അയോഗ്യതക്ക് കാരണക്കാരി ഫോഗട്ട് തന്നെയെന്ന് പി.ടി ഉഷ; കയ്യൊഴിഞ്ഞ് ഒളിമ്പിക്സ് അസോസിയേഷന്‍
ഒളിമ്പിക്‌സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തിന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവക്കാൻ നിൽക്കരുതെന്ന് പി.ടി ഉഷ
പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പട്ടതിന്റെ കാരണക്കാരി വിനേഷ് ഫോഗട്ട് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ. ഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് അത്‌ലറ്റും പരിശീലകനുമാണ്. ഒളിമ്പിക്‌സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തിന്റെ തലയിൽ ഇതിന്റെ ഉത്തരവാദിത്തം കെട്ടിവക്കാൻ നിൽക്കരുതെന്ന് പി.ടി ഉഷ പറഞ്ഞു. ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നാലെ ഐ.ഒ.എ യുടെ മെഡിക്കൽ ഓഫീസറായ ദിനേഷാ പർദിവാലക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. ഇതിനെ പ്രതിരോധിച്ച് കൊണ്ടാണ് പി.ടി ഉഷയുടെ പ്രതികരണം.
'ഗുസ്തി, ബോക്‌സിങ്, വെയിറ്റ് ലിഫ്റ്റിങ്, ജൂഡോ പോലുള്ള കായിക ഇനങ്ങളിൽ ഭാരം നിയന്ത്രിക്കേണ്ടത് താരങ്ങളുടെയും പരിശീലകരുടേയും ചുമതലയാണ്. അല്ലാതെ അസോസിയേഷൻ നിയമിച്ച ഡോക്ടർമാരല്ല ഇത് നോക്കേണ്ടത്. അവർക്കെതിരെ ഇപ്പോഴുയരുന്ന വിമർശനങ്ങളില്‍ കഴമ്പില്ല. ഫോഗട്ടിനൊപ്പം നിരവധി സപ്പോർട്ടിങ് സ്റ്റാഫുകളുണ്ടായിരുന്നു. അത്‌ലറ്റുകളുമായി വർഷങ്ങളോളം ഇവർക്ക് ബന്ധമുണ്ട്. അസോസിയേഷൻ മെഡിക്കൽ സംഘത്തെ നിയമിച്ചിട്ട് രണ്ട് മാസം ആകുന്നതേയുള്ളൂ. വിമർശിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കുന്നത് നന്നാവും''- പി.ടി ഉഷ പറഞ്ഞു.
ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്. തുടര്‍ന്ന് താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഒളിമ്പിക്സ് ഗുസ്തിയില്‍ വെള്ളി പങ്കിടണം എന്നാവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ നാളെ വിധിയുണ്ടാകും. മൂന്ന് മണിക്കൂർ നീണ്ടുനിന്ന വാദത്തിൽ വിനേഷ് ഫോഗട്ടും ഓൺലൈനായി പങ്കെടുത്തിരുന്നു. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനേഷിനായി ഹാജരായത്.
Adjust Story Font
16