Quantcast

''സംസ്കാരമുള്ളവരില്‍ നിന്ന് ബഹുമാനം പ്രതീക്ഷിച്ചാല്‍ മതി''; അശ്വിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

''നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് അഭിനന്ദനമറിയിക്കാൻ ഞാൻ നിരവധി തവണ കോൾ ചെയ്തു''

MediaOne Logo

Web Desk

  • Published:

    6 March 2024 6:22 AM GMT

സംസ്കാരമുള്ളവരില്‍ നിന്ന് ബഹുമാനം പ്രതീക്ഷിച്ചാല്‍ മതി; അശ്വിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
X

കരിയറിൽ തന്റെ നൂറാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യൻ സപിന്നർ രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മിന്നും പ്രകടനത്തിലൂടെ അശ്വിൻ വലിയൊരു നാഴികക്കല്ലിൽ തൊട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന നേട്ടമാണ് അശ്വിൻ തന്റെ പേരിൽ കുറിച്ചത്. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. നേരത്തേ അനിൽ കുംബ്ലേയാണ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

ഇപ്പോഴിതാ അശ്വിനെതിരെ ഒരു ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷമൺ ശിവരാമകൃഷ്ണൻ. നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് അഭിനന്ദനമറിയിക്കാൻ താൻ പലവുരു അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും എന്നാൽ താരം ഫോൺ കട്ട് ചെയ്‌തെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

''നൂറാം ടെസ്റ്റ് കളിക്കുന്ന അശ്വിന് അഭിനന്ദനമറിയിക്കാൻ ഞാൻ നിരവധി തവണ കോൾ ചെയ്തു. എന്നാലദ്ദേഹം കോൾ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് മെസ്സേജ് അയച്ചു. അതിന് മറുപടികളൊന്നുമില്ല. മുൻ ഇന്ത്യൻ താരങ്ങളായ ഞങ്ങൾക്ക് ലഭിക്കുന്ന ബഹുമാനമാണിത്. സംസ്‌കാര സമ്പന്നരായ മനുഷ്യരിൽ നിന്നേ ബഹുമാനം പ്രതീക്ഷിക്കാനാവൂ. അശ്വിനെ വിമർശിക്കാനല്ല.. തിരുത്താനാണിത് കുറിക്കുന്നത്''- ശിവരാമകൃഷ്ണൻ പറഞ്ഞു.

നേരത്തേ അശ്വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മുൻ ഇന്ത്യൻ സ്പിന്നർ കൂടിയായ ശിവരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ പിച്ചുകൾ അശ്വിനായി മാറ്റം വരുത്തി, താരത്തിന് ഫിറ്റനസ് തീരെയില്ല തുടങ്ങിയ ആരോപണങ്ങളാണ് ശിവരാമകൃഷ്ണൻ ഉന്നയിച്ചത്. ''പിച്ച് മാറ്റാൻ അശ്വിൻ ഗ്രൗണ്ട് സ്റ്റാഫിനോട് ആവശ്യപ്പെടുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട്. അശ്വിന് കളിക്കാൻ പാകത്തിന് തയ്യാറാക്കുന്നതിനാലാണ് ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരും സ്പിന്നർമാർക്കെതിരെ ഏറെ ബുദ്ധിമുട്ടുന്നത്. ഫിറ്റ്‌നസ് തീരെയില്ലാത്ത താരമാണ് അശ്വിൻ''- ഇങ്ങനെ പോവുന്നു ശിവരാമകൃഷ്ണണന്‍റെ വിമര്‍ശനങ്ങള്‍,

TAGS :

Next Story