Quantcast

'സത്യം പറയുമ്പോൾ പൊള്ളിയിട്ട് കാര്യമില്ല'; എൻസോക്ക് പിന്തുണയുമായി അർജന്‍റൈന്‍ വൈസ് പ്രസിഡന്റ്

ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-07-18 10:38:14.0

Published:

18 July 2024 10:00 AM GMT

സത്യം പറയുമ്പോൾ പൊള്ളിയിട്ട് കാര്യമില്ല; എൻസോക്ക് പിന്തുണയുമായി അർജന്‍റൈന്‍ വൈസ് പ്രസിഡന്റ്
X

കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ശേഷം നടത്തിയ വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരങ്ങളെ അധിക്ഷേപിച്ച് ചാന്റുകൾ മുഴക്കിയ അർജന്റൈൻ താരങ്ങൾക്ക് പിന്തുണയുമായി അർജന്റൈൻ വൈസ് പ്രസിഡന്റ് വിക്ടോറിയ വിയ്യാറുവേൽ. സത്യം പറയുമ്പോൾ പൊള്ളിയിട്ട് കാര്യമില്ലെന്നും ഒരു കൊളോണിയലിസ്റ്റ് രാജ്യത്തിന്റെ നടപടിയെ പരിഗണിക്കുന്നില്ലെന്നും വിക്ടോറിയ പറഞ്ഞു. അർജന്റൈൻ വൈസ് പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെ.

'സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ ഒരു കൊളോണിയലിസ്റ്റ് രാജ്യവും ഞങ്ങളെ ഭയപ്പെടുത്താൻ വരേണ്ട. നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് കരുതി പറഞ്ഞത് സത്യമല്ലാതാവില്ല. എൻസോക്ക് പൂർണ പിന്തുണ'. അതേ സമയം അര്‍ജന്‍റൈന്‍ താരങ്ങളുടെ വംശീയ പരാമര്‍ശങ്ങളില്‍ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷന്‍ നല്‍കിയ പരാതിയിൽ ഫിഫ അന്വേഷണമാരംഭിച്ചു.

കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ശേഷം അര്‍ജന്‍റൈന്‍ താരങ്ങള്‍ നടത്തിയ വിജയാഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്‍സോയും സഹതാരങ്ങളും ചേര്‍ന്ന് പാടിയ ചാന്‍റുകളിലെ വരികള്‍ ഇങ്ങനെ.

"കേൾക്കൂ, ലോകമെമ്പാടും പ്രചരിപ്പിക്കൂ.. അവരെല്ലാം അങ്കോളയിൽ നിന്നുള്ളവരാണ്. അവർ ട്രാൻസ്ജൻഡറുകൾക്ക് ഒപ്പം അന്തിയുറങ്ങും. അവരുടെ അമ്മമാര്‍ നൈജീരിയക്കാരാണ്. പിതാക്കന്മാര്‍ കാമറൂൺകാരും. പക്ഷേ പാസ്പോർട്ടിൽ പറയുന്നു അവർ ഫ്രഞ്ചുകാർ ആണെന്ന്".

വീഡിയോ ദൃശ്യങ്ങള്‍ വിവാദമായതോടെ എന്‍സോ ഫെര്‍ണാണ്ടസ് ക്ഷമാപണവുമായി രംഗത്തെത്തി. വിജയാഘോഷങ്ങൾക്കിടെ തങ്ങൾ പാടിയ ചാന്‍റ് ഏറെ പ്രകോപനപരമായിരുന്നു എന്നും അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും എൻസോ പറഞ്ഞു.

'കോപ്പ അമേരിക്ക വിജയഘോഷങ്ങൾക്കിടെ എന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ആ വീഡിയോയുടെ പേരിൽ ഞാൻ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ആ ചാന്റുകൾ ഏറെ പ്രകോപനപരമായിരുന്നു. അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ല. എല്ലാ വിധ വിവേചനങ്ങൾക്കെതിരെയും ഞാൻ നിലയുറപ്പിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകൾ, എൻ്റെ വിശ്വാസങ്ങളെയോ എൻ്റെ സ്വഭാവത്തെയോ അതൊന്നും പ്രതിഫലിപ്പിക്കുന്നില്ല'- എന്‍സോ കുറിച്ചു.

TAGS :

Next Story