സഞ്ജുവിനെ പിന്തുണച്ചത് ഇഷ്ടപ്പെട്ടില്ല; ശ്രീശാന്തിനെതിരെ വക്കീല്‍ നോട്ടീസയച്ച് കെസിഎ
കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന.

കൊച്ചി: സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ( കെസിഎ) വക്കീൽ നോട്ടീസ്.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് നോട്ടീസില്‍ പറയുന്നു. സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രീശാന്ത് സഞ്ജുവിനെ പിന്തുണച്ചിരുന്നു.
കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ചട്ടം ലംഘിച്ചെന്നും പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമർശങ്ങളെന്നും നോട്ടിസിൽ പറയുന്നു.
കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന. കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാതെ വരികയും ചെയ്തതോടെയാണ് കെസിഎക്കെതിരെ ആരാധകര്‍ തിരിഞ്ഞത്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ മലയാളി താരത്തിന് ഇടം ലഭിക്കാത്തതിന് പിന്നിലും കെസിഎ നടപടി കാരണമായെന്ന വിമര്‍ശനവും ആരാധകര്‍ ഉന്നയിച്ചിരുന്നു.
Adjust Story Font
16