'കരിയറിൽ ഇങ്ങനെയൊരു പന്ത് നേരിട്ടിട്ടില്ല'; ബുംറയുടെ ബൗൺസർ ആക്രമണത്തെക്കുറിച്ച് ആൻഡേഴ്‌സൻ
ലോർഡ്‌സ് ടെസ്റ്റിൽ ജസ്പ്രീത് ബുംറയുടെ ബൗൺസർ വർഷത്തിൽ ശരിക്കും പകച്ചുപോയെന്ന് ഇംഗ്ലീഷ് ഇതിഹാസ താരം ജിമ്മി ആൻഡേഴ്‌സൻ തുറന്നുസമ്മതിച്ചു
ഇന്ത്യൻ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ ബൗൺസർ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം ജിമ്മി ആൻഡേഴ്‌സൻ. ലോര്‍ഡ്സ് ടെസ്റ്റില്‍ ബുംറയുടെ ബൗൺസർ വർഷത്തിൽ ശരിക്കും പകച്ചുപോയെന്ന് ആൻഡേഴ്‌സൻ സമ്മതിച്ചു. കരിയറിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
ഞാൻ ഇത്തിരി പകച്ചുപോയിരുന്നു. പിച്ച് സ്ലോ ആണെന്നായിരുന്നു ഡ്രസിങ് റൂമിലെത്തിയ ബാറ്റ്‌സ്മാന്മാരെല്ലാം പറഞ്ഞത്. ബുംറ സാധാരണ എറിയുന്ന വേഗത്തിലല്ല ഇപ്പോൾ എറിയുന്നതെന്ന് ഞാൻ ബാറ്റിങ്ങിനെത്തുമ്പോൾ നായകൻ ജോ റൂട്ടും പറഞ്ഞു. എന്നാൽ, ആദ്യ ബോൾ തന്നെ മണിക്കൂറിൽ 144 കി.മീറ്റർ വേഗതയിലായിരുന്നു. അതും കൃത്യതയോടെ. കരിയറിൽ ഇതുപോലൊരു പന്ത് മുൻപ് നേരിട്ടിട്ടില്ലെന്നാണ് തോന്നുന്നത്. എന്നെ പുറത്താക്കാനായിരുന്നില്ല ബുംറയുടെ നീക്കമെന്നാണ് തോന്നിയത്-ബിബിസിയുടെ 'ടെയ്‍ലെൻഡേഴ്‌സ് പോഡ്കാസ്റ്റി'ലായിരുന്നു ആൻഡേഴ്‌സന്റെ തുറന്നുപറച്ചിൽ.
മത്സരത്തിനിടെ ബുംറയും ആൻഡേഴ്‌സനും തമ്മിലുണ്ടായ വാക്കേറ്റം വാർത്തയായിരുന്നു. സാധാരണ സൗമ്യപ്രകൃതക്കാരനായ ബുംറയെ ആൻഡേഴ്‌സൻ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു മത്സരത്തില്‍. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയായിരുന്നു ഇത്. ഇന്ത്യ കൂട്ടത്തകർച്ച മുന്നിൽകണ്ട സമയത്തായിരുന്നു ബുംറയും മുഹമ്മദ് ഷമിയും ചേർന്ന് ഒൻപതാം വിക്കറ്റിൽ 89 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയത്. ഇന്ത്യയുടെ ഐതിഹാസിക വിജയത്തിൽ നിർണായകമായൊരു കൂട്ടുകെട്ട് കൂടിയായിരുന്നു അത്. ബാറ്റിങ്ങിനിടെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ആൻഡേഴ്‌സനോട് ബുംറ തിരിച്ചും കയർക്കാൻ ശ്രമിച്ചിരുന്നു.
Adjust Story Font
16