Quantcast

'സ്കൈ' വീണ്ടും ഉയരത്തില്‍; സൂര്യകുമാറിന് പുതിയ റെക്കോര്‍ഡ്, മൂന്ന് ഫോര്‍മാറ്റിലും 30 കഴിഞ്ഞ് അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ താരം

നേരിട്ട ആദ്യ പന്ത് സിക്സറിന് തൂക്കിയാണ് സൂര്യകുമാര്‍ തന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരം തുടങ്ങിയത്. അവിടുന്നങ്ങോട്ട് സൂര്യകുമാര്‍ യാദവ് എന്ന ഫയര്‍ ബ്രാന്‍ഡ് അതിവേഗം ആരാധകരുടെ ഇടയിലേക്ക് പടര്‍ന്നിറങ്ങി.

MediaOne Logo

Web Desk

  • Published:

    9 Feb 2023 1:12 PM GMT

suryakumar yadav,india,team india,indian cricket,surya
X

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടെസ്റ്റ് ജഴ്സിയില്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ദേശീയ ജഴ്സി അണിയാന്‍ സാധിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. താരങ്ങള്‍ തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന മുപ്പതുകളില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം. കൃത്യമായി പറഞ്ഞാല്‍ 30 വയസും 181 ദിവസവും ഉള്ളപ്പോഴാണ് സൂര്യകുമാര്‍ ആദ്യമായി ഇന്ത്യന്‍ ടി20 ടീമില്‍ ഇടംപിടിക്കുന്നത്. വൈകിയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് സൂര്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇതുവരെ തന്നെ പരിഗണിക്കാതിരുന്നവര്‍ക്കുള്ള മറുപടിയായിരുന്നു സൂര്യകുമാറിന്‍റെ അന്താരാഷ്ട്ര കരിയര്‍. നേരിട്ട ആദ്യ പന്ത് സിക്സറിന് തൂക്കിയാണ് സൂര്യകുമാര്‍ തന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരം തുടങ്ങിയത്. അവിടുന്നങ്ങോട്ട് സൂര്യകുമാര്‍ യാദവ് എന്ന ഫയര്‍ ബ്രാന്‍ഡ് അതിവേഗം ആരാധകരുടെ ഇടയിലേക്ക് പടര്‍ന്നിറങ്ങി.'സ്കൈ' എന്ന വിളിപ്പേരും സൂര്യകുമാറിന് വീണു. ചുരുങ്ങിയ സമയം കൊണ്ട് ടി20യില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനവും സൂര്യ കൊണ്ടുപോയി.


ടി20യിലെ പ്രകടനം പിന്നീട് ഏകദിന ടീമിലേക്കും സൂര്യയെ തെരഞ്ഞെടുക്കാന്‍ ഇടയായി. അവിടെയും സൂര്യ തന്‍റെ പ്രകടനം കൊണ്ട് ഞെട്ടിച്ചു. വൈകി അരങ്ങേറിയിട്ടും കിട്ടിയ അവസരങ്ങളെല്ലാം സൂര്യകുമാര്‍ മുതലാക്കി. ഒടുവില്‍ ടെസ്റ്റ് ടീമിലേക്കും സൂര്യകുമാര്‍ എന്ന 360 ബാറ്ററെ പരിഗണിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലാണ് സൂര്യകുമാര്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്.

അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ ഒരപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരില്‍ക്കുറിച്ചാണ് സൂര്യകുമാര്‍ തന്‍റെ റെഡ് ബോള്‍ ക്രിക്കറ്റ് കരിയറിന് തുടക്കമിടുന്നത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സൂര്യകുമാറിന്‍റെ പേരില്‍ പുതുതായി എഴുതപ്പെട്ടത്.

മുപ്പത് വയസിന് ശേഷം അരങ്ങേറ്റം നടത്തിയ ഒരിന്ത്യന്‍ താരം മൂന്ന് ഫോര്‍മാറ്റുകളിലും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ അയാളുടെ പ്രതിഭ എത്രത്തോളമുണ്ടായിരിക്കും...?!. മുപ്പത് വയസുവരെ തന്‍റെ പ്രകടനത്തെ കണ്ടില്ലെന്ന് നടിച്ചവര്‍ക്കുള്ള വളരെ സുന്ദരമായ മറുപടിയാണ് സൂര്യകുമാര്‍ ഓരോദിവസവും തന്‍റെ പ്രകടനത്തിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ടി20 അരങ്ങേറ്റം

30 വയസും 181 ദിവസവുമുള്ളപ്പോഴാണ് സൂര്യകുമാര്‍ യാദവ് ക്രിക്കറ്റിന്‍റെ ടി20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഏകദിന അരങ്ങേറ്റം

30 വയസും 307 ദിവസവുമുള്ളപ്പോഴാണ് സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ടെസ്റ്റ് അരങ്ങേറ്റം

32 വയസും 148 ദിവസവുമുള്ളപ്പോഴാണ് സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.





TAGS :

Next Story