കളി തോല്‍പ്പിച്ചത് കാര്‍ത്തിക്? കരണ്‍ ശര്‍മക്ക് സ്ട്രൈക്ക് കൊടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനം
അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് തവണയാണ് കരണ്‍ സിക്സസര്‍ പറത്തിയത്
എട്ട് കളികൾ.. ഒരൊറ്റ ജയം.. ഏഴ് തോൽവികൾ. ആകെ സമ്പാദ്യം രണ്ട് പോയിന്റ്. ഈ സാല കപ്പ് നംദേ എന്ന് തമാശക്ക് പോലുമിനി വിളിച്ച് പറയില്ല ആർ.സി.ബി ആരാധകർ. തോറ്റ് തോറ്റിതെങ്ങോട്ടാണെന്ന് ഒരേ സ്വരത്തിൽ ഡുപ്ലെസിസിനും സംഘത്തോടും ചോദിക്കുന്നു അവര്‍.
അവസാന പന്ത് വരെ ജയപരാജയങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിലായിരുന്നു ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തയുടെ നാടകീയ ജയം. ജയമുറപ്പിച്ച ഘട്ടത്തിൽ തുലച്ചു കളഞ്ഞ വിക്കറ്റുകള്‍. സഹതാരങ്ങളുടെ പ്രഹരശേഷിയിൽ വിശ്വാസമില്ലാതെ പാഴാക്കിക്കളഞ്ഞ സിംഗിളുകൾ. ഈഡൻ ഗാർഡനിൽ കൊൽക്കത്തക്കെതിരായ ആവേശപ്പോരിൽ പല താരങ്ങളേയും പഴിക്കുന്നു ബാംഗ്ലൂര്‍ ആരാധകരിപ്പോൾ.
അതിലേറ്റവും പഴി കേട്ടത് സീസണില്‍ അത്യുഗ്രന്‍ ഫോമില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക്കാണ്. ഒമ്പതാമനായി ക്രീസിലെത്തിയ കരണ്‍ ശര്‍മയില്‍ പ്രതീക്ഷ വക്കാതിരുന്ന ദിനേശ് കാര്‍ത്തിക്ക് 19 ാം ഓവറില്‍ നിഷേധിച്ച സിംഗിളുകളാണ് കളി തോല്‍ക്കാനുള്ള പ്രധാന കാരണം എന്നാണ് ആരാധകരില്‍ പലരുമിപ്പോള്‍ പറയുന്നത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബിയുടെ വിജയപ്രതീക്ഷകള്‍ അവസാന രണ്ട് ഓവറില്‍ ഉയര്‍ന്നത് വാനോളമാണ്. കൊൽക്കത്തക്കായി 19ാം ഓവർ എറിയാൻ ആന്ദ്രേ റസൽ എത്തുമ്പോൾ ബാംഗ്ലൂര്‍ സ്‌കോർബോർഡിൽ 192 റൺസാണുണ്ടായിരുന്നത്. 12 പന്തിൽ ജയിക്കാൻ വേണ്ടത് 31 റൺസ്. സീസണിൽ ടീം പരാജയത്തിന്റെ പടുകുഴിയിലാണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ഡി.കെ അത്യുഗ്രൻ ഫോമിലാണെന്നത് ഇക്കുറിയും ആരാധകർക്ക് പ്രതീക്ഷയേകി.
ആദ്യ പന്തിൽ തന്നെ ഡി.കെ കൂറ്റനടിക്ക് ശ്രമിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന റസൽ ഒരു സ്ലോ ബോളെറിഞ്ഞ് താരത്തെ കബളിപ്പിച്ചു. പന്ത് കണക്ടായില്ല. ഡി.കെ യുടെ തോളിൽ തട്ടിയ ശേഷം പന്ത് തേർഡ് മാൻ ഏരിയയിലേക്ക്. ഒരു സിംഗിൾ ഓടിയെടുക്കാൻ കഴിയുമായിരുന്നെങ്കിലും കാർത്തിക്ക് നോൺ സ്‌ട്രൈക്കിങ് എന്റിലുണ്ടായിരുന്ന കരൺ ശർമയെ കൈകൊണ്ട് ആംഗ്യം കാണിച്ച് അവിടെ തന്നെ നിൽക്കാൻ ആവശ്യപ്പെട്ടു. രണ്ടാം പന്തിൽ റസൽ ബ്രില്ല്യൻസാണാരാധകർ കണ്ടത്. റസലൊരു ഫുള്ളർ ലെങ്ത് ബോളെറിഞ്ഞു. പന്തിനെ ഫ്‌ളിക് ചെയ്യാൻ കാർത്തിക് ശ്രമിച്ചെങ്കിലും ഇക്കുറിയും ശ്രമം പാളി. പാഡിൽ തട്ടിയ പന്ത് ഫൈൻ ലെഗ്ഗിലേക്ക്.. ഇവിടെയും റണ്ണെടുക്കാൻ ഡി.കെ കൂട്ടാക്കിയില്ല. മൂന്നാം പന്തിനെ ഡീപ് ബാക്ക്വേർഡ് സ്‌ക്വയർ ലെഗ്ഗിലൂടെ ഡി.കെ ഗാലറിയിലെത്തിച്ചതോടെ ആർ.സി.ബി യുടെ വിജയപ്രതീക്ഷകൾ വീണ്ടും വാനോളമുയർന്നു.
എന്നാൽ നാലാം പന്തിൽ ഒരിക്കൽ കൂടി കരൺ ശർമക്ക് സ്‌ട്രൈക്ക് നിഷേധിച്ച് കാർത്തിക്ക് സിംഗിളോടാൻ കൂട്ടാക്കാതെ പന്ത് പാഴാക്കി. അഞ്ചാം പന്തിനെ അതിർത്തി കടത്തിയെങ്കിലും അവസാന പന്തിൽ ഫിലിപ് സാൾട്ടിന് ക്യാച്ച് നൽകി താരം പുറത്തായതോടെ ആരാധകർ തലയിൽ കൈവച്ചു. പ്രതീക്ഷ വച്ചവരൊന്നും ക്രീസിൽ ഇല്ലാത്തത് കൊണ്ട് ആർ.സി.ബി ആരാധകർ ഏറെക്കുറെ തോൽവിയുറപ്പിച്ചു. റസലിന്റെ ഓവറിൽ ആകെ പിറന്നത് പത്ത് റൺസാണ്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് ഇനി 21 റൺസ്.
ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വേഗപ്പന്തുകാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് പന്തെറിയാനെത്തുമ്പോൾ ക്രീസിൽ കരൺ ശർമ. സ്റ്റാർക്ക് എറിഞ്ഞ ആദ്യ പന്തിനെ ഡീപ് ബാക്വേർഡ് പോയിന്റിലൂടെ കരൺ അതിർത്തി കടത്തുന്നത് അവിശ്വസനീയമായാണ് ആരാധകർ കണ്ടു നിന്നത്. അടുത്ത പന്ത് കരൺ പാഴാക്കി. ജയിക്കാൻ ഇനി നാല് പന്തിൽ വേണ്ടത് 15 റൺസ്. മൂന്നാം പന്ത് എക്‌സ്ട്രാ കവറിന് മുകളിലൂടെ വീണ്ടും സിക്‌സർ. കരൺ ആർ.സി.ബി ആരാധകരെ ആവേശക്കൊടുമുടി കയറ്റുകയായിരുന്നു.
കരൺ ഷോ അവിടം കൊണ്ടവസാനിച്ചില്ല. സ്റ്റാർക്കിന്റെ നാലാം പന്തിനെ ഡീപ് ബാക്ക്വേർഡ് പോയിന്റിന് മുകളിലുടെ വീണ്ടും ഗാലറിയിലെത്തിച്ചു ആ 35 കാരന്‍. ഒരോവറിൽ ജയിക്കാൻ 21 എന്ന നിലയിൽ നിന്ന് രണ്ട് പന്തിൽ മൂന്ന് എന്ന നിലയിലേക്കെത്തിച്ചു കരൺ. എല്ലാ പ്രതീക്ഷകളും കൈവിട്ട് ഡഗ്ഗൗട്ടിലിരുന്ന വിരാട് കോഹ്ലിയടക്കമുള്ള താരങ്ങൾ ഇരിപ്പിടങ്ങൾ മറന്ന് തുള്ളിച്ചാടി.
എന്നാൽ സ്റ്റാർക്കിന്റെ അഞ്ചാം പന്ത് ഒരു ലോ ഫുൾ ടോസായിരുന്നു. പന്ത് അടിച്ചുയർത്തുന്നതിൽ പരാജയപ്പെട്ട സ്റ്റാർക്കിന് തന്നെ ക്യാച്ച് നൽകി മടങ്ങിയതോടെ വീണ്ടും മത്സരം അനിശ്ചിതത്വത്തിലേക്ക്. അതിനാടകീയമായ ആ പോരാട്ടം അവസാന പന്തിലേക്ക് കടന്നു. ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടത് ഇനി ഒരു പന്തിൽ മൂന്ന് റൺസ്. സട്രൈക്കേഴ്‌സ് എന്റിൽ ലോക്കി ഫെർഗൂസൺ. എക്സ്സ്ട്രാ കവറിലേക്ക് പന്തടിച്ചിട്ട് ഡബിളിനായ ഓടിയ ഫെർഗൂസണെ സാൾട്ട് ഒനു മനോഹരമായ സ്റ്റംബിങ്ങിലൂടെ പുറത്താക്കി. ഈഡൻ ഗാർഡനിൽ കൊൽക്കത്ത് ആവേശ ജയം. ഒരു റണ്ണിന്റെ വിജയമാണ് ആതിഥേയർ കുറിച്ചത്. കരണിന്റെ പ്രഹര ശേഷിയിൽ സംശയമുണ്ടായിരുന്ന ദിനേശ് കാർത്തിക്ക് 19ാം ഓവറിൽ നിഷേധിച്ച ആ മൂന്ന് സിംഗിളുകളുണ്ടായിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു എന്നാണ് മത്സര ശേഷം ആരാധകരില്‍ പലരും സോഷ്യല്‍ മീഡയയില്‍ കുറിച്ചത്. മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട കരണ്‍ മൂന്ന് സിക്സടക്കം 20 റണ്‍സാണ് അടിച്ചെടുത്തത്.
മത്സരത്തിൽ ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ പുറത്താകലും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. കൊൽക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരവെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ഫുൾടോസിൽ കോഹ്‌ലി പുറത്തായത്. ഹർഷിത് റാണ എറിഞ്ഞ പന്ത് നേരിടുന്നതിൽ വിരാടിന് പിഴച്ചു. ബാറ്റിന്റെ മുകൾഭാഗത്ത് തട്ടിയ പന്ത് നേരെ ഹർഷിതിന്റെ കൈകളിലേക്ക് തന്നെയാണെത്തിയത്. അരപ്പൊക്കത്തില്‍ ഉയർന്നുവന്ന പന്ത് അമ്പയർ നോബൗൾ വിളിക്കുമെന്നാണ് കോഹ്ലി കരുതിയത്. എന്നാൽ ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചു. ഇതോടെ ആർസിബി റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ കോഹ്ലി ക്രീസിന് പുറത്തേക്കിറങ്ങി പന്ത് നേരിട്ടതിനാൽ നോബൗൾ അല്ലെന്നാണ് തേർഡ് അമ്പയറും തീരുമാനമെടുത്തത്.
ഇതോടെ ഫീൽഡ് അംപയറുമായി കയര്‍ത്താണ് കോഹ്‌ലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഡഗൗട്ടിലെത്തിയിട്ടും മുൻ ആർസിബി നായകന്‍റെ അരിശമടങ്ങിയില്ല. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തി വീണ്ടും തർക്കിച്ചു.. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ടകള്‍ താരം തട്ടിത്തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു. മത്സരത്തിൽ ഏഴ് ബോളിൽ ഒരു ഫോറും രണ്ട് സിക്സറുകളും സഹിതം കോലി 18 റൺസാണ് അടിച്ചെടുത്തത്. താരത്തെ പിന്തുണച്ച് മുന്‍ ആര്‍.സി.ബി താരമായ എബി ഡിവില്ലേഴ്‌സ് പിന്നീട് രംഗത്തെത്തിയിരുന്നു.
Adjust Story Font
16