Quantcast

കാറില്‍ കയറി ഫിനിഷിങ് പോയിന്‍റിലേക്ക്; ഒരു ഒളിമ്പിക്സ് ചതിയുടെ കഥ

ഒളിമ്പിക്‌സ് മാരത്തോണില്‍ ഒഫീഷ്യലുകളുടെ മുഴുവൻ കണ്ണുവെട്ടിച്ച് കിലോമീറ്ററുകളോളം കാറിൽ സഞ്ചരിച്ച് ഫിനിഷിങ് പോയിന്‍റിലെത്തിയ ലോര്‍സ്

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2024-08-11 11:36:25.0

Published:

11 Aug 2024 9:00 AM GMT

കാറില്‍ കയറി ഫിനിഷിങ് പോയിന്‍റിലേക്ക്; ഒരു ഒളിമ്പിക്സ് ചതിയുടെ കഥ
X

ഒരു ലോകോത്തര മാരത്തോൺ മത്സരത്തിൽ 14 കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ച് ഒരാൾ വിജയിയായെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതും ഒളിമ്പിക്‌സ് പോലൊരു വേദിയിൽ. കായിക ചരിത്രത്തിൽ കുപ്രസിദ്ധമായ നിരവധി ചതി പ്രയോഗങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഉത്തേജകമരുന്ന് ഉപയോഗം മുതൽ എതിരാളികളെ ട്രാക്കിൽ ചതിച്ച് വീഴ്ത്തൽ ഉൾപ്പെടെ അതിങ്ങനെ നീണ്ടു നീണ്ടു പോവും. എന്നാൽ ഒരു ഒളിമ്പിക്‌സ് വേദിയിൽ ഒഫീഷ്യലുകളുടെ മുഴുവൻ കണ്ണുവെട്ടിച്ച് കിലോമീറ്ററുകളോളം കാറിൽ സഞ്ചരിച്ച് ഒരാള്‍ വിജയിയാവുന്നു. ലോക കായികചരിത്രത്തില്‍ ഏറെ വിചിത്രമായൊരു സംഭവത്തിനാണ് 1904 ലെ സെന്റ് ലൂയീസ് ഒളിമ്പിക്‌സ് വേദിയായത്. അമേരിക്കൻ അത്‌ലറ്റായ ഫ്രെഡറിക് ലോർസാണ് ഈ കഥയിലെ നായകൻ. അല്ല, വില്ലൻ.

ഏറെ അപൂർവതകൾ നിറഞ്ഞൊരു മാരത്തോൺ മത്സരമായിരുന്നു സെന്റ് ലൂയിസിൽ അന്നരങ്ങേറിയത്. മത്സരത്തിൽ പങ്കെടുത്ത ഭൂരിഭാഗം അത്‌ലറ്റുകൾക്കും ദീർഘദൂര ഓട്ട മത്സരങ്ങളിൽ മുൻപരിചയമുണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, ആ മത്സരത്തിൽ പങ്കെടുത്ത രണ്ട് അത്‌ലറ്റുകൾ ഷൂ പോലും ധരിച്ചിരുന്നില്ല. അമേരിക്കയുടെ ഫ്രെഡറിക് ലോർസും അന്ന് സ്റ്റാർട്ടിങ് പോയിന്‍റിലുണ്ടായിരുന്നു. ആ മത്സരം ആരംഭിക്കും വരെ സെന്റ് ലൂയിസ് ഒളിമ്പിക്‌സ് പിൽക്കാലത്ത് അറിയപ്പെടാൻ പോവുന്നത് താനുണ്ടാക്കി വച്ചൊരു ചീത്തപ്പേരിന്റെ ഓർമകളിലായിരിക്കുമെന്ന് സ്വപ്‌നത്തിൽ പോലും അയാൾ കരുതിയിട്ടുണ്ടാവില്ല. ന്യൂയോർക്കിൽ കെട്ടിടനിർമാണത്തൊഴിലാളിയായിരുന്ന ലോർസ് രാത്രി സമയത്താണ് മാരത്തോണിനായുള്ള പരിശീലനം നടത്തിയിരുന്നത്. സെല്‍റ്റിക് പാര്‍ക്കില്‍ അരങ്ങേറിയ യോഗ്യതാ മത്സരത്തിൽ അഞ്ച് മൈല്‍ ദൂരം ഫിനിഷ് ചെയ്ത ആദ്യ എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് ലോർസ് ഒളിമ്പിക്സിന് ടിക്കറ്റെടുത്തത്.

ഏറെ പ്രതികൂലമായൊരു അന്തരീക്ഷത്തിലായിരുന്നു സെന്റ് ലൂയിസിൽ മാരത്തോൺ അരങ്ങേറിയത്. കടുത്ത ചൂട് മത്സരാർത്ഥികളെ ഏറെ തളർത്തി. മൺപാതയിലൂടെ സഞ്ചരിക്കേണ്ടതിനാൽ തന്നെ പൊടിപടലങ്ങൾ അവർക്ക് ശ്വാസതടസം പോലുമുണ്ടാക്കി. വഴിയിൽ വെള്ളം കുടിക്കാൻ ഒരേ ഒരേ ഒരു പോയിന്റ് മാത്രമാണുണ്ടായിരുന്നത്. അതാവട്ടെ സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ നിന്ന് 19 കിലോമീറ്ററിനപ്പുറത്തും. 32 മത്സരാർത്ഥികൾ പങ്കെടുത്ത മാരത്തോണിൽ 14 പേരാണ് 40 കിലോമീറ്റര്‍ താണ്ടി ഫിനിഷിങ് പോയിന്റിലെത്തിയത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഫ്രെഡറിക് ലോർസ് ഫിനിഷിങ് പോയിന്റിലേക്ക് ആദ്യം കിതച്ചോടിയെത്തി. തന്റെ എതിരാളികളെ എത്രയോ ദൂരം പിന്നിലാക്കിയായിരുന്നു അയാളുടെ കുതിപ്പ്. ശരീരത്തെ കീറിമുറിക്കുന്ന അന്തരീക്ഷമായിരുന്നു അതെന്ന് അയാൾ ചുറ്റും കൂടി നിന്നവരോട് വിളിച്ച് പറഞ്ഞു. കാണികള്‍ ലോര്‍സിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി

ഒടുവിൽ വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങിൽ മെഡൽ വാങ്ങാനായി അയാൾ അഭിമാനത്തോടെ പോഡിയത്തിൽ കയറി നിന്നു. അമേരിക്കൻ പ്രസിഡന്റ് തിയോഡർ റൂസ്‍വെല്‍റ്റിന്‍റെ മകൾ ആലീസ് റൂസ്‍വെല്‍റ്റ് വിജയികളെ മെഡലണിയിക്കാൻ ഒരുങ്ങവേ ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാൾ ലോര്‍സ് ചതിയനാണെന്ന് ആക്രോശിച്ചു മുന്നിലേക്ക് കടന്നു വന്നു. മാരത്തോണിലെ 14 കിലോമീറ്റർ ദൂരം ലോർസ് താണ്ടിയത് ഒരു കാറിലായിരുന്നു എന്നും ഫിനിഷിങ് ലൈനെത്തുന്നതിന് കിലോമീറ്ററുകൾക്ക് മുമ്പ് കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നെന്നും അയാൾ വിളിച്ച് പറഞ്ഞു. ചില ദൃക്‌സാക്ഷികൾ അയാളെ ശരിവച്ചു.

ഒടുവിൽ ലോർസിനെതിരെ നടന്ന അന്വേഷണത്തിൽ അയാൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. ലോർസിന് ഒളിമ്പിക്‌സ് കമ്മിറ്റി ആജീവനാന്ത വിലക്കേർപ്പെടുത്തി. ഇതോടെ മത്സരത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ തോമസ് ഹിക്‌സിനെ വിജയിയായി പ്രഖ്യാപിച്ചു. 3 മണിക്കൂറും 28 മിനിറ്റും 53 സെക്കന്റുമെടുത്താണ് ഹിക്‌സ് മാരത്തോൺ ഫിനിഷ് ചെയ്തത്.

കഥയിലെ വില്ലൻ ഫ്രെഡറിക് ലോർസ് ഒളിമ്പിക്‌സ് കമ്മറ്റിയോട് ക്ഷമാപണം നടത്തി ഒരു വർഷത്തിനിപ്പുറം ട്രാക്കിൽ തിരിച്ചെത്തി. 1905 ൽ അരങ്ങേറിയ ബോസ്റ്റൺ മാരത്തോണിൽ അയാൾ വെന്നിക്കൊടി പാറിച്ചു. ഇക്കുറി ഒരു കാറിന്റേയും സഹായമില്ലാതെയാണ് ലോർസ് ഫിനിഷിങ് ലൈൻ കടന്നത്. എന്നാല്‍ സെന്‍റ് ലൂയിസ് ഒളിമ്പിക്സ് അയാള്‍ നടത്തിയ തട്ടിപ്പിന്‍റെ പേരിലാണ് പിന്നെയെക്കാലവും ഓര്‍മിക്കപ്പെട്ടത്.

TAGS :

Next Story