'ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.';സച്ചിന്റെ പോസ്റ്റ് സഞ്ജുവിനെ കുറിച്ചെന്ന് ആരാധകര്‍
സഞ്ജുവിനെ പരിഹസിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്
മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം അവസരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ക്രിക്കറ്റ് ലോകത്ത് ഉയർന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഐ.പി.എല്ലിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോഴും താരത്തെ നിരന്തരം തഴയുന്നത് തുടർക്കഥയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാനായില്ല. എന്നാൽ തൊട്ടുടനെ വന്നെ സിംബാബ്വേ പരമ്പരയിൽ താരം മികച്ച പ്രകടനം പുറത്തെടുത്തു.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ വീണ്ടും സഞ്ജുവിനോടുള്ള അവഗണനകൾ വലിയ ചർച്ചയായി. ഇന്ത്യ അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിന് ഏകദിന ടീമിൽ ഇടമുണ്ടായിരുന്നില്ല. എന്നാൽ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ അവസരം നൽകിയിട്ടും സഞ്ജു വൻ പരാജയമായിരുന്നു. രണ്ട് കളികളിലും താരം സംപൂജ്യനായി മടങ്ങി. ഇതോടെ പിന്തുണയർപ്പിച്ചവർ പോലും താരത്തിനെതിരെ തിരിഞ്ഞു. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് പലരും കുറിച്ചു. താരത്തെ പരിഹസിച്ചുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
അതിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇട്ടൊരു പോസ്റ്റ് വൈറലായി. രണ്ട് താറാവുകൾക്ക് തീറ്റ കൊടുത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ച് സച്ചിൻ കുറിച്ചത് ഇങ്ങനെയാണ്. 'ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഡക്കുകളെ ഞാൻ കാര്യമാക്കാറില്ല'. സച്ചിന്റെ പോസ്റ്റിന് താഴെ ഇത് സഞ്ജുവിനെ ഉദ്ദേശിച്ചല്ലേയെന്ന് നിരവധി ആരാധകർ ചോദിക്കുന്നുണ്ടായിരുന്നു. പിന്നീട് ട്രോളുകളുടെ പെരുമഴയായിരുന്നു. ഇക്കാര്യത്തില്‍ സച്ചിന് ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും നടത്തിയിട്ടില്ല. ഏതായാലും സഞ്ജു സാംസണ് ഇതത്ര നല്ല കാലമല്ല എന്ന് തന്നെ പറയേണ്ടി വരും.
Adjust Story Font
16