'നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ ദ്രാവിഡ്?'; 'എന്തിന്, ആറ് മണിക്കൂര്‍ സഞ്ചരിച്ച് ഞാനെത്തുന്നത് അഞ്ച് മണിക്കൂര്‍ എങ്കിലും ബാറ്റ് ചെയ്യാനാണ്'; ഇതായിരുന്നു ആ മനുഷ്യന്‍
അങ്ങനെയാണ് അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വന്‍മതില്‍ ആയത്...
രാഹുല്‍ ദ്രാവിഡ്(ഫയല്‍ ചിത്രം)
രാഹുല്‍ ദ്രാവിഡിന്‍റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം. ഏറ്റവും കഠിനാധ്വാനിയായ ക്രിക്കറ്റര്‍മാരെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ വരുന്ന ഇതിഹാസങ്ങളില്‍ ഒരാളാണ് ദ്രാവിഡ് എന്ന് നിസംശയം പറയാം. അത് ഒന്നുകൂടി അടവരയിട്ടുറപ്പിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അദ്ദേഹത്തിന്‍റെ സഹതാരമായിരുന്ന ഹേമങ് ബദാനി.
ദ്രാവിഡിന്‍റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് നവമാധ്യമങ്ങളില്‍ക്കൂടി ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ദ്രാവിഡിന്‍റെ സുഹൃത്ത് ഹേമങ് ബദാനി 'വന്‍മതിലി'നൊപ്പമുള്ള ഒരു പഴയകാല അനുഭവം ഓര്‍ത്തെടുക്കുന്ന വീഡിയോ ആണ് ടീം പങ്കുവെച്ചിരിക്കുന്നത്.
ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഫീല്‍ഡിങ് കോച്ചാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഹേമങ് ബദാനി. സണ്‍റൈസേഴ്സ് ടീം ഡഗ്ഔട്ടിലിരുന്നുകൊണ്ട് സഹതാരങ്ങളോട് ദ്രാവിഡിനൊപ്പമുള്ള പഴയകാല അനുഭവം പങ്കുവെക്കുന്ന വീഡിയോയാണ് സണ്‍റൈസേഴ്സ് ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ദ്രാവിഡിന്‍റെ ബാറ്റിങ് മികവിന് മുമ്പില്‍ എതിര്‍ നിരയിലെ ബൌളര്‍മാര്‍ പലതവണ നിരാശരായി തോറ്റുമടങ്ങുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായ ചെന്നൈ ലീഗില്‍ അദ്ദേഹം നിറഞ്ഞാടിയ കഥകള്‍ പലർക്കും അറിയില്ല എന്നു പറഞ്ഞാണ് ഹേമങ് ബദാനി സംസാരം തുടങ്ങുന്നത്. ചെന്നൈ ലീഗില്‍ കളിക്കാന്‍ വേണ്ടി ബാംഗ്ലൂരില്‍ നിന്ന് മണിക്കൂറുകള്‍ സഞ്ചരിച്ച് അവിടെയെത്തി കളിക്കുന്ന ദ്രാവിഡിനെയാണ് ഹേമങ് ബദാനി ഓര്‍ത്തെടുക്കുന്നത്.
''തുടര്‍ച്ചയായ കളികളില്‍ ബാക് ടു ബാക് സെഞ്ച്വറി നേടുന്ന ദ്രാവിഡിനെക്കണ്ട് ഞാനൊക്കെ അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്... പ്രതിഭയുണ്ടായിരുന്നിട്ടും ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റായി മടങ്ങുന്ന നിരാശയിലായിരുന്നു ഞാനൊക്കെ, അതേസമയത്താണ് ദ്രാവിഡ് ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നത്... പക്ഷേ സെഞ്ച്വറി നേടിക്കഴിഞ്ഞാലും ദ്രാവിഡ് തന്‍റെ ശൈലി മാറ്റാന്‍ തയ്യാറാകാതെ കളിക്കുന്നത് കണ്ട് ഞാനൊരിക്കല്‍ ചോദിച്ചു, സെഞ്ച്വറി കടന്നില്ലേ, ഇനി നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും കളിച്ചൂടെ... എന്നിട്ടും എന്തിനാണ് ഒരേ ശൈലിയില്‍ ബാറ്റ് ചെയ്യുന്നത്? നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?
അതിന് ദ്രാവിഡ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഹേമങ്, ഞാന്‍ ദിവസവും ആറ് മുതല്‍ ആറര മണിക്കൂര്‍ വരെ ട്രെയിനില്‍ സഞ്ചരിച്ചാണ് ഇവിടെ കളിക്കാനായി എത്തുന്നത്. രാത്രി ട്രെയിനില്‍ കയറി ഇത്രയും സമയം ചെലവഴിച്ച് ഞാന്‍ കളിക്കാനെത്തുന്നത് വെറും മൂന്ന് മണിക്കൂര്‍ കളിച്ച് തിരിച്ചുപോകാനല്ല... എനിക്ക് വേണമെങ്കില്‍ മൂന്ന് മണിക്കൂര്‍ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടാം, പക്ഷേ ഞാനിത്രയും യാത്ര ചെയ്ത് ഇവിടെയെത്തിയത് പരമാവധി പന്തു കളിക്കാന്‍ വേണ്ടിയാണ്.. നോക്കൂ നമുക്ക് നെറ്റ്സില്‍ എത്ര നേരം പ്രാക്ടീസ് ചെയ്യാന്‍ പറ്റും? അതിനേക്കാള്‍ നന്നായി കൂടുതല്‍ സമയം നമുക്ക് ഇവിടെ മത്സരത്തിനിടയില്‍ പന്തിനെ ഫേസ് ചെയ്യാന്‍ സാധിക്കും. അപ്പോള്‍ അത് പരമാവധി ഉപയോഗിക്കണം, അതാണ് എന്‍റെ ലക്ഷ്യം''- ഹേമങ് ബദാനി ദ്രാവിഡിന്‍റെയുള്ളിലെ കഠിനാധ്വാനിയായ താരത്തെക്കുറിച്ച്'' പറഞ്ഞുവെച്ചു.
Adjust Story Font
16