Quantcast

പ്രീ സീസണ്‍ ഗംഭീരമാക്കി പി.എസ്.ജി; ആറ് ഗോള്‍ ആറാട്ട്

മെസ്സിയും നെയ്മറും എംബാപ്പെയും ഗോളടിച്ചു...

MediaOne Logo

Web Desk

  • Published:

    25 July 2022 4:16 PM GMT

പ്രീ സീസണ്‍ ഗംഭീരമാക്കി പി.എസ്.ജി; ആറ് ഗോള്‍ ആറാട്ട്
X

സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രീ സീസണ്‍ മത്സരങ്ങളില്‍ ഗംഭീര പ്രകടനവുമായി പി.എസ്.ജി. ജാപ്പനീസ് ക്ലബ്ബ് ഗാമ്പ ഒസാക്കയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തുവിട്ടത്. സൂപ്പര്‍താരങ്ങളായ മെസ്സിയുടേയും നെയ്മറിന്‍റെയും എംബാപ്പെയുടേയും മിന്നും പ്രകടനമാണ് മത്സരത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.


ആദ്യ പകുതിയില്‍ തന്നെ പി.എസ്.ജി മത്സരത്തില്‍ തങ്ങളുടെ ആധിപത്യം വ്യക്തമാക്കി. എണ്ണം പറഞ്ഞ നാല് ഗോളുകളാണ് എതിര്‍പോസ്റ്റിലേക്ക് ഫ്രഞ്ച് ക്ലബ് നിറയൊഴിച്ചത്. 28-ാം മിനിറ്റില്‍ പാബ്ലോ സറബിയയാണ് പി.എസ്.ജിക്കായി ആദ്യം സ്കോര്‍ ചെയ്തത്. അധികം വൈകാതെ 32-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നെയ്മറും ഗോള്‍ കണ്ടെത്തി. തൊട്ടടുത്ത മിനുട്ടില്‍ മിനുട്ടില്‍ കെയ്‌സൂക്കെ കുറാവാക്കെയിലൂടെ ഒസാക്ക ഒരു ഗോള്‍ മടക്കി. 34-ാം മിനുട്ടിലായിരുന്നു തിരിച്ചടി.

മൂന്ന് മിനുട്ട് ഇടവേളയില്‍ പി.എസ്.ജി വീണ്ടും എതിര്‍പാളയത്തില്‍ നാശംവിതച്ചു. 37-ാം മിനിറ്റില്‍ ന്യൂനോ മെന്‍ഡസ് ആണ് പി.എസ്.ജിയുടെ മൂന്നാം ഗോള്‍ സ്കോര്‍ ചെയ്തത്. അധികം വൈകിയില്ല രണ്ട് മിനുട്ടിനുള്ളില്‍ അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും വല കുലുക്കി. 39 മിനുട്ടിനുള്ളില്‍ പി.എസ്.ജി അടിച്ചുകൂട്ടിയത് നാല് ഗോളുകള്‍!.

രണ്ടാം പകുതിയില്‍ 15 മിനുട്ടോളം ഗോള്‍ അകന്നുനിന്നു. പിന്നീട് 60-ാം മിനുട്ടില്‍ നെയ്മറിലൂടെ പി.എസ്.ജി വീണ്ടും ഗോളടി തുടങ്ങി. നെയ്മറിന്‍റെ മത്സരത്തിലെ രണ്ടാം ഗോള്‍. 70-ാം മിനിറ്റില്‍ ഹിറോട്ടോ യമാമി ഒസാക്കയുടെ മറുപടി രണ്ട് ഗോളാക്കി ഉയര്‍ത്തി. കളി തീരാന്‍ നാല് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ കിലിയന്‍ എംബാപ്പെ കൂടി സ്കോര്‍ ചെയ്തതോടെ പി.എസ്.ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

നേരത്തെ ഉറാവ റെഡ്‌സ്, കവസാക്കി എന്നീ ജപ്പാനീസ് ക്ലബ്ബുകളേയും പി.എസ്.ജി തോല്‍പ്പിച്ചിരുന്നു. ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍ പരിശീലകനായി ചുമതലയേറ്റതിനു ശേഷം പി.എസ്.ജി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

TAGS :

Next Story