കളിമണ്‍ കോര്‍ട്ടില്‍ റാഫ വീണു; ദ്യോകോവിച്ച് ഫൈനലില്‍
കളിമൺ കോർട്ടിലെ രാജാവിനെ വീഴ്ത്തി നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍
കളിമൺ കോർട്ടിന്‍റെ രാജാവെന്ന് അറിയപ്പെടുന്ന റാഫേൽ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. നാല് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ നദാലിനെ 3-6, 6-3, 7-6, 6-2 എന്ന സ്കോറിന് തകര്‍ത്താണ് ദ്യോകോവിച്ച് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഇതോടെ 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള നദാലിനെ റൊളാൻഡ് ഗാരോസിൽ രണ്ട് വട്ടം തോൽപിക്കുന്ന ആദ്യ താരമെന്ന നേട്ടവും ലോക ഒന്നാം നമ്പർ താരമായ ദ്യോകോവിച് സ്വന്തമാക്കി.
2005ൽ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച നദാല്‍ കളിമൺ കോർട്ടില്‍ കളിച്ച 108 മത്സരങ്ങളില്‍ ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അതില്‍ രണ്ട് തവണയും നദാലെന്ന അതികായനെ വീഴ്ത്തിയത് ദ്യോകോവിച് ആണ്. 2015 ഫ്രഞ്ച് ഓപൺ ക്വാർട്ടറിലായിരുന്നു കളിമൺ കോർട്ടിൽ ദ്യോകോ ആദ്യം നദാലിനെ തോൽപിച്ചത്. അതിന് ശേഷം അവസാനം നടന്ന നാല് ഗ്രാൻഡ്സ്ലാമിലും തോല്‍വി അറിയാതെയാണ് നദാല്‍ കിരീടം ചൂടിയത്. ആദ്യ സെറ്റ് വിജയിച്ച ശേഷം നദാൽ റൊളാൻഡ് ഗാരോസിൽ ആദ്യമായി ഒരു മത്സരം തോൽക്കുന്നതെന്ന അപൂര്‍വതക്കും ഫ്രഞ്ച് ഓപ്പണ്‍ സെമി സാക്ഷിയായി.
ദ്യോകോവിച് ഇത് അഞ്ചാം തവണയാണ് ഫ്രഞ്ച് ഓപൺ ഫൈനലിലെത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗ്രീസിന്‍റെ സ്റ്റിഫാനോസ് സിറ്റ്സിപാസാണ് ദ്യോകോയുടെ എതിരാളി. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ചാണ് സിറ്റ്സിപാസ് ഫൈനൽ യോഗ്യത നേടിയത്. നേരത്തെ വിമ്പിൾഡണിൽ 21-ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന സ്വപ്നവുമായെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്‍റിനിടെ പിന്മാറിയിരുന്നു. വലത് കാല്‍മുട്ടിന് കഴിഞ്ഞ വര്‍ഷം ഫെഡറര്‍ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. ഇതിന് പിന്നാലെ ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ കാലിനുണ്ടാകുന്ന പ്രശ്നം ഫെഡററെ വലക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാം റൌണ്ട് മത്സരം കഴിഞ്ഞതിന് പിന്നാലെ ഫെഡറര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറുന്ന കാര്യം അറിയിച്ചത്.
Adjust Story Font
16