യു.എസ് ഓപണിൽ അടിപതറി വമ്പന്മാർ; റാഫയ്ക്ക് ടിയാഫോ ഷോക്ക്, മെദ്‌വദേവും നിരാശയോടെ പുറത്ത്
2021 ഫ്രഞ്ച് ഓപണിൽ ജോക്കോവിച്ചിനോട് കീഴടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരു സുപ്രധാന ടൂർണമെന്റിൽ നദാലിന് അടിതെറ്റുന്നത്
ന്യൂയോർക്ക്: യു.എസ് ഓപണിൽ അടിപതറി കൊലകൊമ്പന്മാർ. ത്രില്ലർ പോരാട്ടത്തിൽ ഇതിഹാസ താരം റാഫേൽ നദാലിനെ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ കീഴടക്കിയപ്പോൾ നിലവിലെ ചാംപ്യൻ ദാനിൽ മെദ്‌വദേവിനെ ഞെട്ടിച്ചിരിക്കുന്നത് ആസ്‌ട്രേലിയൻ താരം നിക് കിർഗിയോസാണ്.
2022ൽ നദാലിന്റെ അപരാജിത ഗ്രാൻഡ് സ്ലാം കുതിപ്പിനു കൂടിയാണ് ഫ്രാൻസിസ് ടിയാഫോ അന്ത്യംകുറിച്ചിരിക്കുന്നത്. ആർതർ ആഷെ സ്‌റ്റേഡിയത്തിൽ നടന്ന മത്സരം നാല് സെറ്റ് വരെ നീണ്ടു. ഒടുവിൽ അവസാന ഗെയിം പിടിച്ചെടുത്ത് നദാലിന്റെ റെക്കോർഡ് നേട്ടമോഹങ്ങൾ ടിയാഫോ അവസാനിപ്പിച്ചു. സ്‌കോർ 6-4, 4-6, 6-4, 6-3.
ഗ്രാൻഡ്സ്ലാം പോരാട്ടത്തിൽ നൊവാക് ജോക്കോവിച്ചിനുശേഷം നദാലിനെ കീഴടക്കുന്ന ആദ്യ താരവുമായിരിക്കുകയാണ് ഫ്രാൻസിസ് ടിയാഫോ. 2021ൽ ഫ്രഞ്ച് ഓപണിലാണ് ജോക്കോവിച്ച് നദാലിന്റെ അപരാജിതമുന്നേറ്റം തടഞ്ഞത്. 23-ാം ഗ്രാൻഡ്സ്ലാം കിരീടനേട്ടമെന്ന നദാലിന്റെ മോഹങ്ങൾക്കും ടിയാഫോ അന്ത്യംകുറിച്ചു. ഈ കലണ്ടർ വർഷത്തിൽ ഗ്രാൻഡ്സ്ലാമിൽ 22-0 എന്ന നിലയിൽ കുതിപ്പ് തുടരുകയായിരുന്നു നദാൽ.
മറ്റൊരു മത്സരത്തിൽ ലോക ഒന്നാം നമ്പർ പുരുഷ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവ് പ്രീ ക്വാർട്ടറിലാണ് പുറത്തായത്. നാല് സെറ്റിലേക്ക് നീണ്ട പോരാട്ടത്തിൽ ആസ്‌ത്രേലിയയുടെ നിക് കിർഗിയോസിനോട് മേദ്‌വദേവ് അടിയറവ് പറയുകയായിരുന്നു. ഇതോടെ കിരീടം നിലനിർത്താനാകാതെ മെദ്‌വദേവ് നാട്ടിലേക്ക് മടങ്ങി. കിർഗിയോസ് ക്വാർട്ടറിലേക്കും കടന്നുകയറി. സ്‌കോർ 7-6, 3-6, 6-3, 6-2.
വനിതാ സിംഗിൾസിൽ അമേരിക്കൻ കൗമാരതാരം കോക ഗൗഫും ക്വാർട്ടറിലെത്തി. ചൈനയുടെ സാങ് ഷിയുയിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് കോകയുടെ മുന്നേറ്റം. കരിയറിൽ ആദ്യമായാണ് കോക യു.എസ് ഓപ്പൺ ക്വാർട്ടർ കളിക്കുന്നത്.
Summary: Rafael Nadal dumped out of US Open by US star Frances Tiafoe, and Nick Kyrgios stunned defending champion Daniil Medvedev to reach the quarter-finals
Adjust Story Font
16