റണ്ണഭിഷേകം; പഞ്ചാബിനെ 4 വിക്കറ്റിന് തകര്‍ത്ത് ഹൈദരാബാദ്
ഹൈദരാബാദിന് വിജയം സമ്മാനിച്ചത് അഭിഷേക് ശര്‍മയുടേയും ഹെന്‍ഡ്രിച്ച് ക്ലാസന്‍റേയും വെടിക്കെട്ട് പ്രകടനങ്ങള്‍
ഹൈദരാബാദ്: പ്ലേ ഓഫിന് മുമ്പുള്ള അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻഡ്രിച്ച് ക്ലാസന്റേയും വെടിക്കെട്ട് പ്രകടനങ്ങളാണ് ഹൈദരാബാദിന് തകർപ്പൻ ജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയ ലക്ഷ്യം ഹൈദരാബാദ് അഞ്ച് പന്ത് ബാക്കി നിൽക്കേ മറികടന്നു.
മറുപടി ബാറ്റിങ്ങിൽ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ കൂറ്റനടിക്കാരൻ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് അർഷദീപ് സിങ് ഹൈദരാബാദിനെ ഞെട്ടിച്ച് കളഞ്ഞു. എന്നാൽ സമ്മർദമേതുമില്ലാതെ കളിച്ച അഭിഷേക് ശർമ തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്‌കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ച അഭിഷേക് 21 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു. അഞ്ചാം ഓവറിൽ ത്രിപാഠി പുറത്തായ ശേഷം ക്രീസിലെത്തിയ നിതീഷ് റെഡ്ഡിയും മികച്ച ഫോമിലായിരുന്നു. പത്താം ഓവറിൽ 28 പന്തിൽ 66 റൺസുമായി അഭിഷേക് പുറത്തായി. ആറു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്.
എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ ഹെൻഡ്രിച്ച് ക്ലാസൻ തകർത്തടിച്ച് ഹൈദരാബാദിനെ വിജയതീരത്തെത്തിച്ചു. 42 റൺസെടുത്ത ക്ലാസൻ പുറത്തായെങ്കിലും അവസാന ഓവറില്‍ അബ്ദുസ്സമദും സന്‍വീര്‍ സിങ്ങും ചേര്‍ന്ന് പഞ്ചാബ് ഉയര്‍ത്തിയ റണ്‍മല താണ്ടി. നേരത്തേ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രഭ്‌സിംറാന്റെ അർധ സെഞ്ച്വറിയാണ് പഞ്ചാബിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 46 റൺസെടുത്ത ഓപ്പണർ അധർവ തായിഡേയും 49 റൺസെടുത്ത റിലി റൂസോയും പ്രഭ്‌സിംറാന് മികച്ച പിന്തുണ നൽകി.
Adjust Story Font
16