പാക് പടയെ തുരത്തിയ സൗരഭ് 14 വർഷം മുമ്പ് ഇന്ത്യയുടെ അണ്ടർ 19 താരം
ടി20 ലോകകപ്പില്‍ യു.എസ്.എയുടെ ഐതിഹാസിക വിജയത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല ക്രിക്കറ്റ് ലോകം
ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാണ് ഇന്നലെ ടെക്‌സാസിലെ ഗ്രാന്റ് പ്രയറീ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മുൻ ലോക ചാമ്പ്യന്മാരായ പാകിസ്താനെ തകർത്തെറിഞ്ഞത് ആദ്യമായി ലോകകപ്പ് കളിക്കുന്ന, ക്രിക്കറ്റ് ലോകത്ത് അത്ര വലിയ മേൽവിലാസങ്ങളൊന്നുമില്ലാത്ത യു.എസ്.എ. അമേരിക്കയുടെ ഐതിഹാസിക വിജയത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല ക്രിക്കറ്റ് ലോകം.
പാകിസ്താൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എ നിശ്ചിത 20 ഓവറിൽ 159 റൺസ് തന്നെ എടുത്തു. പിന്നീട് സൂപ്പർ ഓവറാണ് കളിയുടെ വിധി നിര്‍ണയിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക മുഹമ്മദ് ആമിറിന്റെ ഓവറിൽ അടിച്ചെടുത്തത് 18 റൺസ്. മറുപടി ബാറ്റിങ്ങിൽ സൗരഭ് നേത്രാവൽക്കറെന്ന ഇന്ത്യൻ വംശജന്റെ തീപ്പന്തുകൾക്ക് മുന്നിൽ പാക് പടക്ക് മുട്ടിടിച്ചു. വെറും 9 റൺസാണ് പാക് ബാറ്റർമാർക്ക് നേടാനായത്.
നിരവധി ഇന്ത്യൻ വംശജരടങ്ങിയ ടീമാണ് യു.എസ്സിന്റേത്. ക്യാപ്റ്റൻ മോണങ്ക് പട്ടേലടക്കം നാല് ഇന്ത്യക്കാർ. നിതീഷ് കുമാർ, ജസ്ദീപ് സിങ്, സൗരഭ് എന്നിവരാണ് മറ്റുള്ളവർ. ഇന്നലെ യു.എസ്സിന്റെ ഹീറോയായ സൗരഭ് നാലോവറിൽ വെറും 18 റൺസ് വഴങ്ങി മുഹമ്മദ് രിസ്വാനേയും ഇഫ്തിഖാർ അഹ്‌മദിനേയും കൂടാരം കയറ്റിയിരുന്നു. ഒപ്പം സൂപ്പർ ഓവറിൽ കളി പിടിക്കുകയും ചെയ്തു.
2010 ൽ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിൽ അംഗമായിരുന്നു മുംബൈക്കാരനായ ഈ ഇടങ്കയ്യൻ പേസർ. കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, ജയ്‌ദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, സന്ദീപ് ശർമ എന്നിവർക്കൊക്കെയൊപ്പം ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട് സൗരഭ് . അന്ന് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു താരം. മുംബൈക്കായി ഒരു രഞ്ജി മത്സരത്തിലും കളിച്ചിട്ടുണ്ട്. ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സൗരഭ്.
1991 ൽ മുംബൈയിൽ ജനിച്ച സൗരഭ് 2008 ലെ കൂച്ച് ബിഹാർ ട്രോഫിയിലൂടെയാണ് ക്രിക്കറ്റ് ലോകത്തേക്ക് തന്‍റെ വരവറിയിച്ചത്. അന്ന് ടൂര്‍ണമെന്‍റില്‍ ആറ് കളികളിൽ നിന്ന് 30 വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു .2009 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ത്രിരാഷ്ട്ര ടൂർണമെൻ്റിൽ എട്ട് വിക്കറ്റുമായി അദ്ദേഹം മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.
2015 ലാണ് സൗരഭ് യു.എസ്.എ യിലേക്ക് കുടിയേറിയത്. കുടിയേറ്റത്തിന് ശേഷം അമേരിക്കന്‍ ക്രിക്കറ്റില്‍ സജീവമായ സൗരഭ് പിന്നീട് യു.എസ്.ദേശീയ ടീമിലെ മിന്നും താരങ്ങളില്‍ ഒരാളായി മാറി. 2016 ൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ താരം പ്രമുഖ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയാണ്.
Adjust Story Font
16