Quantcast

സഞ്ജു ലോകകപ്പ് ടീമില്‍ വേണോ? ഞെട്ടിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സര്‍വേ ഫലം

ഏകദിനത്തിൽ 55.71 റൺ ആവറേജും 104 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ തഴഞ്ഞ് 25 റൺസില്‍ താഴെ മാത്രം ശരാശരിയുള്ള സൂര്യകുമാർ യാദവിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-12 02:47:15.0

Published:

12 Sep 2023 2:33 AM GMT

sanju samson,  wc squad ,star sports survey,world cup 2023, team india, indian squad
X

സഞ്ജു സാംസണ്‍

മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തിയ വാര്‍ത്തയായിരുന്നു, ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത്. മുന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം സഞ്ജുവിനെ ടീമിലെടുക്കാത്ത നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത് മുതൽ ഈ വിഷയത്തില്‍ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. സഞ്ജുവിനെ ടീമിലെടുക്കാതിരിക്കുകയും ഏകദിന കണക്കുകളില്‍ ഏറെ പിന്നിലുള്ള സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തുകയും ചെയ്തതെല്ല വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

ഏകദിനത്തിൽ 55.71 റൺ ആവറേജും 104 സ്ട്രൈക്ക് റേറ്റുമുള്ള താരമാണ് സഞ്ജു, എന്നാല്‍ സഞ്ജുവിനെ പുറത്തിരുത്തി 25 റൺസില്‍ താഴെ മാത്രം ശരാശരിയുള്ള സൂര്യകുമാർ യാദവിനെ എന്തടിസ്ഥാനത്തിലാണ് ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നും ക്രിക്കറ്റ് നിരീക്ഷകരുള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നു.

ഇതിനിടെ സഞ്ജു സാംസണിനെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ പരിഗണിക്കണമായിരുന്നോ എന്ന വിഷയത്തില്‍ പ്രമുഖ സ്പോര്‍ട്സ് ചാനല്‍ ഗ്രൂപ്പായ സ്റ്റാർ സ്പോർട്സ് നടത്തിയ സർവ്വേ വൈറലായിരിക്കുകയാണ്.

ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനിടെ നടത്തിയ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഈ അഭിപ്രായ സര്‍വേയില്‍ സഞ്ജുവിന് അനുകൂലമായാണ് വലിയൊരു വിഭാഗം ജനങ്ങളും പ്രതികരിച്ചിരിക്കുന്നത്. പോൾ ചെയ്യപ്പെട്ട വോട്ടുകളിൽ 76% ആളുകളും സഞ്ജുവിനെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് പ്രതികരിച്ചു. 24 ശതമാനം ആളുകൾ മാത്രമാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നില്ല എന്ന് കരുതുന്നത്.

എന്നാല്‍ സഞ്ജുവിനെ ഇനി ലോകകപ്പ് സ്ക്വാഡില്‍ പരിഗണിക്കാനുള്ള സാധ്യത വളരെ വിദൂരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കളിക്കുന്ന സഞ്ജുവിന് ഇനി ഇന്ത്യന്‍ സ്ക്വാഡിന്‍റെ ഭാഗമാകണമെങ്കില്‍ കെ.എൽ രാഹുലിനോ ഇഷാൻ കിഷനോ പരിക്ക് പറ്റണം. ഫോമിന്‍റെ കാര്യത്തിലും രാഹുലും ഇഷാനും നിലവില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ സഞ്ജുവിന് ലോകകപ്പ് സ്ക്വാഡില്‍ ഇടംപിടിക്കാൻ സാധിക്കൂ.

എന്നിരുന്നാലും സ്ക്വാഡിൽ റിസർവ് കളിക്കാരനായി സഞ്ജു എത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. നിലവിൽ ഇന്ത്യയുടെ നാലാം നമ്പർ ബാറ്ററായ ശ്രേയസ് അയ്യർ പരിക്കിന്‍റെ പിടിയിലാണ്. പുറംഭാഗത്ത് പരിക്കേറ്റ അയ്യർക്ക് കുറച്ചുനാൾ വിശ്രമം വേണ്ടി വന്നേക്കും. ലോകകപ്പ് സ്ക്വാഡിലുള്ള അയ്യര്‍ക്ക് ബാക്കപ്പായി അങ്ങനെയെങ്കില്‍ സഞ്ജു റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.

TAGS :

Next Story