Quantcast

ഗാബയില്‍ അന്ന് ഓസീസിനെ നാണംകെടുത്തിയ ക്യാപ്റ്റന്‍ രഹാനെ; ഇന്ന് കെ.കെ.ആറിന്‍റെ തലപ്പത്ത്

അണ്‍സോള്‍ഡ് ലിസ്റ്റില്‍ നിന്ന് വെറും ഒന്നരക്കോടിക്കാണ് കൊല്‍ക്കത്ത രഹാനെയെ ടീമിലെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    13 Dec 2024 10:20 AM GMT

ഗാബയില്‍ അന്ന് ഓസീസിനെ നാണംകെടുത്തിയ ക്യാപ്റ്റന്‍ രഹാനെ; ഇന്ന് കെ.കെ.ആറിന്‍റെ തലപ്പത്ത്
X

വര്‍ഷം 2021 ഡിസംബര്‍ 19 . അഡ്ലൈഡില്‍ അന്നെല്ലാം വേഗത്തിലായി. രണ്ടാം ഇന്നിങ്സില്‍ വെറും 36 റൺസിന് ഓൾ ഔട്ടായ ടീം ഇന്ത്യയെ വെറും 20 ഓവറില്‍ കങ്കാരുക്കള്‍ കെട്ടുകെട്ടിച്ചു. അഡ്ലൈഡില്‍ വഴങ്ങിയ നാണംകെട്ട തോല്‍വിക്ക് പിറകേ ടീം ഇന്ത്യക്കെതിരെ പുറത്തിറങ്ങിയ പ്രസ്താവനകളൊക്കെ ബാന്‍ററുകളായിരുന്നു. 'അഡ്‌ലൈഡിന് ശേഷം ഈ സീരീസ് ഒരു വൈറ്റ് വാഷിലാണ് അവസാനിക്കുക എന്നുറപ്പായി' എന്ന് റിക്കി പോണ്ടിങ്. 'കോഹ്‌ലിയില്ലാതെ ഈ സീരീസ് വിജയിച്ചാൽ നിങ്ങൾക്ക് ഒരു വർഷം മുഴുവൻ ആഘോഷിക്കാൻ ഉള്ള വകയുണ്ട്. പക്ഷെ അത് സംഭവിക്കില്ലെന്ന് ' മൈക്കിൾ ക്ലർക്ക്. 'ഇന്ത്യക്കാരോട് പറയൂ അവർ 4-0 ന് നിലം പരിശാകാൻ പോവുകയാണെന്ന്. അഡ്‌ലൈഡ് തുടക്കം മാത്രമാണ് ' എന്ന് മൈക്കിൾ വോൻ. 'ജയിക്കാൻ ആകെയുള്ള ഒരവസരം അഡ്‌ലൈഡ് ആയിരുന്നു. അത് കളഞ്ഞു കുളിച്ച സ്ഥിതിക്ക് ഇനി ഇന്ത്യ തിരിച്ചുവരില്ലെന്ന്' ബ്രാഡ് ഹാഡിൻ.

മെല്‍ബണിലെ വിജയത്തിനും സിഡ്നിയിലെ സമനിലക്കും ശേഷം ഗാബയില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ വിരാട് കോഹ്‍ലി മാത്രമല്ല. ബുംറയും, രവീന്ദ്ര ജദേജയും , മുഹമ്മദ് ഷമിയുമടക്കം പല വന്മരങ്ങളും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നില്ല. എട്ട് പരിക്കേറ്റ താരങ്ങൾ. അവർക്ക് പകരക്കാരായി വന്നവരിൽ അഞ്ച് പേർ ആദ്യ കളിക്കിറങ്ങുന്നവർ. നേരിടാനുള്ളത് ഓസ്‌ട്രേലിയയുടെ അക്കാലത്തെ ഏറ്റവും മികച്ച നിരയെ. പിന്നെ സംഭവിച്ചതൊക്കെ ചരിത്രമാണ്. എഴുതിതള്ളിയവരൊക്കെ ഗാബയില്‍ പോരാളികളായി. പൂജാര , ഋഷഭ് പന്ത് , ശുഭ്മാൻ ഗിൽ , മുഹമ്മദ് സിറാജ് , ഷർദുൽ താക്കൂർ, നടരാജൻ അങനെയങ്ങനെയങ്ങനെ.

തനിക്കെതിരെ കൂവിയാര്‍ത്ത ഗ്യാലറിക്ക് മുന്നിലൂടെ ഗാബയില്‍ 5 വിക്കറ്റ് പിഴുത പന്തുയർത്തിപ്പിടിച്ച് സിറാജ് പവലിയനിലേക്ക് മടങ്ങുന്നു. തെറിവിളിച്ച ഗാലറി തന്നെ അയാള്‍ക്കായി എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. നവ്ദീപ് സൈനിയെ നോൺ സ്ട്രൈക്കിങ് എന്റിൽ നിർത്തി ജോഷ് ഹേസൽവുഡിനെ ലോങ് ഓഫിലൂടെ അതിർത്തി കടത്തി ഋഷഭ് പന്തെന്ന 24 കാരൻ ഗാബയെന്ന ഓസീസിന്റെ ഉരുക്കു കോട്ട പൊളിക്കുന്നു. വിമര്‍ശകര്‍ക്ക് മുന്നില്‍ കോഹ്‌ലിയില്ലെങ്കിൽ ടീം ഇന്ത്യയില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ അജിൻക്യ രഹാനെ കപ്പുയർത്തിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളില്‍ ഗാബ മായാത്ത ഓര്‍മകളെ വരഞ്ഞിട്ടത് ഇങ്ങനെയൊക്കെയാണ്. വര്‍ഷം മൂന്ന് പിന്നിട്ടു. അന്ന് ഇന്ത്യക്കായി ഐതിഹാസികമായ പരമ്പര നേട്ടം കുറിച്ച നായകന്‍ അജിന്‍ക്യ രഹാനേക്ക് ഇപ്പോള്‍ പ്രായം 36. അയാളുടെ കളിയെ പ്രായം വല്ലാതെ ബാധിച്ച് തുടങ്ങിയിട്ടുണ്ടെന്ന് ക്രിക്കറ്റ് ലോകത്ത് പരക്കെ സംസാരമുയരുന്നുണ്ട്.

ഐ.പി.എല്‍ താരലേലത്തില്‍ പോലും രഹാനെയെ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും വേണ്ടായിരുന്നു. രണ്ടാം ഘട്ടത്തില്‍ വെറും ഒന്നരക്കോടിക്കാണ് കൊല്‍ക്കത്ത അയാളെ വിളിച്ചെടുത്തത്. ആളെ തികക്കാന്‍ വേണ്ടി മാത്രമാണ് കൊല്‍ക്കത്ത രഹാനെയെ വിളിച്ചെടുത്തതെന്ന് വരെ പരിഹാസമുയര്‍ന്നു. പക്ഷെ കാര്യങ്ങള്‍ മാറിമറിയാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളേയെടുത്തുള്ളൂ. കൊല്‍ക്കത്തയുടെ നായകപദവിയിലേക്ക് ആര്‍ക്കും വേണ്ടാത്ത രഹാനെയുടെ പേര് ഒരേ സ്വരത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടിപ്പോള്‍. പല്ലു കൊഴിഞ്ഞ സിംഹമെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ സയ്യിദ് മുശ്താഖ് അലി ട്രോഫിയിലെ നിര്‍ണായക മത്സരങ്ങളി‍ല്‍ ആ 36 കാരന്‍ നിറഞ്ഞാടി. കളിച്ച ആറ് ഇന്നിങ്സില്‍ നാലിലും അര്‍ധ സെഞ്ച്വറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ബക്കെതിരെ മുംബൈ നേടിയ ചരിത്ര വിജയത്തിന് മുന്നില്‍ നിന്ന് തേര് തെളിച്ചു.

ശ്രേയസ് അയ്യറും സൂര്യകുമാര്‍ യാദവുമൊക്കെ വീണിടത്താണ് രഹാനെ ടീമിനെ തോളിലേറ്റിയത്. 222 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് വിദര്‍ബ മുംബൈക്ക് മുന്നിലുയര്‍ത്തിയത്. പ്രിഥ്വി ഷാക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത രഹാനെ 45 പന്തില്‍ അടിച്ചെടുത്തത് 84 റൺസ്. മൂന്ന് പടുകൂറ്റന്‍ സിക്സുകളും പത്ത് ഫോറുകളും അയാളുടെ ഇന്നിങ്സിന് മിഴിവേകി. രണ്ടക്കം കാണാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും നാലാമനായെത്തിയ സൂര്യകുമാര്‍ യാദവും മടങ്ങിയപ്പോഴും രഹാനെ ക്രീസില്‍ തന്നെയുണ്ടായിരുന്നു. ഒടുക്കം ശിവം ദൂബേക്കും സൂര്യാന്‍ഷ് ഷെഡ്ജേക്കും വിജയവഴി എളുപ്പമാക്കിക്കൊടുത്താണ് അയാള്‍ കളംവിട്ടത്. കളിക്ക് ശേഷം രഹാനെയെ തേടി തന്നെ മാന്‍ ഓഫ് ദമാച്ച് പുരസ്കാരമെത്തി.

ആന്ദ്രക്കെതിരെ 54 പന്തില്‍ 95 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. അന്നും കളിയിലെ താരം അയാള്‍ തന്നെയായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ മുംബൈയുടെ ക്വാര്‍ട്ടര്‍ പ്രവേശം എളുപ്പമാക്കുന്നതില്‍ ഈ ജയം നിര്‍ണായക പങ്കുവഹിച്ചു. കേരളത്തിനെതിരെ 35 പന്തിൽ 68, മഹാരാഷ്ട്ര്‌ക്കെതിരെ 32 പന്തിൽ 54, സർവീസസിനെതിരെ 18 പന്തിൽ 22, ഗോവക്കെതിരെ 13 പന്തിൽ 13 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോറുകൾ. ആറ് ഇന്നിങ്‌സുകളിൽ നിന്ന് 55.66 ശരാശരിയിൽ അടിച്ചെടുത്തത് 334 റൺസ്. 167 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്. ടി20 ക്രിക്കറ്റില്‍ ഇത് മോഹിപ്പിക്കുന്ന കണക്കാണ്. മുശ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ നാലാമനാണിപ്പോള്‍ രഹാനെ. സെമിയിലും കലാശപ്പോരിലുമൊക്കെ ഈ മിന്നും ഫോം തുടര്‍ന്നാല്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താന്‍ താരത്തിന് പ്രയാസമേതുമുണ്ടാവില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള കളിക്കാര്‍ ബിഹാറിന്‍റേയും ബംഗാളിന്‍റേയും താരങ്ങളാണ്. ഇരുടീമുകളും നേരത്തേ തന്നെ പുറത്തായതും രഹാനെക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെ നായകപദവി ഏറെക്കുറേ രഹാനെയെ തേടി തന്നെയെത്തുമെന്ന കാര്യം ഉറപ്പാണ്. ടി 20 ക്രിക്കറ്റില്‍ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായ ഘട്ടത്തിലാണ് അണ്‍സോള്‍ഡ് ലിസ്റ്റില്‍ നിന്ന് കെ.കെ.ആറിന്‍റെ തലപ്പത്തേക്ക് രഹാനെയുടെ മാസ് എന്‍ഡ്രി. വൻതുക നൽകി കൊൽക്കത്ത ടീമിലെത്തിച്ചവരും നിലനിർത്തിയവരുമായ സൂപ്പർ താരങ്ങളെ നയിക്കാനാണ് വെറും ഒന്നരക്കോടി പ്രതിഫലം വാങ്ങുന്ന രഹാനെയെത്തേടി നിയോഗമെത്തുന്നത്.

തന്‍റെ 34 ാം വയസില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ചേര്‍ന്ന രഹാനെയെ തുടക്കത്തില്‍ ആരും കണക്കില്‍ കൂട്ടിയിരുന്നില്ല. പക്ഷെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ അയാള്‍ തന്‍റെ ഉള്ളിലെ അടങ്ങാത്ത പോരാട്ടവീര്യത്തെ വാങ്കഡെയില്‍ കയറൂരിവിട്ടു. 19 പന്തില്‍ നിന്ന് അന്ന് രഹാനെ അര്‍ധ സെഞ്ച്വറിയില്‍ തൊട്ടു. മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം രഹാനെയുടെ ചിറകിലേറിയാണ് ചെന്നൈ അന്ന് മറികടന്നത്. ആ സീസണില്‍ കിരീടം ചൂടിയ ചെന്നൈ നിരയില്‍ നിര്‍ണായക റോളുണ്ടായിരുന്നു രഹാനേക്ക്. 14 മത്സരങ്ങളില്‍ ചെന്നൈ ജഴ്സിയണിഞ്ഞ രഹാനെ അടിച്ചെടുത്തത് 326 റണ്‍സ്. 172 സ്ട്രൈക്ക് റൈറ്റിലാണ് താരം സീസണിലുടനീളം ബാറ്റ് വീശിയത്.

ഐ.പി.എല്ലില്‍ നേരത്തേ രാജസ്ഥാന്‍ റോയല്‍സിനായും ഡല്‍ഹിക്കായും കൊല്‍ക്കത്തക്കായും രഹാനെ കളത്തിലിറങ്ങിയിട്ടുണ്ട്. 145 മത്സരങ്ങളില്‍ നിന്ന് 4642 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. രണ്ട് സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും ഈ വെറ്ററന്‍ താരത്തിന്‍റെ പേരിലുണ്ട്. 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ടി20 കളിലും രഹാനെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്‌. ടെസ്റ്റില്‍ 5077 റൺസും ഏകദിനത്തിൽ 2962 റൺസും ടി20 യിൽ 375 റൺസുമാണ് സമ്പാദ്യം.

2018 ലും 2019 ലും രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകപദവിയിലുണ്ടായിരുന്ന രഹാനെ രഞ്ജിയില്‍ മുംബൈയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തിരുന്നു. ഇടക്കാലത്ത് ഇന്ത്യന്‍ ദേശീയ ടീമിന്‍റെ നായകപദവിയും അലങ്കരിച്ചിട്ടുള്ള രഹാനെയുടെ ഈ പരിജയസമ്പത്താണ് കൊല്‍ക്കത്തയെ അയാളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. എഴുതിത്തള്ളിയപ്പോഴൊക്കെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തഴുന്നേറ്റിട്ടുള്ള രഹാനെയുടെ മറ്റൊരു കംബാക്കിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകര്‍.

TAGS :

Next Story