'ബാലണ്‍ ദോര്‍ കിട്ടാത്തതിന് ഒറ്റക്കാരണം..'; പ്രതികരിച്ച് വിനീഷ്യസ്
വിനീഷ്യസും റയൽ മാഡ്രിഡും പുരസ്കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു

ഈ വർഷത്തെ ബാലൻ ദോർ പുരസ്‌കാരത്തിനുള്ള ഹോട്ട് ഫേവറേറ്റുകളിൽ ഒരാൾ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറായിരുന്നു. പോയ വർഷം ചാമ്പ്യൻസ് ലീഗിലും ലാലിഗയിലുമായി നടത്തിയ മിന്നും പ്രകടനങ്ങൾ അവസാന നിമിഷം വരെ വിനിക്കായിരുന്നു സാധ്യത കൽപ്പിച്ചിരുന്നത്.
എന്നാൽ ബാലൻദോർ പുരസ്‌കാരദാന ചടങ്ങിന് തൊട്ട് മുമ്പ് പുറത്ത് വന്ന റിപ്പോർട്ടുകൾ റയൽ ആരാധകരെ ഞെട്ടിച്ചു. വിനിയെ പിന്തള്ളി സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി ബാലൻ ദോർ റൈസിൽ മുന്നിലെത്തി. വിനീഷ്യസും റയൽ മാഡ്രിഡും ചടങ്ങ് ബഹിഷ്‌കരിച്ചു.
റോഡ്രി പുരസ്‌കാരം നേടിയതിന് പിറകേ വിനീഷ്യസ് എക്‌സിൽ പ്രതികരണവുമായി രംഗത്തെത്തി. വംശീയതക്കെതിരായ തന്റെ പോരാട്ടങ്ങളാണ് പുരസ്‌കാരം ലഭിക്കാതിരിക്കാൻ കാരണമെന്നാണ് വിനീഷ്യസിന്റെ പ്രതികരണം. 'ഞാനെന്റെ പോരാട്ടം പതിന്മടങ്ങ് ഊർജത്തിൽ തുടരും. '. വിനീഷ്യസ് കുറിച്ചു. സംവിധാനങ്ങൾക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്‌ബോൾ ലോകം അംഗീകരിക്കാൻ തയ്യാറല്ല എന്നായിരുന്നു റയൽ മാനേജ്‌മെന്‍റിന്‍റെ പ്രതികരണം.
ഫുട്‌ബോളിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നാണ് വിനി പിന്തള്ളപ്പെട്ടതിന് പിറകേ റയലിൽ വിനിയുടെ സഹതാരമായ എഡ്വേർഡോ കാമവിങ്കയുടെ പ്രതികരണം. ലോക ഫുട്‌ബോളിലെ മറ്റ് പല താരങ്ങളും വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Adjust Story Font
16