'സർഫറാസിന് മുന്നിൽ വലിയൊരു വെല്ലുവിളിയുണ്ട്'; തുറന്ന് പറഞ്ഞ് ഗാംഗുലി
'യശസ്വി ജയ്‌സ്വാൾ ഒരു മികച്ച കളിക്കാരനാണ്. എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ അവനൊരു അനിഷേധ്യ സാന്നിധ്യമാവും'
രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി ടെസ്റ്റ് പരമ്പരയിലെ രണ്ടാം വിജയം കുറിക്കുമ്പോൾ ഇന്ത്യൻ വിജയത്തിന്റെ നെടുതൂണുകളായത് രണ്ട് യുവതാരങ്ങളാണ്. 22 കാരൻ യശസ്വി ജയ്‌സ്വാളും 26 കാരൻ സർഫറാസ് ഖാനും. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയര്‍ത്തിയ 172 റൺസിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മുന്നില്‍ വലിയൊരു റണ്‍മല പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും യശസ്വി ജയ്‌സ്വാൾ ഇരട്ട ശതകം കുറിച്ചെങ്കിൽ രാജ്‌കോട്ട് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും അർധ ശതകം കുറിച്ച് സർഫറാസ് ഖാൻ ഏറെ കാത്തിരിപ്പുകൾക്ക് ശേഷമുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
ഇപ്പോഴിതാ ഈ മത്സരത്തിലെ ഗംഭീര പ്രകടനത്തിന് ഇരുവരേയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച സര്‍ഫറാസ് ഖാന് മുന്നില്‍ വലിയ ചില വെല്ലുവിളികളുണ്ട് എന്ന് ഗാംഗുലി പറഞ്ഞു.
'യശസ്വി ജയ്‌സ്വാൾ ഒരു മികച്ച കളിക്കാരനാണ്. എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ അവനൊരു അനിഷേധ്യ സാന്നിധ്യമാവും. സർഫറാസ് ഖാൻ തന്റെ കരിയർ ഒരു മികച്ച പ്രകടനത്തിലൂടെയാണ് തുടങ്ങിയത്. എന്നാൽ അവൻ അഭിമുഖീകരിക്കാൻ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി വിദേശത്തായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തെ സാഹചര്യങ്ങളിൽ അവൻ കളിച്ച് തെളിയിക്കേണ്ടി വരും. വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ഒരു മികച്ച മാതൃകയാണ് സർഫറാസ്. പ്രകടനത്തിൽ സ്ഥിരത തുടർന്നാൽ ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ അവന് കഴിയും'- ഗാംഗുലി പറഞ്ഞു.
രാജ്കോട്ട് ടെസ്റ്റില്‍ ഏകദിനശൈലിയിൽ ബാറ്റ് വീശിയ ജയ്‌സ്വാൾ 236 പന്തിൽ നിന്ന് 214 റൺസാണ് അടിച്ചെടുത്തത്. 12 സിക്‌സും 14 ഫോറുമടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിങ്‌സ്. 72 പന്തിൽ നിന്ന് 68 റൺസെടുത്ത് പുറത്താവാതെ നിന്ന സർഫറാസ് ആദ്യ ഇന്നിങ്‌സിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മൂന്ന് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിങ്‌സ്. ഇന്ത്യയുടെ വിജയത്തിന് ശേഷം ഇരുവരെയും വാനോളം പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി
Adjust Story Font
16