നെയ്മറിന് വീണ്ടും പരിക്ക്; ഇന്ത്യയിൽ കളിക്കുമോ?
യുറുഗ്വെക്കെതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് നെയ്മറിന്റെ ഇടതുകാലിന് പരിക്കേറ്റത്
Neymar
മൊന്‍റവീഡിയോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ പരിക്കെന്ന വില്ലൻ വിടാതെ പിന്തുടരുകയാണ്. ഇന്ന് യുറുഗ്വെക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റു. മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് സൂപ്പര്‍ താരത്തിന്‍റെ ഇടതുകാലിന് പരിക്കേറ്റത്. പന്തുമായി കുതിച്ചു കൊണ്ടിരിക്കെ യുറുഗ്വേൻ താരത്തിന്റെ ഫൗളിൽ മൈതാനത്ത് തെറിച്ച് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘമെത്തി താരത്തെ ഗ്രൗണ്ടിൽ നിന്ന് നീക്കി.
നെയ്മറിന്റെ പരിക്ക് ബ്രസീലിയൻ ആരാധകരെ പോലെ ഇന്ത്യൻ ആരാധകരെയും നിരാശയിലാക്കി. നവംബർ ആറിന് നടക്കുന്ന എ.എഫ്.സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ അൽ ഹിലാലിനായി നെയ്മർ കളത്തിലിറങ്ങുമോ എന്ന കാര്യം ഇനി സംശയമാണ്. പരിക്കിന്റെ കാഠിന്യമെത്രയാണെന്ന് മെഡിക്കൽ ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സെന്‍റനാരിയോ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളിന് യുറുഗ്വെ തകർത്തു. ഡാർവിൻ നൂനസും നികോളാസ് ഡി ലാക്രൂസുമാണ് യുറുഗ്വെക്കായി വലകുലുക്കിയത്. ഒരുഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ നൂനസാണ് ബ്രസീലിയന്‍ വധത്തിന് ചുക്കാന്‍ പിടിച്ചത്. 2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെടുന്നത്.
മത്സരത്തിന്റെ 42 ാം മിനിറ്റിൽ ഡാർവിൻ നൂനസിലൂടെയാണ് യുറുഗ്വെ ആദ്യം മുന്നിലെത്തിയത്. മൈതാനത്തിന്റെ ഇടതു വിങ്ങിലൂടെ കുതിച്ച അരോഹോയുടെ പാസിൽ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നൂനസ് ബ്രസീലിയൻ വലകുലുക്കി.
പെനാൽട്ടി ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് രണ്ടാം ഗോൾ പിറന്നത്. 77 ാം മിനിറ്റില്‍ പെനാൽട്ടി ബോക്‌സിൽ വച്ച് നൂനസ് മറിച്ച് നൽകിയ പന്തിനെ വലയിലേക്ക് തിരിച്ച് വിടേണ്ട പണിയേ ലാ ക്രൂസിനുണ്ടായിരുന്നുള്ളൂ.
നെയ്മർ ജൂനിയറും വിനീഷ്യസ് ജൂനിയറുമടക്കം ബ്രസീലിന്റെ പേരുകേട്ട താര നിര കളത്തിലിറങ്ങിയിട്ടും യുറുഗ്വെൻ കരുത്തിന് മുന്നിൽ മഞ്ഞപ്പടക്ക് അടിപതറി. ആദ്യ പകുതിയുടെ അവസാനത്തില്‍ നെയ്മര്‍ ജൂനിയര്‍ പരിക്കേറ്റ് കളംവിട്ടതും ബ്രസീലിന് വിനയായി.
മത്സരത്തില്‍ 62 ശതമാനം പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ജയങ്ങളുമായി യുറുഗ്വെ രണ്ടാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയങ്ങളുള്ള അര്‍ജന്‍റീന തന്നെയാണ് ഒന്നാമത്.
Adjust Story Font
16