ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് കീഴടങ്ങി നെതര്‍ലാന്‍റ്സ്
പ്രോട്ടീസിന്‍റെ വിജയം നാല് വിക്കറ്റിന്
ന്യൂയോര്‍ക്ക്: അട്ടിമറികൾ തുടർക്കഥയായ ടി 20 ലോകകപ്പിൽ ഒരു പക്ഷേ ഒരിക്കൽ കൂടി ചരിത്രം പിറക്കുമായിരുന്നു. നെതർലാന്റ്‌സ് ബോളർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ ചൂളിപ്പോയ ദക്ഷിണാഫ്രിക്ക രക്ഷപ്പെട്ടത് കഷ്ടിച്ച്. നെതർലാന്‍റ്സ് ഉയർത്തിയ 104 റൺസ് വിജയ ലക്ഷ്യം മറി കടക്കാൻ 19ാം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു പ്രോട്ടീസിന്. അർധ സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ബാറ്റർമാരുടെ ശവപ്പറമ്പുകളായ അമേരിക്കൻ പിച്ചുകളിൽ ബോളർമാരുടെ മിന്നലാട്ടങ്ങൾ തുടർക്കഥയാവുകയാണ്. നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതർലാന്റ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഓട്‌നെയിൽ ബാർട്ട്മാന്റെ മികവിൽ നെതർലാന്‍റ്സിനെ പ്രോട്ടീസ് ചുരുട്ടിക്കെട്ടിയത് 103 റൺസിന്.
എന്നാൽ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിൽ തൊട്ടതെല്ലാം പിഴച്ചു. 12 റൺസ് എടുക്കുന്നതിനെ പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിലെ നാല് ബാറ്റർമാരാണ് കൂടാരം കയറിയത്. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്‌സും ചേർന്നാണ് പ്രോട്ടീസിനെ വിജയതീരമണച്ചത്. 51 പന്തിൽ 59 റൺസുമായി മില്ലർ പുറത്താവാതെ നിന്നു. 37 പന്തിൽ 33 റൺസായിരുന്നു സ്റ്റബ്‌സിന്റെ സമ്പാദ്യം
Adjust Story Font
16