Quantcast

അര്‍മാദം അര്‍മാഡ; യൂറോ കിരീടത്തില്‍ സ്പാനിഷ് മുത്തം

ഇംഗ്ലണ്ടിന്‍റെ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

MediaOne Logo

Web Desk

  • Updated:

    2024-07-14 21:28:48.0

Published:

14 July 2024 9:21 PM GMT

അര്‍മാദം അര്‍മാഡ; യൂറോ കിരീടത്തില്‍ സ്പാനിഷ്  മുത്തം
X

ബെര്‍ലിന്‍: യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും മൈക്കിൽ ഒയർസാബലുമാണ് സ്‌പെയിനായി വലകുലുക്കിയത്. കോൾ പാൽമറിന്റെ വകയായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ഗോൾ. ഈ സീസണിലുടനീളം സ്പാനിഷ് അർമാഡ നടത്തിയ അതിശയക്കുതിപ്പിന് അങ്ങനെ മനോഹരമായൊരന്ത്യം.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്ത് കൈവശം വച്ചും നിരന്തരം മുന്നേറ്റങ്ങളുമായും സ്പാനിഷ് സംഘം തന്നെയാണ് കളംപിടിച്ചത്. ഇരുവിങ്ങുകളിലൂമായി നിക്കോ വില്യംസും ലമീൻ യമാലും നടത്തിയ എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ ഇംഗ്ലീഷ് പ്രതിരോധത്തിൽ തട്ടി മടങ്ങി. ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്‌പെയിൻ വലകുലുക്കി.

47 ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ കുതിച്ച് കയറിയ ലാമിൻ യമാലിന്റെ പാസ് നിക്കോ വില്യംസ് ഒരിടങ്കാലനടിയിൽ വലയിലാക്കി. എന്നാൽ കളിയുടെ 73ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. പകരക്കാരനായെത്തിയ കോൾ പാൽമർ പോസ്റ്റിന്റെ 21 വാര അകലെ നിന്നടിച്ച കണ്ണഞ്ഞിപ്പിക്കുന്ന ഷോട്ട് ഗോള്‍വലയില്‍ തുളഞ്ഞു കയറി.

കളി സമനിലയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഒയർസാബൽ സ്‌പെയിനിന്റെ വിജയ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്ന് കുക്കുറേയ്യ നീട്ടി നൽകിയ പാസിനെ ശ്രമകരമായൊരു ആങ്കിളിൽ നിന്ന് പോസ്റ്റിലേക്ക് തിരിച്ച് വിട്ട ഒയർസാബൽ സ്പാനിഷ് സംഘത്തെ നാലാം കിരീടത്തിലേക്കാണ് നയിച്ചത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സീറോ ഡിഗ്രിയിൽ നിന്ന് ഒൽമോ നടത്തിയൊരു അതിശയ സേവും സ്പാനിഷ് അർമാഡയുടെ രക്ഷക്കെത്തി.

കളിയിലെ കണക്കുകളിൽ സ്‌പെയിൻ ബഹുദൂരം മുന്നിലായിരുന്നു. മത്സരത്തിൽ 66 ശതമാനം നേരവും പന്ത് കൈവശം വച്ചത് സ്‌പെയിനാണ്. കളിയിലുടനീളം 16 ഷോട്ടുകൾ സ്‌പെയിൻ ഉതിർത്തപ്പോൾ അതിൽ ആറെണ്ണം ഗോൾ വലയെ ലക്ഷ്യമാക്കിയെത്തി. ഒമ്പത് ഷോട്ടുകൾ ഇംഗ്ലീഷ് സംഘം ഉതിർത്തപ്പോൾ നാലെണ്ണമാണ് ഓണ്‍ ടാര്‍ജറ്റിലെത്തിയത്. യൂറോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ ് ഒരു ടീം നാല് തവണ കിരീടത്തില്‍ മുത്തമിടുന്നത്.

TAGS :

Next Story