Quantcast

അഞ്ച് സിക്‌സറുകൾ മാത്രമല്ല, റിങ്കു തീർത്ത റെക്കോർഡുകൾ അമ്പരപ്പിക്കുന്നത്...

ഐ.പി.എല്‍ ചരിത്രത്തില്‍ ഇന്നേവരെ സംഭവിക്കാത്തതും ആര്‍ക്കും നേടാനാവാത്തതുമായ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് റിങ്കു ഇന്നലെ അടിച്ചിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-04-10 04:26:05.0

Published:

10 April 2023 4:19 AM GMT

rinku singh, Nitish Rana, Shah Rukh Khan
X

നിതീഷ് റാണ, റിങ്കു സിങ്, ഷാറൂഖ് ഖാന്‍

അഹമ്മദാബാദ്: റിങ്കു സിംഗ്, ഇന്ത്യയുടെ ഈ യുവതാരം ആരാണെന്ന് കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ലോകം മുഴുവൻ അറിഞ്ഞുകഴിഞ്ഞു. അവസാന ഓവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ പായിച്ചായിരുന്നു റിങ്കുവിന്റെ അപൂര്‍വനേട്ടം. ഐ.പി.എല്‍ ചരിത്രത്തില്‍ ഇന്നേവരെ സംഭവിക്കാത്തതും ആര്‍ക്കും നേടാനാവാത്തതുമായ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് റിങ്കു ഇന്നലെ അടിച്ചിട്ടത്. ആ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണ് ഇവിടെ. മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഗുജറാത്ത് ഉയർത്തിയ 204 എന്ന വിജയലക്ഷ്യം അവസാന പന്തിൽ സിക്‌സറിടിച്ച് കൊൽക്കത്ത വിജയിക്കുകയായിരുന്നു. 21 പന്തിൽ 48 റൺസാണ് റിങ്കു നേടിയത്.

ഐ.പി.എല്ലിന്റെ അവസാന ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ

ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ, ഒരു മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ ഒരിക്കലും സംഭവിച്ചിട്ടില്ല. യാഷ് ദയാലിന്റെ ഓവറിൽ റിങ്കു സിംഗ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

വെറും 7 പന്തിൽ 40 റൺസ്

അവസാന 5 പന്തിൽ 30 റൺസാണ് റിങ്കു നേടിയതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ഈ ബാറ്റ്സ്മാൻ തന്റെ ഇന്നിംഗ്സിന്റെ അവസാന 7 പന്തിൽ 40 റൺസ് നേടിയിരുന്നുവെന്ന് പറഞ്ഞാലോ? വിശ്വസിക്കണം, ആറ് സിക്സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു റിങ്കുവിന്റെ തീപ്പൊരി ഇന്നിങ്സ്. ഒരു ബാറ്റ്സ്മാനും തുടർച്ചയായി 7 പന്തിൽ 40 റൺസ് നേടിയിട്ടില്ല.

ചേസിംഗ് സമയത്ത് ഏറ്റവും വലിയ ഓവർ

ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീമും ചേസിങ്ങിൽ ഒരോവറില്‍ 29 റൺസ് നേടിയിട്ടില്ല. യാഷ് ദയാലിന്റെ അവസാന ഓവറിൽ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത് 29 റൺസ്. ആദ്യ പന്തിൽ തന്നെ ഉമേഷ് റിങ്കുവിന് സിംഗിൾ നൽകി, അതിന് ശേഷമുള്ള കഥ ചരിത്രം.

അവസാന ഓവറിൽ 30 റൺസ് പിന്തുടരുന്നു

ഐ.പി.എൽ ചരിത്രത്തിൽ ഒരു ചേസിന്റെ അവസാന ഓവറിൽ 30 റൺസ് നേടുന്ന ആദ്യ ബാറ്ററാകാനും റിങ്കു സിംഗായി. ഐ.പി.എല്ലിൽ ഇതിനുമുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.

കൊല്‍ക്കത്തക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റര്‍

റിങ്കുവിന്റെ റെക്കോർഡുകളുടെ പട്ടിക അവസാനിക്കുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചരിത്രത്തില്‍ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാനാവാനും റിങ്കുവിനായി. ആന്ദ്രേ റസ്സൽ, യൂസഫ് പത്താൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ ഈ ടീമിനായി നിരവധി വേഗമേറിയ ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ടെങ്കിലും റിങ്കു ചെയ്തതുപോലൊന്ന് ആര്‍ക്കും സാധിച്ചിട്ടില്ല.




TAGS :

Next Story