഥാനക്കയറ്റം കിട്ടാനും സാധ്യതയുണ്ട്. ഹെറ്റ്മെയര്‍ ഉള്‍പ്പെടുന്ന മധ്യനിര അവസരത്തിനൊത്തുയര്‍ന്നാല്‍ രാജസ്ഥാന് മികച്ച ബാറ്റിങ് കാഴ്ചവെക്കാനാകും.

മോശം ഫോമിലുള്ള റിയാന്‍ പരാഗ് ഇന്നും പുറത്തിരിക്കും. ജേസണ്‍ ഹോള്‍ഡറുടെ ബാറ്റിംഗ് മികവ് ഉപയോഗിക്കാന്‍ റോയല്‍സ് ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതും ആരാധകര്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഏഴ് കളികളില്‍ നിന്നായി ആകെ രണ്ടേ രണ്ട് പന്തുകള്‍ മാത്രമാണ് ഹോള്‍ഡര്‍ ഇതുവരെ നേരിട്ടത്. ബാറ്റിങ് ഓര്‍ഡറില്‍ ഹോള്‍ഡര്‍ക്ക് മുമ്പായി അശ്വിനെയാണ് റോയല്‍സ് സ്ഥിരമായി പരീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇമ്പാക്ട് പ്ലെയറായെത്തിയ മലയാളി ഓൾ റൗണ്ടര്‍ അബ്ദുൽ ബാസിത്തിന് രാജസ്ഥാന്‍ ഇന്നും അവസരം കൊടുത്തേക്കും.

TAGS :

Next Story