Quantcast

ബാഴ്സ വിടാനിരുന്ന റഫീന്യയെ ഫ്ലിക്ക് ക്ലിക്കാക്കിയത് എങ്ങനെ?

ഈ സീസണിൽ റഫീന്യയുടെ അത്ഭുതപ്പെടുത്തുന്ന ട്രാൻസ്ഫർമേഷൻ കണ്ട് മൂക്കത്ത് വിരൽവച്ച് നിൽക്കുകയാണ് ആരാധകർ

MediaOne Logo

Web Desk

  • Published:

    21 Dec 2024 10:47 AM GMT

ബാഴ്സ വിടാനിരുന്ന റഫീന്യയെ ഫ്ലിക്ക് ക്ലിക്കാക്കിയത് എങ്ങനെ?
X

ചാമ്പ്യൻസ് ലീഗിൽ ബയേൺ ബാഴ്‌സ പോരാട്ടത്തിന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. റഫീന്യയുടെ 11ാം നമ്പർ ജഴ്‌സിയിൽ സ്പാനിഷ് യുവതാരം നിക്കോ വില്യംസിന്റെ പേരെഴുതി ബാഴ്‌സ ആരാധകരിൽ ചിലർ എക്‌സിൽ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നു. നിക്കോ വില്യംസിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് റഫീന്യ ടീം വിടുമെന്ന തരത്തിൽ ഫുട്‌ബോൾ പണ്ഡിറ്റുകൾക്കിടയിൽ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരുന്നു.

യൂറോയിലെ നിക്കോ- ലമീൻ യമാൽ സഖ്യത്തെ കറ്റാലൻ കൂടാരത്തിലും അവതരിപ്പിക്കാനുള്ള പദ്ധതിയിലായിരുന്നു ബാഴ്‌സ. നിക്കോയുടെ ട്രാൻസ്ഫർ സാധ്യമാകുമെന്ന് നേരത്തേയുറപ്പിച്ച ചില ആരാധകർ റഫീന്യ ക്യാമ്പ് നൗ വിടുമെന്നും തീർച്ചപ്പെടുത്തി. അങ്ങനെയാണ് ആ 11ാം നമ്പർ ജഴ്‌സിയിൽ നിക്കോയുടെ പേരുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് റഫീന്യയെ വല്ലാതെ ചൊടിപ്പിച്ചു. ബയേണിനെതിരായ മത്സരത്തിന് തൊട്ട് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ ആരാധകർക്കെതിരെ ബ്രസീലിയൻ താരം തുറന്നടിക്കുകയും ചെയ്തു.

'ആ സംഭവമെന്നെ വല്ലാതെ വേദനിപ്പിച്ചു. അതൊരർത്ഥത്തിൽ എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ക്ലബ്ബിനായി മൈതാനത്ത് സർവസ്വവും സമർപ്പിക്കുന്നവരാണ് ഞങ്ങൾ. സ്വാഭാവികമായും ഇത് പോലുള്ള കാഴ്ചകൾ ഞങ്ങളെ വേദനിപ്പിക്കും'- റഫീന്യ മനസ്സു തുറന്നു.

അതിനിടെ മുൻ ബാഴ്‌സ നായകൻ ടെന്‍റെ സാഞ്ചസിന്റെ പ്രതികരണം എരിതീയില്‍ എണ്ണ പകരുന്നതായി. നിക്കോയെ ടീമിലെത്തിക്കാനായി റഫീന്യയെ വിൽക്കേണ്ടി വന്നാൽ യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു സാഞ്ചസിന്റെ പ്രതികരണം. താൻ ടീം വിട്ടു പോകണം എന്നാഗ്രഹിക്കുന്നവർക്കുള്ള മറുപടി റഫീന്യ പിന്നെ മൈതാനത്ത് വച്ചാണ് നൽകിയത്.

ബയേണിനെതിരെ എസ്റ്റാഡി ഒളിമ്പിക്‌സ് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങ്ങി 57ാം സെക്കന്റിൽ തന്നെ അയാൾ വലകുലുക്കി. 56ാം മിനിറ്റിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്ക് മുന്നിൽ ഹാട്രിക്ക് പൂർത്തിയാക്കി. 2015 ന് ശേഷം ഒരിക്കൽ പോലും ബയേണിനോട് ജയിച്ചിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് ബാഴ്‌സ കഴുകിക്കളഞ്ഞത് റഫീന്യയുടെ ചിറകിലേറിയാണ്. ചാമ്പ്യൻസ് ലീഗ് വേദിയിൽ ബയേണിനെതിരെ ഹാട്രിക്ക് കുറിക്കുന്ന നാലാമത്തെ മാത്രം താരമായിരുന്നു റഫീന്യ. 2002 ൽ റോയ് മക്കേയും 2014 ൽ സെർജിയോ അഗ്യൂറോയും 2017 ൽ ക്രിസ്റ്റിയാനോ റൊണാൾഡോയുമാണ് ഇതിന് മുമ്പ് യു.സി.എൽ വേദിയിൽ ജർമൻ അതികായരുടെ വലയിൽ മൂന്ന് തവണ പന്തെത്തിച്ചത്.

2022ൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് ക്യാമ്പ് നൗവിൽ എത്തുമ്പോൾ ഒരു സൂപ്പർ താര പരിവേഷമൊന്നും റഫീന്യക്കാരും പതിച്ച് നൽകിയിരുന്നില്ല. അഞ്ച് വർഷത്തെ കരാറിൽ 50 മില്യൺ യൂറോക്കായിരുന്നു ക്യാമ്പ് നൗവിലേക്കുള്ള റഫീന്യയുടെ രംഗപ്രവേശം. പിന്നെയുള്ള രണ്ട് വർഷം ബാഴ്‌സയിൽ പ്രത്യകിച്ച വലിയ റോളുകളൊന്നും അയാൾക്കുണ്ടായിരുന്നില്ല. രണ്ട് സീസണിലും പത്തിലധികം തവണ അയാളുടെ ബൂട്ടുകൾ ശബ്ദിച്ചില്ല. തന്റെ സ്വാഭാവിക പൊസിഷനില്‍ കൂടുതൽ സമയം കളിക്കാന്‍ റഫീന്യക്ക് അവസരങ്ങൾ കിട്ടാതായി. സാവിക്ക് അയാളിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടു തുടങ്ങി.

എന്നാൽ ഹാൻസി ഫ്‌ലിക്കിന് കീഴിൽ കഥയാകെ മാറി. ഈ സീസണിൽ റഫീന്യയുടെ അത്ഭുതപ്പെടുത്തുന്ന ട്രാൻസ്ഫർമേഷൻ കണ്ട് മൂക്കത്ത് വിരൽവച്ച് നിൽക്കുകയാണ് ആരാധകർ. ലാലിഗയിൽ 11 ഗോളുകളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലെവന്റോസ്‌കിക്ക് താഴെ രണ്ടാമത്. ആറ് തവണ ഗോളുകൾക്ക് വഴിയൊരുക്കി അസിസ്റ്റ് പട്ടികയിലും രണ്ടാം സ്ഥാനത്ത്. ചാമ്പ്യൻസ് ലീഗിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ആറ് ഗോളുമായി റഫീന്യ യു.സി.എൽ ഗോൾവേട്ടക്കാരുടെ പട്ടികയിലും രണ്ടാം സ്ഥാനത്തുണ്ട്.

യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗിലെ കളിക്കാരെ എടുത്ത് നോക്കിയാൽ പോലും അത്ഭുതപ്പെടുത്തുന്ന സ്റ്റാറ്റസുകളാണ് റഫീന്യയുടേത്. ഈ സീസണിൽ ബ്രസീലിയൻ താരത്തിന്റെ ഗോൾ ആൻഡ് അസിസ്റ്റ് പെർ മാച്ച് റേഷ്യോ 1.50 യാണ്. ഈ പട്ടികയിൽ റഫീന്യക്ക് മുന്നിൽ ഒരേ ഒരാൾ മാത്രം. 1.53 ആവറേജുള്ള ബയേണിന്റെ ഹരികെയ്ൻ.

താൻ ബാഴ്‌സ വിടുന്നതിനെ കുറിച്ച് മുമ്പ് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ടെന്ന് റഫീന്യ സീസണിന്റെ തുടക്കത്തിൽ മനസ്സ് തുറന്നിരുന്നു. ''ഇടക്കിടെ ഞാൻ എന്നെക്കുറിച്ച ആത്മവിമർശനങ്ങൾ നടത്താറുണ്ട്. അത് വലിയ സമ്മർദത്തിലേക്ക് ചിലപ്പോൾ മനസിനെ തള്ളിയിടും. ആരാധകർ ഞാൻ ക്ലബ് വിടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നറിഞ്ഞതോടെ വല്ലാതെ പതറിപ്പോയി. ഒടുവിൽ ഞാൻ ക്യാമ്പ് വിടുന്നതിനെ കുറിച്ച ആലോചനകൾ ആരംഭിച്ചു''- റഫീന്യ പറഞ്ഞു വച്ചു. എന്നാൽ ഹാൻസി ഫ്‌ലിക്കിന്റെ വരവ് റഫീന്യയുടെ തലവര തന്നെ മാറ്റി

ലമീൻ യമാൽ യൂറോയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് സ്പാനിഷ് ടീമിനെ കിരീടമണിയിച്ചതോടെ റഫീന്യയെ ഒരു സെക്കന്റ് ചോയ്‌സ് റൈറ്റ് വിങ്ങറായി മാത്രമേ ഫ്‌ലിക്ക് പരിഗണിക്കൂ എന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ റഫീന്യയിൽ സാവി കാണാത്ത മറ്റു ചിലത് കണ്ടത് കൊണ്ടാവണം അയാളെ സീസണിന്റെ തുടക്കത്തിൽ ഒരു സെൻഡ്രൽ അറ്റാക്കിങ് മിഡ്ഫീൽറുടെ റോളിൽ കളത്തിൽ ഇറക്കാൻ ഫ്‌ലിക്ക് തീരുമാനമെടുത്തത്. ഫെറാൻ ടോറസിന്റെ പരിക്കിനും ഡാനി ഒൽമോയുടെ വരവിനും ശേഷം ലെഫ്റ്റ് സൈഡിലേക്കും റഫീന്യയെ ഫ്‌ലിക്ക് മാറ്റിപ്പരീക്ഷിച്ചു. ഫ്‌ലിക്കിന്റെ രണ്ട് പരീക്ഷണങ്ങളും സമ്പൂർണ വിജയമായിരുന്നു. ഏത് പൊസിഷനിലും കളിപ്പിക്കാനാവുന്നൊരു പ്രതിഭയെ വലിച്ച് പുറത്തിടുകയായിരുന്നു അയാൾ. ജർമൻ കോച്ചിന്റെ പരീക്ഷണങ്ങളോട് റഫീന്യയുടെ പ്രതികരണവും പോസിറ്റീവായിരുന്നു.

പൊസിഷൻ മാറ്റിപ്പരീക്ഷിച്ച് ഫ്‌ലിക്ക് നടത്തുന്ന ടാക്റ്റിക്കൽ ഷിഫ്റ്റുകൾ ഞാൻ ആസ്വദിക്കുകയാണെന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ പ്രതികരണം. ഫലത്തിൽ അതയാളെ ഈ സീസണിൽ ബാഴ്‌സയിലെ ഏറ്റവും മികച്ച താരമാക്കി മാറ്റി. ബാഴ്‌സയിലെ എം.എസ്.എൻ ത്രയത്തെ ഓർമിപ്പിക്കും വിധം ലെവന്റോവ്‌സ്‌കി- റഫീന്യ- ലമീൻ യമാൽ ത്രയം മൈതാനങ്ങളിൽ നിറഞ്ഞാടി. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ബൊറൂഷ്യ ഡോട്മുണ്ടും ഒക്കെ ഈ പടയോട്ടത്തിൽ കടപുഴകി.

ചാമ്പ്യൻസ് ലീഗിൽ കളിച്ച ആറിൽ അഞ്ച് കളികളും ജയിച്ച ബാഴ്‌സ പോയിന്റ് പട്ടികയിൽ ലിവർപൂളിന് തൊട്ട് താഴെ രണ്ടാമതാണിപ്പോൾ. ലാലിഗയിലാവട്ടെ 17 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. 2015 ന് ശേഷം ചാമ്പ്യൻസ് ലീഗിൽ മുത്തമിടാനാവാത്ത ബാഴ്‌സക്ക് ഏറെക്കാലത്തിന് ശേഷം കിരീടപ്രതീക്ഷകൾ മുളപൊട്ടിത്തുടങ്ങിയതിന് പിന്നിൽ റഫീന്യയുടെ ഫോം നിർണായകമാണ്.

കഴിഞ്ഞ ദിവസം മയ്യോർക്കക്കെതിരെ ഇരട്ട ഗോളുമായി കളംനിറഞ്ഞ ശേഷം റഫീന്യ പറഞ്ഞ് വച്ച വർത്തമാനത്തിൽ എല്ലാമുണ്ടായിരുന്നു. ഇവിടം കൊണ്ടൊന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ബാഴ്‌സക്കായി ഇനിയുമേറെ ചെയ്ത് തീർക്കാനുണ്ട്.

TAGS :

Next Story