Quantcast

സച്ചിന്‍ അവസാനമായി രഞ്ജി കളിച്ചത് 2013 ല്‍... കോഹ്‍ലി 2012 ല്‍ !!!

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ എട്ട് തവണ ഒരേ പോലെ പുറത്തായ വിരാട് കോഹ്ലിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്ന പശ്ചാതലത്തിൽ സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തങ്ങളുടെ പിഴവുകൾ തിരുത്താൻ തയ്യാറാവാത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ആദ്യമുയർത്തിയത് ഇർഫാൻ പത്താനാണ്

MediaOne Logo

Web Desk

  • Updated:

    2025-01-08 10:15:38.0

Published:

8 Jan 2025 9:37 AM GMT

സച്ചിന്‍ അവസാനമായി രഞ്ജി കളിച്ചത് 2013 ല്‍... കോഹ്‍ലി 2012 ല്‍ !!!
X

2013 ഒക്ടോബർ 27. റോഹ്തക്കിലെ ബൻസിലാൽ സ്റ്റേഡിയത്തിൽ ഹരിയാന മുംബൈ രഞ്ജി മത്സരം അരങ്ങേറുകയാണ്. സാധാരണ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് കാണികൾ അധികമുണ്ടാവാത്ത ആ സ്റ്റേഡിയത്തിലെ ഗാലറിയിൽ പക്ഷേ അന്ന് 15,000 മനുഷ്യരുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് 5000 ലധികം പേർ തടിച്ച് കൂടിയിരിക്കുന്നു. ക്രിക്കറ്റിനെ മതമായി കണ്ട ഇന്ത്യക്കാരുടെ കൺകണ്ട ദൈവം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ തന്റെ 40ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ 15 നാൾ മാത്രം അവശേഷിക്കേ മുംബൈക്കായി ഒരു ആഭ്യന്തര മത്സരത്തിൽ പാഡ് കെട്ടിയിറങ്ങുകയാണ്.

ലോക ക്രിക്കറ്റിന്റെ നെറുകെയിൽ വിരാചിക്കുമ്പോഴും അയാൾ ഒരിക്കൽ പോലും താൻ വന്ന വഴികളെ മറന്നിരുന്നില്ല. ബൻസി ലാൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ അന്നൊരു ബാനറുയർന്നു. അതിലിങ്ങനെ എഴുതിയിട്ടിരുന്നു. 'ഐ ഹാവ് സീൻ ഗോഡ്.. ഹി ബാറ്റ്സ് അറ്റ് നമ്പർ ഫോർ ഇൻ ടെസ്റ്റ്' രണ്ടാം ഇന്നിങ്സിൽ അന്ന് പുറത്താവാതെ സച്ചിൻ അടിച്ചെടുത്ത 79 റൺസാണ് മുംബൈയെ വിജയ തീരമണച്ചത്. സച്ചിനെ തോളിലേറ്റി മുംബൈ താരങ്ങൾ സ്റ്റേഡിയം വലംവച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ക്രിക്കറ്റിന്റെ വിശ്വകിരീടത്തിൽ മുത്തമിടുമ്പോൾ വാംഖഡേ സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങൾ തന്നെയും തോളിലുയർത്തി നടന്ന ഓർമകൾ ചിലപ്പോൾ അയാളുടെ മനസിലേക്കോടിയെത്തിയിട്ടുണ്ടാവും.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സച്ചിനെക്കാൾ മികച്ചൊരു കളിക്കാരൻ പിന്നെ ഉദയം ചെയ്തിട്ടുണ്ടോ? പലകാലങ്ങളിലായി ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭകൾ പലരും രംഗപ്രവേശം ചെയ്തപ്പോഴൊക്കെ സച്ചിനുമായി അവരെ താരതമ്യം ചെയ്ത് ചർച്ചകൾ കൊടുമ്പിരി കൊണ്ടു. സച്ചിന്റെ റെക്കോർഡുകൾ പലതും വിരാട് കോഹ്ലി പഴങ്കഥയാക്കുമെന്ന് പലരും ഉറപ്പിച്ച് പറഞ്ഞു. എന്നാൽ ഇപ്പോൾ ആ ചർച്ചകളങ്ങനെ ഉച്ചത്തിൽ കേൾക്കുന്നില്ല. കഴിഞ്ഞ കുറേ വർഷങ്ങളിലായി വിരാട് കോഹ്ലി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലങ്ങളിലൂടെയാണ് കടന്നു പോവുന്നത്. മൈതാനത്ത് അയാൾ നിരന്തരം വീഴുന്നത് നിസ്സഹായതയോടെ കണ്ട് നിൽക്കുകയാണ് ആരാധകർ. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കാര്യം വ്യത്യസ്തമല്ല.

അതിനിടെയാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് എന്ത് കൊണ്ടാണെന്ന ചർച്ച അന്തരീക്ഷത്തിൽ ഉയരുന്നത്. കിവീസിനെതിരായ വൈറ്റ് വാഷിന് ശേഷം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഈ ചർച്ചകൾ ആരംഭിച്ചിരുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിയോടെ അത് ഉച്ചസ്ഥായിയിലെത്തി. മുൻ താരങ്ങൾ അടക്കം ഈ വിമർശനം ഉയർത്തിയതോടെ ചർച്ചകളിൽ സച്ചിൻ തെണ്ടുൽക്കറും നിറഞ്ഞു. അതിന് കാരണമുണ്ട്. വിരാട് കോഹ്ലി അവസാനമായി ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിച്ചത് 2012 ലാണ്. ഒരു പതിറ്റാണ്ടിന് മുമ്പ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇതിഹാസം സച്ചിൻ അവസാനമായി രഞ്ജി ട്രോഫി കളിച്ചത് 2013 ലും.

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ എട്ട് തവണ ഒരേ പോലെ പുറത്തായ വിരാട് കോഹ്ലിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്ന പശ്ചാതലത്തിൽ സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് തങ്ങളുടെ പിഴവുകൾ തിരുത്താൻ തയ്യാറാവാത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ആദ്യമുയർത്തിയത് ഇർഫാൻ പത്താനാണ്.

''വിരാട് കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത് എപ്പോഴാണ്. ഡൽഹിക്കായി 2012 ലാണ് അവസാനമായി അദ്ദേഹം ഒരു ആഭ്യന്തര മത്സരത്തിൽ പാഡ് കെട്ടിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പോലും അതിന് ശേഷം രഞ്ജി കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് സൂപ്പർ സ്റ്റാർ കൾച്ചറല്ല, ടീം കൾച്ചറാണ് ആവശ്യം. ഈ പരമ്പരക്ക് മുമ്പും ഡൊമസ്റ്റിക്ക് ക്രിക്കറ്റ് കളിക്കാൻ സീനിയർ താരങ്ങളിൽ പലർക്കും അവസരമുണ്ടായിരുന്നു. എന്നാൽ അവർ അതിന് മുതിർന്നില്ല'' പത്താൻ പറഞ്ഞു വച്ചു. രവി ശാസ്ത്രിക്കും സുനിൽ ഗവാസ്‌കറിനുമൊക്കെ ഇതേ അഭിപ്രായമാണുള്ളത്.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാണിക്കുന്ന സൂപ്പർ താരങ്ങൾക്ക് ഉപദേശവുമായി നേരത്തേ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ തന്നെ രംഗത്തെത്തിയിരുന്നു. അത് പക്ഷെ ശ്രേയസ് അയ്യർ- ഇഷാൻ കിഷൻ വിഷയത്തിൽ മാത്രമാണെന്ന് മാത്രം. എന്നാൽ സച്ചിൻറെ വാക്കുകൾ പലർക്കും നേരെ ഇപ്പോഴും വിരൽ ചൂണ്ടുന്നുണ്ട്. സച്ചിൻ അന്ന് പറഞ്ഞു വച്ചതിങ്ങനെയാണ്.

''ഇന്ത്യൻ ടീമിൽ ഇടംനേടിയ താരങ്ങൾ രഞ്ജി കളിക്കാൻ തിരിച്ചെത്തുമ്പോൾ അതവരുടെ കളിനിരവാരം മെച്ചപ്പെടുത്തുകയേ ഉള്ളൂ. ചിലപ്പോൾ അവർ അവരുടെ പുതിയ കഴിവുകൾ കണ്ടെത്തുന്നതും അങ്ങനെയായിരിക്കാം. എന്റെ കരിയറിൽ അവസരം കിട്ടുമ്പോഴൊക്കെ മുംബൈക്കായി കളിക്കാൻ പോവാറുണ്ടായിരുന്നു. മികച്ച താരങ്ങൾ പ്രാദേശിക ടൂർണമെന്റുകളിലും പാഡ് കെട്ടിയിറങ്ങുമ്പോൾ അവരുടെ ടീമുകളേയും ആരാധകർ ഇഷ്ടപ്പെടാൻ തുടങ്ങും. അങ്ങനെ ടൂർണമെൻറുകളുടെ പ്രചാരവുമേറും. ''- സച്ചിൻ കുറിച്ചു.

രഞ്ജി ട്രോഫി മത്സരങ്ങളിൽ കളിക്കാൻ വിമുഖത കാണിച്ച ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനുമെതിരെ ബി.സി.സി.ഐ അന്ന് കടുത്ത നടപടികൾ എടുത്തിരുന്നു. ഇരുവരേയും ബോർഡ് വാർഷിക കരാറിൽ നിന്ന് വരെ ഒഴിവാക്കി. കളിക്കാർ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശം ബിസിസിഐ അക്കാലത്ത് പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്.

പക്ഷെ ഈ നിർദേശങ്ങളൊന്നും ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറുകൾക്ക് ബാധകമല്ല. നിരന്തരം പരാജയപ്പെടുമ്പോഴും അവർ വീണ്ടും വീണ്ടും ടീമിൽ ഇടംപിടിച്ച് കൊണ്ടിരിക്കുന്നു. പ്രതിഭകൾ പലരും ബെഞ്ചിലിരിക്കുമ്പോഴും മൈതാനത്ത് ഒരേ പിഴവുകളിൽ അവർ കൂടാരം കയറിക്കൊണ്ടേയിരിക്കുന്നു. ടീം നിരന്തരം പരമ്പരകൾ അടിയറ വക്കുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ വെറും 31 റൺസ് മാത്രം സമ്പാദ്യമായുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത് 2016 ലാണ്. കരിയറിലാകെ 42 രഞ്ജി മത്സരങ്ങളാണ് രോഹിത് കളിച്ചതെങ്കിൽ വെറും 23 മത്സരങ്ങളിലാണ് രോഹിത് പാഡ് കെട്ടിയത്. സച്ചിനാവട്ടെ തൻറെ രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ട ക്രിക്കറ്റ് കരിയറിനിടെ രഞ്ജിയടക്കം 308 ആഭ്യന്തര മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.

ഹരിയാനക്കെതിരെ തൻറെ അവസാന രഞ്ജി മത്സരം കളിക്കാനിറങ്ങിയ സച്ചിനോട് ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെ ചോദിച്ചു. 'താങ്കളെന്തിനാണ് ഈ 40 ാം വയസിലും രഞ്ജി കളിക്കുന്നത്?' സച്ചിന്റെ മറുപടി ഇങ്ങനെ. ''എന്റെ കരിയറിനെ രൂപപ്പെടുത്തിയത് തന്നെ ആഭ്യന്തര ക്രിക്കറ്റാണ്. എപ്പോഴെങ്കിലും ഫോം നഷ്ടമായെന്നോ ആത്മവിശ്വാസം കുറഞ്ഞെന്നോ തോന്നിയാൽ ഞാനുടൻ ഡൊമസ്റ്റിക്ക് ക്രിക്കറ്റിലേക്ക് തിരിഞ്ഞ് നടക്കും''.. ഈ മറുപടിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ പല സൂപ്പർ സ്റ്റാറുകൾക്കും വലിയ പാഠങ്ങളുണ്ട്.

TAGS :

Next Story