Quantcast

സ്പെയിന് സമനില മതി, ജര്‍മനിക്ക് ജയിച്ചാലും പോരാ... ഗ്രൂപ്പ് ഇയില്‍ ഇന്ന് മരണക്കളി

ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും

MediaOne Logo

Web Desk

  • Published:

    1 Dec 2022 1:09 PM

സ്പെയിന് സമനില മതി, ജര്‍മനിക്ക് ജയിച്ചാലും പോരാ... ഗ്രൂപ്പ് ഇയില്‍ ഇന്ന് മരണക്കളി
X

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ അവസാനവട്ട മത്സരങ്ങളിലേക്കെത്തുമ്പോള്‍ പോരാട്ടങ്ങള്‍ കടുക്കുകയാണ്. അവസാന മത്സരം കഴിയാതെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കഴിയാത്തവരില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനുമുള്‍പ്പെടെയുണ്ട്.

ഇന്ന് നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഇയില്‍ നിന്നുള്ള പ്രീക്വാര്‍ട്ടര്‍ ലൈനപ്പിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകും. യഥാക്രമം 2010ലെയും 2014ലെയും ലോകചാമ്പ്യന്മാരാണ് സ്പെയിനും ജര്‍മനിയും. പക്ഷേ ഇത്തവണ കാര്യങ്ങള്‍ അല്‍പ്പം കടുപ്പമാണ്. സ്പെയിന് ഒരു സമനില മതിയെങ്കില്‍ ജര്‍മനിയുടെ കാര്യം അങ്ങനെയല്ല, കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ ജയിക്കുകയും സ്പെയിന്‍-ജപ്പാന്‍ മത്സരത്തില്‍ സ്പെയിന്‍റെ വിജയത്തിനായി പ്രാര്‍ഥിക്കുകയും വേണം.

നിലവില്‍ ഗ്രൂപ്പ് ഇയില്‍ നാല് പോയിന്‍റോടെ സ്പെയിനാണ് മുന്നില്‍. ഗോള്‍ ഡിഫറന്‍സിലും സ്പെയിന്‍ ഏറെ മുന്നിലാണ്. ഇന്ന് ജപ്പാനെതിരായ മത്സരത്തില്‍ ഒരു സമനില മാത്രം നേടിയാലും അഞ്ച് പോയിന്‍റോടെ സ്പെയിന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. മറിച്ച് ജപ്പാന്‍ സ്പെയിനെ അട്ടിമറിച്ചാല്‍ ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ ആറ് പോയിന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്തും. ഇനി മത്സരം സമനിലയിലെത്തുകയാണെങ്കില്‍ സ്പെയിന്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ഉറപ്പിക്കുകയും ജപ്പാന് കോസ്റ്ററിക്ക-ജര്‍മനി മത്സരത്തിലെ ഫലം കാത്തിരിക്കുകയും വേണം.

ജര്‍മനി-കോസ്റ്ററിക്ക മത്സരത്തിലേക്ക് വരികയാണെങ്കില്‍‌ ജര്‍മനിക്ക് ജയത്തില്‍ കുറഞ്ഞതൊന്നും പ്രീക്വാര്‍ട്ടര്‍ സാധ്യത അവശേഷിപ്പിക്കില്ല. ജര്‍മനി ജയിക്കുന്നതോടൊപ്പം സ്പെയിന്‍ ജപ്പാനെ പരാജയപ്പെടുത്തുക കൂടി ചെയ്താല്‍ ജര്‍മനിക്ക് അടുത്ത ഘട്ടത്തിലേക്ക് വഴി തെളിയും. കോസ്റ്ററിക്ക ജര്‍മനിയെ പരാജയപ്പെടുത്തുകയും ജപ്പാന്‍ സ്പെയിനെതിരെ വിജയിക്കുകയും ചെയ്താല്‍ ജപ്പാന്‍ ഒന്നാം സ്ഥാനക്കാരയും കോസ്റ്ററിക്ക രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറിലെത്തും.

ലോകകപ്പില്‍ ഗ്രൂപ്പ് എഫിലും ഇന്ന് നിര്‍ണായക മത്സരങ്ങളാണ് നടക്കുന്നത്. ബെല്‍ജിയവും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറുമെന്നുറപ്പാണ്. ആരു തോറ്റോ അവര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കും. പ്രീക്വാര്‍ട്ടറിലെത്താന്‍ ബെല്‍ജിയത്തിന് ജയം അനിവാര്യമാണെങ്കില്‍ ക്രൊയേഷ്യക്ക് ഒരു സമനില മതിയാവും. എന്നാല്‍ ജയിക്കാനായി കളിക്കുന്ന ബെല്‍ജിയത്തിന് മുന്നില്‍ അവര്‍ സമനിലക്കായി കളിക്കില്ലെന്നുറപ്പാണ്.

മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണിപ്പോള്‍. നാല് പോയിന്‍റുള്ള ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം- രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടാകാന്‍ സാധ്യത നന്നേ കുറവാണ് .

TAGS :

Next Story