ഇന്ത്യയെ അഫ്ഗാൻ തോൽപ്പിക്കാത്തതിന് കാരണം ഐ.പി.എല്ലെന്ന് പാക് മാധ്യമപ്രവർത്തകൻ; അശ്വിന്റെ മറുപടി
ഇലോൺ മസ്‌കിനെ ടാഗ് ചെയ്തായിരുന്നു അശ്വിന്റെ ട്വീറ്റ്
ടി20 ലോകകപ്പിൽ അവിശ്വസനീയ പ്രകടനവുമായി കുതിക്കുകയാണ് അഫ്ഗാൻ ക്രിക്കറ്റ് ടീം. കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്മാരായ ഓസീസിനെ ഞെട്ടിച്ച അഫ്ഗാൻ ഏകദിന ലോകകപ്പിലേറ്റ പരാജയത്തിന് ടി20 ലോകകപ്പിൽ മധുരപ്രതികാരം ചെയ്യുകയായിരുന്നു. 21 റൺസിനായിരുന്നു അഫ്ഗാന്റെ വിജയം. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ ഗുലാബ്ദീൻ നാഇബും മൂന്ന് വിക്കറ്റ് നേടിയ നവീനുൽ ഹഖുമാണ് കങ്കാരുക്കളുടെ നട്ടെല്ലൊടിച്ചത്. ഇന്ന് ഇന്ത്യ ഓസീസിനെ പരാജപ്പെടുത്തിയാൽ അഫ്ഗാന്റെ സെമി സാധ്യതകൾ സജീവമാവും.
ഓസീസിനെ പരാജയപ്പെടുത്തിയെങ്കിലും സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്ക് മുന്നിൽ അഫ്ഗാൻ വീണിരുന്നു. മത്സരത്തിൽ 47 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇപ്പോഴിതാ അഫ്ഗാനെതിരെ ഒരു ഗുരുതരാരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മാധ്യമ പ്രവർത്തകൻ വജാഹത്ത് ഖാസിമി. ലോക ക്രിക്കറ്റില്‍ ഇന്ത്യയൊഴികെയുള്ള ഏത് ടീമുകളേയും അഫ്ഗാൻ തോൽപ്പിക്കുമെന്നും ഇന്ത്യക്ക് മുന്നിൽ അഫ്ഗാൻ തോറ്റ് കൊടുക്കുന്നത് ഐ.പി.എൽ കരാറുകൾ നിലനിൽക്കുന്നതിനാലാണ് എന്നുമാണ് ഖാസിമിയുടെ വാദം.
ഇതിന് ഇന്ത്യൻ താരം അശ്വിൻ മറുപടിയുമായെത്തി. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ തന്റെ ടൈം ലൈനിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ താനെന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അശ്വിൻ ചോദിച്ചത്. ഇലോൺ മസ്‌കിനെ ടാഗ് ചെയ്തായിരുന്നു അശ്വിന്റെ ട്വീറ്റ്.
''നിങ്ങളോട് എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ പറയില്ല. പക്ഷെ എന്റെ വീട്ടിലേക്ക് ആര് കടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്റെ ടൈം ലൈൻ എന്റെ തീരുമാനങ്ങൾ''- വജാഹത്ത് ഖാസിമിയുടെ പോസ്റ്റ് പങ്ക് വച്ച് അശ്വിൻ കുറിച്ചു.
Adjust Story Font
16