'മെസിയോട് എംബാപ്പെക്ക് അസൂയയായിരുന്നു'; പി.എസ്.ജിയിലെ അനുഭവങ്ങൾ പങ്കുവച്ച് നെയ്മർ
'ഈഗോയൊക്കെ നല്ലതാണ്. പക്ഷെ നിങ്ങൾ ഒറ്റക്കല്ല കളിക്കുന്നത് എന്നോർക്കണം'

ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ലയണൽ മെസിയും കിലിയൻ എംബാപ്പെയും നെയ്മറും. മൂവരും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ ഒരുമിച്ച് പന്തു തട്ടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗെന്ന വലിയ നേട്ടം സ്വന്തമാക്കാൻ ലോകത്തെ മികച്ച താരങ്ങളെയൊക്കെ തട്ടകത്തിലെത്തിച്ച് കരു നീക്കം നടത്തിയ പി.എസ്.ജി മാനേജ്‌മെന്റിന് എന്നാൽ ആ നേട്ടത്തിലെത്താനായില്ല. പി.എസ്.ജിയിലെ പ്രശ്‌നകലുഷിതമായ അന്തരീക്ഷത്തിലാണ് ലിയോ പടിയിറങ്ങിയത്. താരത്തിനെതിരെ പി.എസ്.ജി ആരാധകർ തന്നെ പലവുരു കൂവിയാർക്കുന്ന കാഴ്ചകൾക്ക് ഫ്രഞ്ച് മണ്ണ് സാക്ഷിയായി.
ഇപ്പോഴിതാ പി.എസ്.ജിയിൽ ഉണ്ടായിരുന്ന കാലത്തെ ഒരു അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നെയ്മർ. മെസി ടീമിൽ വന്നതോടെ എംബാപ്പെക്ക് അസൂയ തോന്നിയെന്നാണ് നെയ്മറിന്റെ വെളിപ്പെടുത്തൽ.
'എംബാപ്പെ ടീമിന് എപ്പോഴും ഒരു മുതൽക്കൂട്ടായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ചിലപ്പോഴൊക്കെ വഴക്കിടാറുമുണ്ട്. ഞാനവനെ ഗോൾഡൻ ബോയ് എന്നാണ് വിളിച്ചിരുന്നത്. വർഷങ്ങളോളം ഞങ്ങൾ നല്ല ബന്ധത്തിലായിരുന്നു. എന്നാൽ മെസി വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
ഞാനും മെസിയും തമ്മിൽ സൗഹൃദം പങ്കിടുന്നത് എംബാപ്പെക്ക് ഇഷ്ടമല്ലായിരുന്നു. മെസിയുടെ കാര്യത്തിൽ അയാൾ അസൂയാലുവായിരുന്നു. ഇതിന്റെ പേരിൽ ഞങ്ങൾക്കിടയിൽ പലപ്പോഴും വഴക്കുകളുണ്ടായി. അവന്റെ പെരുമാറ്റം വല്ലാതെ മാറിയെന്ന് എനിക്ക് തോന്നി. ഈഗോയൊക്കെ നല്ലതാണ്. പക്ഷെ നിങ്ങൾ ഒറ്റക്കല്ല കളിക്കുന്നത് എന്നോർക്കണം. വലിയ ഈഗോകൾ എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാൽ അത് ആർക്കും ഗുണം ചെയ്യില്ല'- നെയ്മര്‍ പറഞ്ഞു
Adjust Story Font
16