Quantcast

സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന്; മൈതാനവും മനസ്സും കീഴടക്കി സിറാജ്

''ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്‍റ് ഇത്രയും വിജയകരമായി നടക്കില്ലായിരുന്നു''

MediaOne Logo

Web Desk

  • Updated:

    2023-09-17 15:37:52.0

Published:

17 Sep 2023 3:28 PM GMT

mohammed siraj
X

mohammed siraj

കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് സിറാജ് സൺഡേയായിരുന്നു. ഏഷ്യാ കപ്പില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടുമ്പോള്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ആറ് വിക്കറ്റുകളുമായി സിറാജാണ്. സിറാജ് എറിഞ്ഞ നാലാം ഓവറാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായത്. ആ ഓവറില്‍ നാല് ശ്രീലങ്കന്‍ ബാറ്റര്‍മാരാണ് കൂടാരം കയറിയത്.

ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് മത്സരത്തില്‍ സിറാജ് പിഴുതത്. ഏഷ്യാ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഒരോവറിൽ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ബോളറും സിറാജ് തന്നെ. കളിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് മത്സരശേഷം തനിക്ക് ലഭിച്ച സമ്മാനത്തുക പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ക്ക് സമ്മാനിച്ച് ആരാധകരുടെ മനസ്സും കീഴടക്കിയിരിക്കുകയാണിപ്പോള്‍. മാന്‍ ഓഫ് ദ മാച്ച് മാച്ച് പുരസ്കാരമായി തനിക്ക് ലഭിച്ച 5000 ഡോളറാണ് സിറാജ് ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചത്. ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്‍റ് വിജയകരമായി നടക്കില്ലായിരുന്നു എന്നും ഈ തുക അവര്‍ക്കുള്ളതാണെന്നും സിറാജ് സമ്മാനദാനച്ചടങ്ങിനിടെ പറഞ്ഞു.

പലപ്പോഴും മഴ രസംകൊല്ലിയായെത്തിയ ടൂര്‍ണമെന്‍റില്‍ ഗ്രൗണ്ട്‌ സ്റ്റാഫുകളുടെ സേവനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അവര്‍ക്കുള്ള ആദരമായാണ് സിറാജ് സമ്മാനത്തുക കൈമാറാനുള്ള തീരുമാനം അറിയിച്ചത്. നിരവധി പേരാണിപ്പോള്‍ സിറാജിന് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.

ഒരുപിടി റെക്കോര്‍ഡുകളാണ് ഏഷ്യാ കപ്പ് കലാശപ്പോരില്‍ പിറവിയെടുത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന ജയമാണിത്. 263 പന്ത് ബാക്കി നിൽക്കേയാണ് ഇന്ത്യ ജയം കുറിച്ചത്. 2001ൽ 231 പന്ത് ബാക്കി നിൽക്കേ കെനിയക്കെതിരെ നേടിയ വിജയത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഒപ്പം ഇന്ത്യയുടെ വിജയശില്‍പ്പിയായ സിറാജും ചരിത്രപുസ്തകത്തില്‍ തന്‍റെ പേരെഴുതിച്ചേര്‍ത്തു. ഒരോവറില്‍ നാല് വിക്കറ്റ് നേട്ടം കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് ആദ്യ ഓവർ മുതൽ തന്നെ തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിൽ ഓപ്പണർ കുശാൽ പെരേറയെ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ വരാനിരിക്കുന്ന വൻദുരന്തത്തിന്റെ സൂചന നൽകി. രണ്ടാം ഓവർ എറിയാനെത്തിയ സിറാജിന്റെ ഒരു പന്ത് പോലും റണ്ണിലേക്ക് പായിക്കാൻ ശ്രീലങ്കൻ ബാറ്റർമാർക്കായില്ല. ബുംറയുടെ മൂന്നാം ഓവറിൽ പിറന്നത് ഒരു റൺസ്. പിന്നീടാണ് സിറാജ് കൊടുങ്കാറ്റ് അവതരിച്ചത്.

നാലാം ഓവറിലെ ആദ്യ പന്തിൽ നിസംഗയെ സിറാജ് ജഡേജയുടെ കയ്യിലെത്തിച്ചു. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ അസലങ്കയെ ഇഷാൻ കിഷന്റെ കയ്യിലെത്തിച്ചു. അഞ്ചാം പന്തിൽ ബൗണ്ടറി പായിച്ച ദനഞ്ജയയെ ആറാം പന്തിൽ രാഹുലിന്റെ കയ്യിലെത്തിച്ച സിറാജ് ലങ്കയുടെ അടിവേരിളക്കി.

ബുംറയുടെ അടുത്ത ഓവർ മെയ്ഡിനിൽ കലാശിച്ചു. ആറാം ഓവർ എറിയാനെത്തിയ സിറാജ് നാലാം പന്തിൽ ദസൂൻ ശനകയുടെ കുറ്റി തെറിപ്പിച്ച് മൂന്നോവറിൽ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നീടൊക്കെ ചടങ്ങുകള്‍ മാത്രമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച കുശാല്‍ മെന്‍ഡിസിന്‍റെ മിഡില്‍ സ്റ്റമ്പ് 11 ാം ഓവറില്‍ സിറാജ് തെറിപ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കായി പന്തു കൊണ്ടും ബാറ്റ് കൊണ്ടും വിസ്മയം കാണിച്ച യുവതാരം വെല്ലലഗയെ 13 ാം ഓവറില്‍ പാണ്ഡ്യ രാഹുലിന്‍റെ കയ്യിലെത്തിച്ചു. പിന്നീട് പ്രമോദ് മദുശനെ കോഹ്‍ലിയുടേയും മതീഷ് പതിരാനയെ ഇഷാന്‍ കിഷന്‍റെയും കയ്യിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ ലങ്കാ ദഹനം പൂര്‍ത്തിയാക്കി.

TAGS :

Next Story